പ്രകൃതിദുരന്തങ്ങളും നിപ്പയും കൊവിഡും പോലുള്ള മഹാമാരികളുമെല്ലാം സൃഷ്ടിച്ച പ്രതിസന്ധികൾക്ക് നടുവിൽ പിണറായിസർക്കാർ നാല് വർഷം പൂർത്തിയാക്കുമ്പോൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേരളകൗമുദിയോട്:
? എങ്ങനെ വിലയിരുത്തുന്നു...
- ഈ സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ ദുരന്തങ്ങളുണ്ടായത്. ദുരന്തത്തെ എങ്ങനെ നേരിടുന്നു, അത് കഴിഞ്ഞുള്ള ഘട്ടത്തിൽ സാധാരണജനജീവിതം ഉറപ്പാക്കൽ നടപടികൾ എന്നിവ പരിശോധിച്ചാണ് സർക്കാരിനെ വിലയിരുത്തേണ്ടത്. അങ്ങനെ നോക്കിയാൽ നാല് ദുരന്തഘട്ടങ്ങളിലും സർക്കാർ വലിയ പരാജയമാണ്. കൊവിഡ്, നിപ്പ നിയന്ത്രണത്തിൽ വിജയകരമായി മുന്നോട്ട് പോകാനായത് ജനങ്ങളുടെ ഉയർന്ന സാക്ഷരതാബോധവും പൊതുജനാരോഗ്യത്തെപ്പറ്റിയുള്ള ബോധവും വ്യക്തിശുദ്ധിയും പരിസരശുദ്ധിയുമെല്ലാം കൊണ്ടാണ്. പ്രതിസന്ധിയുണ്ടായപ്പോൾ ഒരുമിച്ച് നിൽക്കുകയെന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. പകുതിയോളം പഞ്ചായത്തുകൾ യു.ഡി.എഫ് ഭരണത്തിലാണ്. പ്രതിപക്ഷ എം.എൽ.എമാരെല്ലാം സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. അടുത്ത പ്രളയത്തെപ്പറ്റിയുള്ള ആശങ്കയിലാണിന്ന് ജനം. ആദ്യത്തെ ദുരന്തത്തിൽ നിന്ന് പാഠമുൾക്കൊണ്ട് കാര്യങ്ങൾ നീക്കുന്നതിൽ പരാജയപ്പെട്ടതിനാൽ രണ്ടാം പ്രളയമുണ്ടായി. റീബിൽഡ് കേരളയ്ക്ക് ലോകബാങ്ക് സഹായം പോലും ഫലപ്രദമായി വിനിയോഗിക്കാനായില്ല. ഉണ്ടായ പ്രതിസന്ധികളെ നേരിടുന്നതിൽ സർക്കാരിന് കാഴ്ചപ്പാടില്ല, ദീർഘവീക്ഷണില്ല, പ്രവർത്തികൾ നടപ്പാക്കാനുള്ള ആത്മാർത്ഥയില്ല.
? ഏത് ദുരന്തമുഖത്തും ഭരണസംവിധാനത്തിന്റെ ക്രൈസിസ് മാനേജ്മെന്റ് പ്രധാനമല്ലേ, അത് കൊവിഡ് പ്രതിരോധകാര്യത്തിൽ അംഗീകരിക്കേണ്ടേ?
- ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാകുമായിരുന്നു. ഗൾഫ്നാടുകളിലുള്ളവരുടെയും മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്നവരുടെയുമെല്ലാം ആർത്തനാദങ്ങളാണ് നമ്മുടെ മുന്നിലിപ്പോൾ. അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിളിച്ചുപറയുമ്പോൾ നമ്മൾ നിസ്സഹായരാണ്. അവരെ തിരിച്ചെത്തിക്കാനുള്ള സംവിധാനം നേരത്തേ ചെയ്യേണ്ടതായിരുന്നു. ഇപ്പോൾ ഹോട്ട്സ്പോട്ടിൽ നിന്ന് കൊണ്ടുവരേണ്ട സ്ഥിതിയായി. നമ്മളന്ന് ആവശ്യപ്പെട്ടതായിരുന്നു ബസ്സയക്കാൻ. കർണാടകത്തിലേക്ക് കെ.എസ്.ആർ.ടി.സിയുടെ 50 ബസുകൾ പോയിരുന്നെങ്കിൽ പരമാവധി പേരെ കൊണ്ടുവരാമായിരുന്നു. ചെന്നൈയിൽ നിന്ന് കൊണ്ടുവരാമായിരുന്നു. ഹൈദരബാദിൽ നിന്നാകാമായിരുന്നു. അന്നൊന്നും അവിടെ രോഗവ്യാപനം ഇത്രത്തോളമില്ലായിരുന്നു.
