ഹൈദരാബാദ്: തെലങ്കാനയിലെ മേടക്ക് ജില്ലയിലെ പൊച്ചാമ്പള്ളി മേഖലയിൽ പുതുതായി കുഴിച്ച മറയില്ലാത്ത കുഴൽകിണറിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മേടക്ക് സ്വദേശി സായ് വർദ്ധനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടി കിണറ്റിൽ വീണത്. തുടർന്ന് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ ഉടൻ തെലങ്കാന ഗവർണർ തമിളിസൈ സൗന്ദർരാജൻ തമിഴ്നാട് ആരോഗ്യമന്ത്രിയോട് സഹായം ആവശ്യപ്പെട്ടു. കിണറ്റിലേക്ക് ഓക്സിജൻ നൽകിയ ശേഷം യന്ത്രങ്ങൾ കൊണ്ടുവന്ന് കുഴൽകിണറിനടുത്തായി കുഴിയെടുത്തു. ഇന്ന് പുലർച്ചയോടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടമായിരുന്നു. കൃഷിയാവശ്യങ്ങള്‍ക്കായി ചൊവ്വാഴ്ച കുഴിച്ച മൂന്ന് കുഴല്‍ക്കിണറുകളിലൊന്നിലാണ് കുട്ടി വീണത്.