pak

ഇസ്ളാമാബാദ്: രാജ്യത്തെ അപകടത്താലാക്കുന്ന വിഘടനവാദികളെ നേരിടാൻ പ്രയോഗിക്കുന്ന അതേ മാർഗ്ഗം കൊവിഡ് രോഗം നിർണയിക്കാനും പ്രയോഗിക്കാനൊരുങ്ങി പാകിസ്ഥാൻ. രഹസ്യാന്മക നിരീക്ഷണ സമ്പ്രദായമാണ് പ്രയോഗിക്കുകയെന്നാണ് ലഭ്യമായ വിവരം. രോഗം ബാധിച്ചവരെയും അവരുമായി നേരിട്ട് സമ്പർക്കം വരുന്നവരെയും ഇതിലൂടെ അറിയാം.പാകിസ്ഥാൻ രഹസ്യാത്മക വിഭാഗമായ ഐഎസ്ഐയുടെ സഹായം ഇതിന് സർക്കാർ ഉറപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇമ്രാൻഖാൻ കർശനമായി ഇത് നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗ നി‌ർണ്ണയവും ചികിത്സയും വേണ്ടത്ര പുരോഗതി പ്രാപിക്കാത്ത പാകിസ്ഥാനിൽ ജനങ്ങൾ രോഗത്തോടൊള്ള ഭയത്താലോ, വേണ്ടത്ര ലക്ഷണങ്ങളില്ലാത്തതിനാൽ അറിയാതെയോ രോഗം പടർത്താൻ ഇടയാക്കാറുണ്ട്. ജിയോ ഫെൻസിങ്ങിലൂടെയും ഫോൺ നിരീക്ഷണത്തിലൂടെയും ഇത്തരം രോഗികളെ നിരീക്ഷിക്കാനാണ് ശ്രമം. ഇതിൽ വിജയം കാണുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. മുങ്ങിനടക്കുന്ന കൊവിഡ് പൊസിറ്റീവായവർ പോലും ഇങ്ങനെ നിരീക്ഷണത്തിലായിട്ടുണ്ട്. ഒരു നിശ്ചിത മേഖലയിലുള്ളവരുടെ നീക്കങ്ങളറിയാൻ സഹായിക്കുന്നതാണ് ജിയോ ഫെൻസിങ്.

എന്നാൽ ഇത്തരത്തിൽ നിരീക്ഷണം നടത്തുന്നത് സർക്കാർ അവരെ എതിർക്കുന്നവരെ നേരിടാൻ ഉപയോഗിക്കുമെന്ന് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളിൽ ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്. ജനങ്ങളെ നിരീക്ഷിക്കുന്നതും രോഗബാധയുള്ളവരെ തിരിച്ചറിയുന്നതുമെല്ലാം രഹസ്യാന്വേഷണ വിഭാഗം ചെയ്യേണ്ട ജോലിയല്ലെന്നും അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

പാകിസ്ഥാനിൽ രോഗം പടർന്നുപിടിക്കുന്നതിനാൽ പ്രവിശ്യകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതാണ്. എന്നാൽ ജനങ്ങൾ അതൊന്നും വകവയ്ക്കാതെ തെരുവിലിറങ്ങി. ഇതിനിടെ വ്യവസായങ്ങളുടെ പുരോഗതിക്കായി അത്തരം സംരംഭങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ഇമ്രാൻഖാൻ അനുമതി നൽകുകയും ചെയ്തു. 60000നടുത്ത് ജനങ്ങൾക്ക് കൊവിഡ് പോസിറ്റീവായ പാകിസ്ഥാനിൽ 1200ഓളം പേർ മരിക്കുകയും ഉണ്ടായി.