locust

ജയ്പൂർ: വെട്ടുകിളികളാണ് ഇപ്പോൾ കൊവിഡ് കഴിഞ്ഞാൽ ഏറ്റവുമധികം വടക്കേഇന്ത്യയിൽ നേരിടുന്ന വിഷമം. കൂട്ടമായെത്തി ഹെക്ടർ കണക്കിനുള്ള കൃഷി നശിപ്പിക്കുന്ന വെട്ടുകിളികൾ സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് അതിവേഗം എത്തുകയാണ്. രാജസ്ഥാൻ,ഗുജറാത്ത്, മധ്യപ്രദേശ്,മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത ആക്രമണമാണ് ഇവ നടത്തിയത്.

വെട്ടുകിളി ശല്യം രൂക്ഷമായ കൃഷിത്തോട്ടങ്ങളിൽ തളിക്കാൻ അറുപതോളം സ്പ്രെയറുകൾ കേന്ദ്ര കൃഷിമന്ത്രാലയം ബ്രിട്ടണിൽ നിന്നും ഓർഡർ ചെയ്തിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം വെട്ടുകിളികളെ തുരത്താനായി കൃഷിയിടങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കാൻ അനുമതി നൽകി. ഇതിനായി രണ്ട് കമ്പനികൾക്കാണ് അനുമതി നൽകിയത്. പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്,മധ്യപ്രദേശ് സംസ്ഥാനങ്ങൾ ഇതുപയോഗിച്ച് വേണ്ട നടപടികളെടുക്കാൻ സർക്കാർ അനുവാദമേകി. ഉത്തർപ്രദേശിലെ ഝാൻസി, മഹോബ, ഹമീർപൂർ, ആഗ്ര ഉൾപ്പടെ പതിനേഴോളം ജില്ലകളിൽ സർക്കാർ വെട്ടുകിളികൾക്കെതിരെ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

പിഞ്ച് വെട്ടുകിളികളുടെ കൂട്ടം രാജസ്ഥാനിൽ ബാർമർ, നാഗൗർ, ജോധ്പൂർ,ബിക്കാനിർ, ഗംഗാനഗർ, ഹനുമാൻഗർഗ്,സിക്കർ, ജയ്പൂർ എന്നീ ജില്ലകളിലും സത്ന, ഗ്വാളിയോർ,സീഥി, രാജ്ഗർഗ്,ബൈതുൾ, ദേവാസ്, അഗർമാൾവ എന്നീ മധ്യപ്രദേശിലെ ജില്ലകളിലും വ്യാപകമാണെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിലെ കാർഷിക വിഭാഗവും വെട്ടുകിളി ശല്യമുള്ള ജില്ലകളിലെ ഭരണകൂടവുമായി ചേർന്ന് ഇരുനൂറോളം വെട്ടുകിളി ശല്യം നിയന്ത്രിക്കുന്നതിനുള്ള ഓഫീസുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

കീടനാശിനി തളിക്കുവാൻ 89ഓളം ഫയർബ്രിഗേഡുകൾ, 120ഓളം സർവേ വാഹനങ്ങൾ, സ്പ്രേ ഉപകരണങ്ങൾ അടങ്ങിയ 47 കൺട്രോൾ വാഹനങ്ങൾ, സ്പ്രെയർ ഘടിപ്പിച്ച 810 ട്രാക്ടറുകൾ ഇവ ഗവണ്മെന്റ് തയ്യാറാക്കി കഴിഞ്ഞു. ഇന്ത്യാ-പാക് അതിർത്തികളിൽ നിന്ന് കൂടുതൽ വിളവെടുപ്പുള്ള മേഖലകൾ ലക്ഷ്യമാക്കി പുതിയ വെട്ടുകിളി കൂട്ടം എത്താൻ സാധ്യതയുണ്ടെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. കിട്ടുന്നതെന്തും ഭക്ഷിക്കുന്ന വെട്ടുകിളികൾ വളരെ വേഗം ദീർഘദൂരം സഞ്ചരിക്കാൻ കഴിയുന്ന ഒരു പ്രാണിവർഗമാണ് ആഫ്രിക്ക, മധ്യപൂർവ്വേഷ്യ, ഏഷ്യാ വൻകര എന്നിവിടങ്ങളിൽ വെട്ടുകിളികൾ വലിയ ശല്യമാണ് സൃഷ്ടിക്കുക.