ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്റിയായിരുന്ന ജയലളിതയുടെ സ്വത്തുവകകൾക്ക് നിയമപ്റകാരമുള്ള അവകാശികൾ അനന്തരവൻ ജെ.ദീപക്കും അനന്തരവൾ ജെ.ദീപയുമാണെന്ന് മദ്റാസ് ഹൈക്കോടതി. ഈ അവകാശികളുടെ സമ്മതമില്ലാതെ ജയലളിതയുടെ വേദനിലയം ബംഗ്ലാവ് സ്വന്തമാക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും കോടതി പ്റഖ്യാപിച്ചു. പോയസ് ഗാർഡനിലെ വേദ നിലയത്തെ 'അമ്മ സ്മാരകമാക്കി' മാറ്റാനായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം. ഇപ്പോൾ പുറത്തുവന്ന കോടതി വിധി സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് എൻ.കൃപാകരൻ, ജസ്റ്റിസ് അബ്ദുൽ ഖുദ്ദോസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
സ്വത്തുക്കളുടെ അഡ്മിനിസ്ട്റേറ്ററായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എ.ഐ.എ.ഡി.എം.കെ പ്റവർത്തകൻ കെ.പുകഴേന്തി സമർപ്പിച്ച മറ്റൊരു അപേക്ഷയും കോടതി തള്ളി. തമിഴ്‌നാട് മുഖ്യമന്ത്റിമാർക്ക് അഞ്ച് പതിറ്റാണ്ടിലേറെയായി ഔദ്യോഗിക വസതിയില്ല.മെയ് 22 ന് സംസ്ഥാന സർക്കാർ വേദനിലയം താത്ക്കാലികമായി കൈവശപ്പെടുത്താനുള്ള ഓർഡിനൻസ് പ്റഖ്യാപിച്ചിരുന്നു. വേദ നിലയത്തെ സ്മാരകമായി മാറ്റുന്നതിനുള്ള ദീർഘകാല ക്റമീകരണങ്ങൾക്കായി പുരട്ച്ചി തലൈവി ഡോ.ജെ.ജയലളിത മെമ്മോറിയൽ ഫൗണ്ടേഷൻ സ്ഥാപിക്കാനും ഓർഡിനൻസിലൂടെ ഉദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് തങ്ങളെ സ്വത്തുക്കളുടെ അവകാശികളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദീപയും ദീപക്കും നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.