ന്യൂഡൽഹി: കൊവിഡ് വൈറസ് 2021 വരെ നിലനിൽക്കുമെന്നും അതിന്റെ വ്യാപനം തടയാൻ റാപ്പിഡ് ടെസ്റ്റുകൾ കൊണ്ടുമാത്രമേ കഴിയൂവെന്നും ആരോഗ്യ വിദഗ്ദ്ധർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുളള ആശയവിനിമയത്തിനിടെയാണ് ആരോഗ്യ വിദഗ്‌ധരും പ്രൊഫസർമാരുമായ ആശിഷ് ഷായും ജൊഹാൻ ഗിയേസ്കിയും ഇക്കാര്യം പറഞ്ഞത്.
ഒരു വർഷത്തിനുള്ളിൽ വൈറസിനെ പ്രതിരോധിക്കാനുളള വാക്സിൻ കണ്ടെത്താനാവുമെന്ന ആത്മവിശ്വാസം ഷാ പ്രകടിപ്പിച്ചു. അതേസമയം, ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ കഴിയുന്നത്ര ലഘൂകരിക്കണമെന്നും കടുത്ത നിയന്ത്രണങ്ങളോടെയുളള ലോക്ക്ഡൗൺ സാമ്പത്തിക മേഖലയെ തകർച്ചയിലേക്ക് നയിക്കുമെന്നും പ്രൊഫ.ഗിയേസ്കി അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 6,387 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 1,51,767 കേസുകളിൽ 64,425 പേർ രോഗമുക്തി നേടി. 4,337 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.