തിരുവനന്തപുരം : ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ അഞ്ജന ഹരീഷിന്റെ അമ്മ മിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കി. അഞ്ജനയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു പരാതി. ബലാത്സംഗം, ലൈംഗിക ചൂഷണം ഉൾപ്പെടെ നിരവധി ക്രൂരകൃത്യങ്ങൾക്കിരയായാണ് അഞ്ജന മരിച്ചതെന്ന് സംശയിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യയാണെങ്കിൽ അതിലേക്കു നയിച്ച കാരണങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ സഹായിക്കണമെന്നും മിനി അഭ്യർത്ഥിച്ചു.
സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരുമായ ആളുകളും മയക്കുമരുന്നു മാഫിയകളും അഞ്ജനയുടെ മരണത്തിനു പിന്നിലുള്ളതായി സംശയിക്കുന്നുവെന്ന് പരാതിയിലുണ്ട്. ഗോവ, കേരള മുഖ്യമന്ത്രിമാർക്കും ദേശീയ, സംസ്ഥാന വനിത കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. അഞ്ജനയുടെ ഒപ്പമുണ്ടായിരുന്ന 13 പേരുടെ വിവരങ്ങളും പരാതിയിലുണ്ട്. ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് അഞ്ജനയെ മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് അടുപ്പിച്ചതെന്നും അവളെ ലൈംഗിക ചൂഷണത്തിനിരയാക്കി കൊന്നതാണെന്നും അമ്മ പരാതിപ്പെടുന്നു.