? എല്ലാവരും നിൽക്കുന്നിടത്ത് നിൽക്കാൻ പ്രധാനമന്ത്രി അന്ന് പറഞ്ഞില്ലേ, ലോക്ക് ഡൗൺ.
- ആളുകളെ കൊണ്ടുവരാൻ സർക്കാർ വിചാരിച്ചാൽ മതിയായിരുന്നു. 1200ഓളം ട്രെയിനുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലോടി. കേരളസർക്കാർ മുൻകൈയടുത്ത് ഒരു ട്രെയിൻ പോലും നമ്മുടെ ആളുകളെ കൊണ്ടുവരാനേർപ്പെടുത്തിയില്ല. ഒരു ബസയച്ചില്ല. നമ്മളിത് പറയുമ്പോൾ ഇവരെല്ലാം മരണത്തിന്റെ ദൂതന്മാരാണെന്ന് സോഷ്യൽമീഡിയയിലുടനീളം കളിയാക്കുകയാണ്. നമ്മുടെ നാട്ടിലുള്ളവർ ജനിച്ച നാട്ടിലേക്ക് വരാതെ എങ്ങോട്ട് പോണം. അവരെ രോഗവാഹകരായി ചിത്രീകരിക്കുന്നത് സി.പി.എം സൈബർവിംഗിന്റെ നേതൃത്വത്തിൽ വ്യാപകമാണ്. സഹകരിക്കുമ്പോഴും തെറ്റുകളും കുറ്റങ്ങളും പറയാൻ ഉത്തരവാദിത്വം ഞങ്ങൾക്കുണ്ട്.
?ബ്രുവറി പോലുള്ള വിവാദങ്ങളിൽ പ്രതിപക്ഷത്തിന് സർക്കാരിനെ തിരുത്തിക്കാനായെന്ന് പറയുമ്പോൾ അത് പ്രതിപക്ഷത്തിന്റെ വിജയമാണോ, പ്രതിപക്ഷനേതാവിന്റേതാണോ?
പ്രതിപക്ഷത്തിന്റെ മൊത്തം വിജയമാണ്. നമ്മളെല്ലാവരും ചേർന്നാണ് ചെയ്തത്. ഞാനവരുടെ പ്രതിനിധിയെന്ന നിലയിൽ ഉന്നയിക്കുന്നതാണല്ലോ. ഭരിക്കുന്ന കക്ഷികൾ മനസ്സിലാക്കേണ്ടത്, പ്രതിപക്ഷത്തിനും ഭരണത്തിലൊരു റോളുണ്ടെന്നാണ്. ആ റോൾ തിരുത്തലിനുള്ളതാണ്. ദൗർഭാഗ്യമെന്ന് പറയട്ടെ ഭരിക്കുന്ന കക്ഷി പലപ്പോഴും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ തയാറല്ല. നമ്മൾ പറഞ്ഞു പ്രതിപക്ഷവും ഭരണകക്ഷിയും ഒരുമിച്ച് ചർച്ച ചെയ്യണം. സർവകക്ഷിയോഗം വിളിക്കുന്നതിൽ എതിർപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതല്ലാതെ കൂടുന്നില്ല. നമ്മൾ നാല് വർഷക്കാലം ചൂണ്ടിക്കാട്ടിയ പാളിച്ചകൾ തിരുത്തിയിരുന്നെങ്കിൽ പലതും ഫലപ്രദമായി കൊണ്ടുപോകാമായിരുന്നു.
? സർക്കാർ ചിലതിലെങ്കിലും തിരുത്തലിന് തയാറാകുന്നുവെങ്കിൽ അത് സുതാര്യത ഉറപ്പിക്കലല്ലേ...
