തിരുവനന്തപുരം: ക്വാറന്റൈൻ സൗകര്യങ്ങൾക്കുള്ള ചെലവ് പ്രവാസികൾ സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്തെ മദ്യവില്പന ശാലകൾ തുറക്കാൻ കാട്ടുന്ന ആത്മാർത്ഥത പോലും മുഖ്യമന്ത്റി പ്രവാസികളോട് കാണിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. രണ്ടര ലക്ഷം ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മടങ്ങിവരുന്ന പ്രവാസികൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും പറഞ്ഞ മുഖ്യമന്ത്റിയാണ് പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വന്തമായി വഹിക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവരാണ് പ്രവാസികളിൽ മഹാഭൂരിപക്ഷവും. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്നും അവരുടെ വിയർപ്പിന്റെ കാശിലാണ് നാം കഞ്ഞികുടിച്ചതെന്നും മുഖ്യമന്ത്റി പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു. പ്രവാസികളോട് ഒരു കരുണയുമില്ലാത്തതിനാലാണ് മുഖ്യമന്ത്റി ഇപ്പോൾ ഇത്തരമൊരു തീരുമാനം എടുത്തത്. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും കരുതലാവാൻ സംസ്ഥാന സർക്കാരിനായില്ല. പ്രവാസികളോടുള്ള സ്‌നേഹം വാക്കുകളിൽ മാത്രം മുഖ്യമന്ത്റി ഒതുക്കി.
വാക്കും പ്രവൃത്തിയും തമ്മിൽ ഒരു പൊരുത്തവുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് പിണറായി സർക്കാർ. അതിന് മറ്റൊരുദാഹരണമാണ് മദ്യോപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം മദ്യലഭ്യത യഥേഷ്ടം ഉറപ്പുവരുത്തിയത്. കൊവിഡിന്റെ മറവിൽ പണം പിരിക്കാനുള്ള ശ്രമങ്ങളാണ് ബാറുകൾ വഴി കൗണ്ടർ പാഴ്സൽ മദ്യവില്പനയും ബെവ് ക്യൂ ആപ് സംവിധാനവുമെല്ലാം. പണം സംമ്പാദിക്കുന്ന മാർഗം മാത്റം തെരയുന്ന പിണറായി സർക്കാരിൽ നിന്നും പ്രവാസി സമൂഹം മനുഷ്യത്വം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരിൽനിന്നും ക്വാറന്റൈൻ ചെലവ് ഇടാക്കുമെന്ന പ്റഖ്യാപനം മുഖ്യമന്ത്റി ഇന്ന് തിരുത്തി.യിരുന്നു . പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാൻ കഴിയുന്നവരിൽ നിന്നുമാത്രം അത് ഈടാക്കുമെന്നും മുഖ്യമന്ത്റി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരടക്കം എല്ലാവരും ഇനി മുതൽ ക്വാറന്റൈൻ ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്റി പറഞ്ഞത്.