കൊൽക്കത്ത : സംസ്ഥാനത്തെ മുൻകൂട്ടി അറിയിക്കാതെ ബംഗാളിലേക്ക് റെയിൽവേ പ്രത്യേക ട്രെയിനുകൾ അയയ്ക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി.
കൊവിഡ് വ്യാപിക്കുന്നത് തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്ന് മമത പറയുന്നു. മഹാരാഷ്ട്രയിൽനിന്ന് പശ്ചിമ ബംഗാളിലേക്ക് കൊവിഡ് വൈറസ് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് റെയിൽവേയുടേത്. ഇതിന് പിന്നിൽ രാഷ്ട്രീയക്കളിയാണ്. വിഷയത്തിൽ പ്രധാനമന്ത്റി നരേന്ദ്ര മോദി ഇടപെടണമെന്നും മമത ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 225 ട്രെയിനുകൾ പശ്ചിമ ബംഗാളിലേക്ക് സർവീസ് നടത്താനിരിക്കെയാണ് മമതയുടെ വിമർശനം. ഇതിൽ 41 ട്രെയിനുകൾ മഹാരാഷ്ട്രയിൽ നിന്നാണ്. രണ്ടു ലക്ഷം കുടിയേറ്റ തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയരാക്കുന്നത് ദുഷ്കരമാണ്. പ്രത്യേക ട്രെയിനുകളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാനങ്ങൾ ആണെങ്കിലും അവയിൽ സാമൂഹ്യ അകലം റെയിൽവേ ഉറപ്പാക്കുന്നില്ലെന്നും മമത ആരോപിച്ചു.