മുഖ്യമന്ത്രി പറയുന്നതെന്താണ്. പ്രതിപക്ഷം, കാത്തിരുന്ന് പരതുകയാണ് എന്തെങ്കിലും കിട്ടുമോയെന്ന് എന്ന്. അത് നമ്മുടെ ചുമതലയല്ലേ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയാണ് നമ്മുടെ ജോലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് പ്രത്യേക അക്കൗണ്ട് വേണമെന്ന് ഞാനെപ്പോഴും പറയുന്നതാണ്. ഇത്തവണ വന്നല്ലോ. അത്തരം നിർദ്ദേശങ്ങളെ വെറും രാഷ്ട്രീയമായി കാണാതെ നടപ്പാക്കുമ്പോഴാണ് ഭരണകക്ഷിക്കും പ്രതിപക്ഷത്തിനു നല്ലത്, മൊത്തത്തിൽ ജനാധിപത്യസംവിധാനങ്ങളെ കരുത്താർജിപ്പിക്കുന്നത്.
? പ്രതിപക്ഷം പലപ്പോഴും ദോഷൈകദൃക്കുകൾ മാത്രമാകുന്നു, കുറ്റം പറയുക മാത്രമാണ് ചെയ്യേണ്ടത് എന്ന തെറ്റിദ്ധാരണയാണ് പ്രതിപക്ഷനേതാവിനുള്ളത് എന്ന് മുഖ്യമന്ത്രി പറയുന്നു...
- ഞങ്ങൾ സ്പ്രിൻക്ലർ വിഷയം ഉന്നയിച്ചില്ലായെങ്കിൽ ഇവിടത്തെ മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഡേറ്റകൾ വിറ്റ് കാശാക്കാൻ അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലർക്കും മറ്റ് സ്ഥാപിതതാല്പര്യക്കാർക്കും സാധിക്കുമായിരുന്നു. ഏപ്രിൽ 10ന് ഞാനിത് പറയുന്നത് വരെ കേരളത്തിലൊരാൾക്കും ഇതറിയില്ലായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതിദിന ബഡായിബംഗ്ലാവിൽ ഒരിക്കൽപോലും ഇത് പറഞ്ഞില്ല. ഉറുമ്പിന് ഭക്ഷണം കൊടുക്കുന്നത് പോലും പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യഡാറ്റ വിശകലനം ചെയ്യാൻ അമേരിക്കൻകമ്പനിക്ക് അവസരം കൊടുത്തത് വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റമാണ്. അത് അപകടകരമായ ധാരാളം പ്രശ്നത്തിലേക്ക് വഴിതെളിക്കുമെന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടിയതിനാലല്ലേ സർക്കാരിന് തിരുത്തിത്തിരുത്തി ഇത്രവരെ എത്താനായത്. അതെന്താ പറയാത്തത്.
? അങ്ങനെ തിരുത്തി മുന്നോട്ട് പോകുന്ന സർക്കാരിനെയാകില്ലേ ജനം വിശ്വാസത്തിലെടുക്കുക...
- ഇപ്പോഴും പക്ഷേ അംഗീകരിക്കുന്നില്ലല്ലോ. ആദ്യം മുഖ്യമന്ത്രി പുച്ഛിച്ച് തള്ളി. ഇന്ന് ചോദിച്ചാലും അതൊക്കെ നേരത്തേ പറഞ്ഞതാണെന്നേ മുഖ്യമന്ത്രി പറയൂ. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകുന്ന സമീപനം. ഇന്ന് ലോകം മുഴുവൻ കാണുന്നത് കൊവിഡിന്റെ മറവിൽ എല്ലാ ഭരണാധികാരികളും ഏകാധിപതികളാവുന്നതാണ്. പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും പൂർണമായി ഹനിച്ച ഏകാധിപതികൾ അരങ്ങ് തകർക്കുന്നു. ലണ്ടനിലായാലും പാരീസിലായിലും വാഷിംഗ്ടണിലായാലും പീക്കിംഗിലായാലും ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും അതാണ് നടക്കുന്നത്. അവിടെയാണ് പ്രതിപക്ഷത്തിന്റെ റോൾ കൃത്യമായി ഞങ്ങൾ നിറവേറ്റുന്നത്.
? പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് സ്ഥിരതയില്ലെന്ന വിമർശനമുണ്ടാകുന്നു...
