ചെന്നൈ: കോടനാട് എസ്റ്റേറ്റും ചെന്നൈയിലെ പൊയസ് ഗാർഡൻ വസതിയായ വേദനിലയവും ഉൾപ്പെടെ തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ 900 കോടിയിലേറെ രൂപയുടെ സ്വത്തുക്കളുടെ അവകാശികൾ സഹോദരന്റെ മക്കളായ ജെ. ദീപക്കും ജെ. ദീപയും ആണെന്ന് മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചു. ജയലളിതയുടെ ജ്യേഷ്ഠസഹോദരൻ ജയകുമാറിന്റെ മക്കളാണ് ദീപക്കും ദീപയും (43 ).
മൊത്തം 913,42,68,179 രൂപയാണ് ഈ സ്വത്തുക്കളുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. ജയലളിതയുടെ യഥാർത്ഥ സ്വത്ത് ആയിരം കോടിയിലേറെയാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. കോടികളുടെ ഭൂമിയും സ്വർണവും 2,140 സാരികളും 750 ജോഡി ചെരുപ്പുകളും ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച ലിസ്റ്റിലെ സ്വത്തുക്കളുടെ മൂല്യമാണ് 913 കോടി.
സ്വത്തു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ജയലളിത 2006 ഡിസംബർ അഞ്ചിനാണ് മരണമടഞ്ഞത്. നേരിട്ടുള്ള അവകാശികളില്ലാത്തതിനാൽ, ഹിന്ദു പിന്തുടർച്ചവകാശ നിയമപ്രകാരം രണ്ടാംനിര അവകാശികളായ തങ്ങൾക്ക് സ്വത്തവകാശം ആവശ്യപ്പെട്ട് ദീപയും ദീപക്കുംസമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
സ്വത്തുക്കളുടെ ഭരണാവകാശത്തിനായി എ.ഡി.എം.കെ നേതാക്കൾ സമപ്പിച്ച ഹർജി കോടതി തള്ളി. വേദനിലയം സ്‌മാരകമാക്കാനായി ഏറ്റെടുക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച സർക്കാരിന് ഇത് തിരിച്ചടിയായി.
വേദനിലയം സ്‌മാരകമാക്കുന്നത് പൊതു ഖജനാവിലെ പണത്തിന്റെ ദുർവിനിയോഗമായിരിക്കുമെന്നും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാമെന്നും മറുഭാഗം സ്മാരകമാക്കാമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ജയലളിതയുടെ തോഴി ശശികലയുടെ പ്രതാപകാലത്ത് ദീപയെയും ബന്ധുക്കളെയും അടുപ്പിച്ചിരുന്നില്ല. കോടനാട് എസ്റ്റേറ്റ് ഉൾപ്പെടെ ഒട്ടേറെ സ്വത്തുവകകളിൽ ശശികലയ്ക്കും നിയമപരമായ പങ്കാളിത്തമുണ്ട്. സ്വത്തുകേസിൽ ശിക്ഷ കഴിഞ്ഞ് ശശികല അടുത്ത വർഷം ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ സ്വത്തുതർക്കം വീണ്ടും സജീവമാകാം.
ജയലളിതയുടെ സ്വത്തുക്കൾ
@ കോടനാട് എസ്റ്റേറ്റ്, സിർത്താവൂർ ബംഗ്ലാവ്, ആന്ധ്രയിൽ രണ്ട് ഫാം ഹൗസുകൾ, പയ്യാനൂർ ബംഗ്ലാവ്.
@ ശ്രീ ജയ പബ്ലിക്കേഷൻസ്, ശശി എന്റർപ്രൈസസ്, റോയൽവാലി ഫ്ലോറി ടെക് എക്സ്‌പോർട്ട്സ് ആൻഡ് ടീ എസ്റ്റേറ്റ് എന്നിവയിൽ ഓഹരി
@വേദനിലയം
ജയലളിത മുഖ്യമന്ത്രിയായിരിക്കെ ഔദ്യൗഗിക വസതി. 1967-ൽ ജയയുടെ അമ്മ വേദവല്ലി 1.32 ലക്ഷം രൂപയ്ക്കു വാങ്ങിയത്. 24,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന് നിലവിൽ 100 കോടി മൂല്യം.
കോടതിയിൽ സമർപ്പിച്ച ലിസ്റ്റിൽ നിന്ന്
1. സ്ഥാവര വസ്‌തുക്കൾ
( കെട്ടിടങ്ങളും ഭൂമിയും മറ്റും- 2017ലെ മൂല്യം)............................884 കോടി
2. സ്വർണ, വജ്ര ആഭരണങ്ങൾ
( 21, 280 ഗ്രാം- 2016ലെ മൂല്യം) ......................................................5.32 കോടി
3.വെള്ളി ആഭരണം ( 1250 കിലോ - 2016ലെ മൂല്യം)....................4.37 കോടി
4.സ്ഥിര നിക്ഷേപം, ഓഹരികൾ ....................................................3.43 കോടി
5. ബാങ്ക് ബാലൻസ് .......................................................................10.64 കോടി
6. വാഹനങ്ങൾ - കാറുകൾ ഉൾപ്പെടെ 50 എണ്ണം........................1.72 കോടി
7. യന്ത്ര സാമഗ്രികൾ.......................................................................2.24 കോടി
8. ചെരുപ്പുകൾ - 278 ജോഡി.......................................................... 02 ലക്ഷം
9.സാരികൾ - 281 എണ്ണം......................................................................92 ലക്ഷം
10. വാച്ചുകൾ - 283 എണ്ണം..................................................................16 ലക്ഷം
11.ഫലകങ്ങൾ, പുരസ്കാരങ്ങൾ, ആൽബം, വിഡിയോ.....................05 ലക്ഷം