ചെറുപ്പം മുതലേ പൂക്കളോട് വലിയ ഇഷ്ടമായിരുന്നു ഷീജയ്ക്ക്. വീട് നിറയെ ചെടികൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതോളം സന്തോഷം മറ്റൊന്നിലും തനിക്കുണ്ടായിരുന്നില്ലെന്ന് ഷീജ പറയും. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ ഇരുവരുടെയും പൊതുവായ ഇഷ്ടങ്ങളിലൊന്ന് കൃഷിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആ സന്തോഷം ഇരട്ടിയായി. പൂക്കളോടായിരുന്നു രണ്ടുപേരുടെയും പ്രണയം. പക്ഷേ അശോകന്റെ ജോലിത്തിരക്കുകളിൽ കൃഷിക്ക് വേണ്ടി അധികം സമയം കണ്ടെത്താൻ കഴിയാതെ വന്നതോടെ ഷീജ തന്നെ അവിടെയും മുന്നിട്ടിറങ്ങി. പിന്തുണയുമായി അശോകനും ചേർന്നതോടെ ആ ഇഷ്ടത്തിന് പിന്നാലെ അവർ ഒരുമിച്ച് ജീവിതസഞ്ചാരം തുടങ്ങി.
ഫലവൃക്ഷങ്ങളും പച്ചക്കറിയും പൂക്കളുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഷീജയുടെയും അശോകന്റെയും വീട്ടിൽ എത്തുന്നവരെല്ലാം എടുത്തു പറയുന്നത് അവിടത്തെ പ്രത്യേകതയായ തണുപ്പിനെ കുറിച്ചായിരുന്നു. വീടും സ്ഥലവുമായി ആകെയുള്ളത് പതിനഞ്ചു സെന്റ് സ്ഥലമാണ്. സ്ഥലപരിമിതിക്കിടയിലും വീടിന് ചുറ്റും പലതരത്തിലുള്ള കൃഷികളാണ് ഇവർ നടത്തുന്നത്. പതിവുകൃഷി രീതിയിൽ നിന്നും അല്പം വ്യത്യസ്തമായി എന്തെങ്കിലും വേണമെന്ന ചിന്തയാണ് ഇരുവരെയും അലങ്കാരജലസസ്യ കൃഷിയിലേക്ക് തിരിച്ചത്. ആമ്പലും താമരയും ഉൾപ്പെടെ മലയാളികൾക്ക് അത്രമേൽ പരിചയമില്ലാത്ത പല ജലസസ്യങ്ങളും ഇവരുടെ വീട്ടിൽ പുഞ്ചിരി വിടർത്തി നിൽപ്പുണ്ട്. സ്വദേശികളും വിദേശികളുമെല്ലാം കൂട്ടത്തിലുണ്ട്. ഓരോന്നിനും ഓരോ കാലാവസ്ഥയാണ് അനുയോജ്യം. അതുകൊണ്ട് തന്നെ ഏതു സമയത്ത് ഇവരുടെ വീട്ടിലെത്തിയാലും ആർക്കും നിരാശരായി മടങ്ങേണ്ടി വരില്ല. എല്ലാ കാലവും ഏതെങ്കിലും വിഭാഗത്തിൽ പെട്ട പൂക്കൾ വിടർന്നു നിൽപ്പുണ്ടാകും.
''അപ്രതീക്ഷിതമായിട്ടായിരുന്നു ഈ കൃഷിയിലേക്ക് തിരിയുന്നത്. പൊതുവേ പറയുന്നത് രാത്രി മാത്രം വിടരുന്നവയാണ് ആമ്പലുകൾ എന്നാണല്ലോ. ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് പകൽ വിടർന്ന് നിൽക്കുന്ന ആമ്പലിനെ ആദ്യമായി കാണുന്നത്. ആ കൗതുകം പിന്നീട് അലങ്കാരച്ചെടികൃഷിയിലേക്ക് വ്യാപിപ്പിച്ചു. വിദേശ ജലസസ്യങ്ങളെ വില നോക്കാതെ തന്നെ ഇഷ്ടം കൊണ്ട് വാങ്ങി വീട്ടിൽ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അവയുടെ തൈകൾക്ക് ആവശ്യക്കാരേറെയാണ്."" ഷീജ പറയുന്നു.
അമ്പതോളം തരത്തിലുള്ള വ്യത്യസ്തങ്ങളായ ജലസസ്യങ്ങളാണ് ഇവരുടെ പറമ്പിലും വീട്ടുമുറ്റത്തുമായി നിറഞ്ഞു നിൽക്കുന്നത്. ഇലകളിലും പൂക്കളിലും വലിപ്പത്തിലുമെല്ലാം കാര്യമായ മാറ്റങ്ങൾ. പൂക്കൾ വിടരുമ്പോഴുള്ള ഭംഗിയും നേരിയ സുഗന്ധവുമാണ് കൃഷിയ്ക്ക് വേണ്ട ഊർജം നൽകുന്നതെന്ന് ഷീജയുടെ വാക്കുകൾ. ഇന്നിപ്പോൾ കോതമംഗലം പിണ്ടിമന കാവുംപടിയിലുള്ള ഇവരുടെ 'പരണാംകുന്നേൽ" എന്ന വീട് തേടിയെത്തുന്നവരിൽ ഏറെയും അന്യജില്ലക്കാരാണ്. ഫോട്ടോഗ്രഫർ കൂടിയായ അശോകന് ഇവയുടെ ചിത്രങ്ങളെടുക്കുന്നതിൽ വലിയ ഹരമാണ്. പുതിയ പൂവ് വിടരുമ്പോഴെല്ലാം അതിരാവിലെ തന്നെ കാമറയുമായി അവയുടെ ചിത്രം പകർത്താൻ ഇറങ്ങും. അത്തരത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന പടങ്ങളുടെ നല്ലൊരു കളക്ഷൻ തന്നെ അദ്ദേഹത്തിന്റെ കൈകളിലുണ്ടെന്ന് ഷീജ പറയുന്നു.
