beverages

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ ഒമ്പത് മുതൽ മദ്യവിൽപ്പന പുനരാരംഭിക്കും. ബെവ്ക്യൂ വഴി ബുക്കിംഗ് പുരോഗമിക്കുന്നു. 235000 പേർ ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തു. ആപ്പിലൂടെമാത്രമുള്ള ബുക്കിംഗ് ഒരുലക്ഷം കടന്നു. ഒരു സമയം ക്യൂവില്‍ അഞ്ചുപേരെ മാത്രമെ അനുവദിക്കൂ. ടോക്കണ്‍ ഇല്ലാത്തവര്‍ എത്തിയാല്‍ കേസെടുക്കും.

വാങ്ങാനെത്തുന്നവർക്കു തെർമൽ സ്കാനിംഗ് ഉണ്ട്. ഇന്ന് മുതൽ 877 ഇടങ്ങളിലാണ് മദ്യവിതരണം. ബെവ്‌കോയുടെ 301 ഔട്ട്‌ലെറ്റുകളിലും 576 ബാറുകളിലുമാണ് വില്പന. 291 ബിയര്‍ വൈന്‍ പാര്‍ലറുകളിൽ ബിയറും വൈനും ലഭിക്കും. ബെവ്കോ, കൺസ്യൂമർഫെഡ് വിൽപന കേന്ദ്രങ്ങളിലും ബാറുകളിലും മദ്യത്തിന് ഒരേ വിലയായിരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു.

ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 24 നു പൂട്ടിയ മദ്യക്കടകളാണ് ഇന്നു വീണ്ടും തുറക്കുന്നത്. ഇന്നലെ വൈകിട്ട് 7 മുതൽ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഉച്ചയ്ക്ക് 2ന് ആപ്പിന്റെ ട്രയൽറൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വെർച്വൽക്യൂ ഒരുക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഓരോ ബുക്കിംഗിനും 50 പൈസ വീതം ബെവ്കോ ഈടാക്കും. കൺസ്യൂമർഫെഡ് ഉൾപ്പടെ മദ്യം വിൽക്കുന്ന സ്ഥാപനങ്ങൾ ഈ തുക ബെവ്കോയ്ക്ക് നൽകണം. ഉപഭോക്താക്കൾക്ക് ബുക്കിംഗ് ചാർജില്ല.