kps-oli-

ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടമിറക്കാനുള്ള നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. പുതിയ ഭൂപടമിറക്കാനുള്ള നടപടികൾ നേപ്പാൾ താത്കാലികമായി നിറുത്തിവച്ചു. കെ.പി ഒലിയുടെ നീക്കത്തിനെതിരെ നേപ്പാളിലെ വിവിധ പാർട്ടികൾ തന്നെ എതിർപ്പുമായി രംഗത്തെത്തിയതിനെതുടർന്നാണ് നടപടികൾ നിറുത്തിവച്ചത്. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നാണ് നേപ്പാളിൽ നിന്ന് തന്നെ ഉയരുന്ന ആരോപണം.

ഭൂപടത്തിനായി ഭരണഘടനാ ഭേദഗതി വരുത്താനുള്ള കെ.പി ഒലിയുടെ ശ്രമങ്ങൾക്കാണ് ഇതോടെ തിരിച്ചടിയായത്.ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ ഭൂപടം പുറത്തിറക്കിയത്. ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് നേപ്പാൾ ഭൂപടം പുറത്തിറക്കിയിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടി ഇന്ത്യയും രംഗത്തെത്തിയിരുന്നു.