പാട്ന: അമ്മ മരിച്ചതറിയാതെ മൃതദേഹം മൂടിയ തുണി പിടിച്ച് വലിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിന്റെ രൂപം ആരുടെയും കരളുരുക്കുന്നതായിരുന്നു. ബിഹാറിലെ മുസഫർപൂർ റെയിൽവേ സ്റ്റേഷനിലാണ് നെഞ്ചുപിളർക്കുന്ന കാഴ്ച. സമൂഹ മാദ്ധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതോടെയാണ് ഇത് പുറംലോകമറിഞ്ഞത്.
കടുത്ത ചൂടും വിശപ്പും ദാഹവും സഹിക്കാനാവാതെയാണ് ആ അമ്മ മരണത്തെ പുൽകിയത്. തിങ്കളാഴ്ചയാണ് പ്രത്യേക ട്രെയിനിൽ 23കാരിയായ അമ്മയും കുഞ്ഞും ഈ സ്റ്റേഷനിലെത്തിയത്. യാത്രയിൽ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചയാണ് ഗുജറാത്തിൽ നിന്ന് അവർ ട്രെയിനിൽ കയറിയത്. തിങ്കളാഴ്ച മുസഫർപൂരിലെത്തിയതോടെ കുഴഞ്ഞുവീഴുകയായിരുന്നു. ആരൊക്കെയോ ചേർന്ന് മൃതദേഹം പ്ലാറ്റ്ഫോമിലേക്ക് കിടത്തി. ഒരു തുണികൊണ്ട് മൂടി. അവരുടെ കുഞ്ഞുമകൻ അപ്പോഴും അരികിലിരുന്ന് കളിക്കുകയായിരുന്നു. വിശന്നപ്പോൾ അവൻ അമ്മയെ ഉണർത്താൻ ശ്രമിച്ചു. ഉറക്കെ കരഞ്ഞു. പക്ഷേ, അമ്മ ഉണർന്നില്ല. ഒടുവിൽ ഒരാൾ കുട്ടിയെ മൃതദേഹത്തിനടുത്ത് നിന്ന് മാറ്റുന്നത് വരെ അവൻ അമ്മേ എഴുന്നേൽക്കൂ എന്ന് വിലപിച്ചുകൊണ്ടിരുന്നു.
സഹോദരിക്കും ഭർത്താവിനും മക്കൾക്കുമൊപ്പം കൈതാറിലേക്കാണ് ഇവർ യാത്ര ചെയ്തിരുന്നത്.
ദിവസങ്ങൾക്കു മുമ്പും ഇതേ സ്റ്റേഷനിൽ രണ്ടുവയസുള്ള കുഞ്ഞ് ഭക്ഷണവും വെള്ളവും കിട്ടാതെ കൊടുംചൂട് അതിജീവിക്കാനാവാതെ മരിച്ചിരുന്നു. ഞായറാഴ്ചയാണ് ആ കുട്ടിയുടെ കുടുംബം സ്റ്റേഷനിൽ വന്നിറങ്ങിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇത്തരത്തിൽ നിരവധി അന്തർസംസ്ഥാന തൊഴിലാളികളാണ് ദാരുണമായി മരിക്കുന്നത്.