നമ്മൾ ജീവിക്കുന്നത് പഴയ കാലത്തല്ല. ഓരോ മിനിറ്റിലും വാർത്തയാണ്. ഒരു വിഷയം തീരും മുമ്പ് അടുത്തത് വരും. അതിനൊപ്പം നിൽക്കേണ്ടിവരും. വാർത്തകൾ കൂടുതൽ വരുമ്പോൾ പഴയത് ആളുകൾ മറന്നുപോകും. ഞങ്ങളത് മറക്കുന്നില്ല. ഈ നാലാം വർഷത്തിൽ അത് കൃത്യമായി ജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ശ്രമിക്കുക.
? പ്രതിപക്ഷത്തെ സ്വയം വിമർശനപരമായി വിലയിരുത്തിയാൽ...
- ജനങ്ങളെ ബുദ്ധിമുട്ടിച്ചും പൊതുമുതൽ നശിപ്പിച്ചും അക്രമങ്ങൾ നടത്തിയുമാണ് സി.പി.എമ്മിന്റെ പ്രതിപക്ഷപ്രവർത്തനം. ഒരു മുഖ്യമന്ത്രിയെ തന്നെ കല്ലെറിഞ്ഞ പ്രതിപക്ഷപ്രവർത്തനം നടത്തിയ ശൈലിയാണവരുടേത്. എന്നാൽ, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ, അക്രമസമരങ്ങളിൽ നിന്നൊഴിഞ്ഞ് , അതേസമയം ജനങ്ങളെ സംഘടിപ്പിച്ച് ജനങ്ങളുടെ പ്രശ്നങ്ങളുന്നയിച്ചാണ് ഞങ്ങൾ മുന്നോട്ട് പോയിട്ടുള്ളത്. പരമാവധി ഇത്തരം കാര്യങ്ങളിൽ ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കാനായിട്ടുണ്ട്.
? ദുരന്തകാലത്ത് പഴയതെല്ലാം മറന്ന് ഒരുമിച്ച് നിൽക്കാനാഹ്വാനം ചെയ്യുമ്പോൾ, അത് സർക്കാരിന് രാഷ്ട്രീയം മറന്നുള്ള പിന്തുണയുറപ്പാക്കാനുള്ള അവസരം കൂടിയാവുകയല്ലേ...
ഒരിക്കലുമില്ല. ദുരന്തങ്ങൾ വേറെ, രാഷ്ട്രീയം വേറെ. കേരളത്തിൽ യു.ഡി.എഫിന് 42- 43 ശതമാനം വോട്ടുണ്ട്. സി.പി.എമ്മിനും ഇടതുമുന്നണിക്കും അവരുടേതായ വോട്ടുണ്ട്. ആ വോട്ട് ഇതിനകത്ത് ഒലിച്ചുപോകില്ല. നാല് വർഷത്തെ ഇടതുഭരണം പരിശോധിച്ചാൽ അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങളുടെ ലംഘനങ്ങളാണുണ്ടായിട്ടുള്ളത്. കേരളത്തിൽ ഒരു കമ്യൂണിസ്റ്റ് സർക്കാരും സ്വീകരിക്കാത്ത നയപരമായ വ്യതിയാനമാണിവിടെ. ഇടയ്ക്കിടയ്ക്ക് ബദൽ എന്ന് പറയുന്നതല്ലാതെ തികഞ്ഞ ബൂർഷ്വാ മുതലാളിത്ത താല്പര്യങ്ങൾ സംരക്ഷിച്ച് പോയ സർക്കാരാണിത്. ഓരോ വിഷയമെടുത്താലും കമ്യൂണിസ്റ്റ് തത്വങ്ങളിൽ നിന്നുള്ള പൂർണമായ വ്യതിചലനം മനസ്സിലാകും. ഈ സർക്കാരിന് കേരളത്തിന് ഒരു സംഭാവനയും നൽകാനായിട്ടില്ല. കേരളത്തിലെ ജനജീവിതത്തിന് മാറ്റം വരുത്താനുതകുന്ന ഒരു പദ്ധതിക്കും രൂപം കൊടുക്കാനായിട്ടില്ല. ദിശാബോധമോ കാര്യക്ഷമതയോ ഉളള സർക്കാരല്ല.