അപ്രതീക്ഷിതമായി വന്നുചേർന്ന ലോക്ക് ഡൗണിനെ പരമാവധി ഫലപ്രദമാക്കിയിരിക്കുകയാണ് ഷീജ. കൃഷി കാര്യമായി തന്നെ വ്യാപിപ്പിച്ചു. സ്വന്തമായിട്ടുള്ള ഇൻഡോർ പ്ലാന്റ്സിന്റെ കടയും വിപുലപ്പെടുത്തി. ചെടികളുടെ പരിചരണത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും ഷീജ തയ്യാറല്ല. നാലോ അഞ്ചോ ദിവസത്തിലൊരിക്കൽ വെള്ളം മാറ്റും. കൊതുകും മറ്റും പെരുകാതിരിക്കാൻ ജൈവകീടനാശിനി ഉപയോഗിക്കാറുണ്ട്. കുളത്തിലും വലിയ ചട്ടികളിലുമായിട്ടാണ് ഏറെയും കൃഷി ചെയ്യുന്നത്. മറ്റു കൃഷി രീതികളെ അപേക്ഷിച്ച് അല്പം ചെലവേറിയതും അതേ സമയം പരിചരണം ഏറെ ആവശ്യമുള്ളവയുമാണ് ഇവ. ട്രോപ്പിക്കൽ, ഹാർഡി അങ്ങനെ പല വിഭാഗത്തിലുമുള്ള ആമ്പലുകളുണ്ട്. ഒരു ദിവസത്തെ ആയുസുള്ളതും മൂന്ന് ദിവസത്തോളും പൂവ് വാടാതെ നിൽക്കുന്ന ചെടികളുമൊക്കെ ഷീജയുടെ പക്കലുണ്ട്. ഇവയുടെ കൃഷി രീതിയും അല്പം വ്യത്യസ്തമാണ്. മണ്ണും ചാണകപ്പൊടിയും എല്ലു പൊടിയും ചേർത്ത നടീൽമിശ്രിതത്തിലാണ് ആമ്പൽത്തൈകൾ നടുന്നത്. ചട്ടിയിലോ വലിയ പാത്രത്തിലോ ആണ് കൂടുതലും നടാറ്. ചട്ടിയുടെ പകുതി ഭാഗത്ത് മാത്രമാണ് നടീൽമിശ്രിതം നിറയ്ക്കുന്നത്. ചെടി നട്ട് ഇലകൾ വലുതായി വരുന്നതോടെ ടാങ്കിലെ വെള്ളത്തിനടിയിലേക്ക് ചട്ടി താഴ്ത്തിവയ്ക്കും. അതോടെ ഇലകൾ ജലോപരിതലത്തിൽ പടർന്ന് കിടക്കും. ഇതാണ് ഇവരുടെ കൃഷിരീതി. ചട്ടിയോടെ പുറത്തെടുത്ത് വൃത്തിയാക്കാൻ കഴിയുന്നതുകൊണ്ടുതന്നെ പരിചരണത്തിനും എളുപ്പം ഈ മാർഗമാണ്.
വീട്ടുതൊടിയിലെ ഫലവൃക്ഷങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കായ്ഫലങ്ങളെല്ലാം പക്ഷികൾക്കും മറ്റു ജീവികൾക്കും അവകാശപ്പെട്ടതാണെന്ന് ഷീജ പറയുന്നു. നിറയെ കായ്ക്കുന്ന മാവുകളുണ്ടെങ്കിലും പുറത്ത് വിൽപ്പനയ്ക്ക് വയ്ക്കാറില്ല. വീട്ടിലേക്കുള്ള ആവശ്യത്തിന് കുറച്ചെടുക്കും. ബാക്കിയൊക്കെ അണ്ണാനും കിളികളും ഉറുമ്പുകളുമൊക്കെ തന്നെയാണ് കഴിക്കാറ്. അതുപോലെ വീട്ടിൽ വരുന്നവർക്കും സമ്മാനമായി നൽകും. രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ കേൾക്കുന്ന കിളികളുടെ ഒച്ച ഇല്ലാത്തൊരു ദിവസത്തെ കുറിച്ച് ഇനി ചിന്തിക്കാനാകുന്നില്ലെന്ന് ഷീജ പറയുമ്പോൾ അതിന് പിന്തുണയുമായി മക്കൾ ആഷിത്തും അനലക്ഷ്മിയും അമ്മയ്ക്കൊപ്പം ചേരുന്നു.
(ഷീജയുടെ നമ്പർ: 9745406170)