labour

ന്യൂഡൽഹി:- ഇതൊക്കെയാണ് ശരിയായ മുതലാളി. സ്വന്തം തോട്ടത്തിലെ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ലഭ്യമായതിൽ വച്ച് ഏറ്റവും നല്ല യാത്രാ സൗകര്യമാണ് കൂൺകൃഷിക്കാരനായ പപ്പൻ ഗെഹ് ലോട്ട് നൽകിയത്. ബിഹാറിലെ സമസ്തിപൂർ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന പത്തോളം തൊഴിലാളികൾക്ക് വിശാലഹൃദയനായ പപ്പൻ വിമാനടിക്കറ്റ് എടുത്തുനൽകി. സ്വപ്നം പോലും കാണാനാകാത്ത അവസരം വന്നതോടെ അന്ധാളിച്ചുപോയി തൊഴിലാളികൾ.

ഇവർക്കായി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നോക്കിയെങ്കിലും ലഭിച്ചില്ല.

'20 വർഷമായി ഒപ്പമുള്ള തൊഴിലാളികളാണ്.അവരുടെ യാത്ര സുരക്ഷിതമാകണം.അതിനാൽ അവരെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം വിമാനത്തിൽ മടങ്ങാൻ ടിക്കറ്റെടുത്ത് നൽകി.' പപ്പൻ ഗെഹ് ലോട്ടിന്റെ സഹോദരൻ നിരഞ്ജൻ ഗെഹ് ലോട്ട് പറയുന്നു.

തങ്ങളുടെ സ്വപ്നം സഫലമായെന്നാണ് തൊഴിലാളികൾ ഇതിനെകുറിച്ച് പ്രതികരിച്ചത്. 'ഒരു വിമാനത്തിലിരിക്കുമെന്ന് ഇന്നുവരെ കരുതിയിട്ടേയില്ല.' ഒരു തൊഴിലാളി പ്രതികരിച്ചു. ജീവിതത്തിലിന്നോളും വിമാനത്തിൽ യാത്രചെയ്യുമെന്ന് ഓർത്തിട്ടില്ല. വളരെ സന്തോഷമുണ്ട്. ഒപ്പം നാളെ വിമാനമിറങ്ങിയാലുണ്ടാകുന്ന പ്രശ്നങ്ങൾ ഓർത്ത് ഭയവുമുണ്ട്. മകനോടൊപ്പം ആദ്യമായി വിമാനം കയറാൻ പോകുന്ന ലഖീന്തർ റാം എന്ന തൊഴിലാളി സന്തോഷം മറച്ചുവക്കുന്നില്ല.

തങ്ങളുടെ ആഹാരവും താമസവുമെല്ലാം നോക്കുന്നത് പപ്പൻ ഗെഹ് ലോട്ടാണെന്ന് സന്തോഷത്തോടെ പറയുകയാണ് 27 കൊല്ലമായി ഗെഹ് ലോട്ടിനൊപ്പം ജോലി നോക്കുന്ന റാം. ഡൽഹിയിലെ തിഗിപൂർ‌ ഗ്രാമത്തിൽ കൂൺകൃഷി നടത്തുന്ന പപ്പൻ ഗെഹ് ലോട്ട് 68000 രൂപയുടെ ടിക്കറ്റ് മാത്രമല്ല. മറ്റ് പ്രശ്നങ്ങളില്ലാതെ വീടെത്താൻ ഓരോരുത്തർക്കും 3000 രൂപ വീതം നൽകുകയും ചെയ്തു പപ്പൻ. സൈക്കിൾ ചവിട്ടിയും നടന്നും ലോറിയിൽ ആൾക്കൂട്ടത്തിലും നാട്ടിലെത്തുന്ന കുടിയേറ്ര തൊഴിലാളികളുടെ ദുരിതത്തിനിടയിലും മാതൃകയാകുകയാണ് പപ്പന്റെ ഈ നന്മ.