ന്യൂഡൽഹി:- ഇ-റിക്ഷ ഡ്രൈവറായിരുന്ന അച്ഛന് അപകടം പറ്റിയപ്പോൾ 15 വയസ്സുകാരി ജ്യോതികുമാരി അച്ഛനെയും കൂട്ടി ബിഹാറിൽ നിന്ന് ഗുർഗാവിലേക്ക് സൈക്കിളിൽ നടത്തിയ യാത്ര വളരെയധികം ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഡൽഹിയിൽ ഒരു ട്രയലിനായി ജ്യോതികുമാരിയെ സൈക്കിൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. ലോക് ജനശക്തി പാർട്ടി ജ്യോതിയുടെ ഏത് വിഭാഗം പഠനത്തിനും സ്പോൺസർ ചെയ്യാൻ തയ്യാറായി വന്നുകഴിഞ്ഞു. സമാജ് വാദി പാർട്ടിയും ഒരു ലക്ഷം രൂപ ധനസഹായം നൽകാമെന്ന് ഏറ്റിട്ടുണ്ട്.
ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് സൂപ്പർ 30 പ്രിൻസിപ്പലും പ്രമുഖ ഗണിതശാസ്ത്രജ്ഞനുമായ ആനന്ദ് കുമാർ നൽകിയ വാഗ്ദാനം. ഭാവിയിൽ ഐഐടി പ്രവേശനത്തിന് താൽപര്യമുണ്ടെങ്കിൽ സൂപ്പർ 30 ജ്യോതിക്ക് വേണ്ട പരിശീലനം നൽകാൻ തയ്യാറാണ് എന്നായിരുന്നു ആനന്ദ് കുമാർ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.' ബീഹാറിന്റെ മകളായ ജ്യോതികുമാരി സൈക്കിളിൽ അച്ഛനുമായി നടത്തിയ 1200 കിലോമീറ്റർ യാത്ര സമൂഹത്തിന് മികച്ച മാതൃകയാണ് നൽകിയിരിക്കുന്നത്. ഭാവിയിൽ ഐഐടി പ്രവേശനം ജ്യോതിക്ക് താൽപര്യമുണ്ടെങ്കിൽ സൂപ്പർ30ലേക്ക് സ്വാഗതം.' ജ്യോതിക്കുള്ള സമ്മാനവും ആനന്ദ് കുമാറിന്റെ സഹോദരൻ പ്രണവ് കൈമാറി.
ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം പൊതുഗതാഗതം പൂർണ്ണമായും നിരോധിച്ചതോടെ അച്ഛനുമൊത്ത് സൈക്കിളിൽ നാട്ടിലേക്ക് പുറപ്പെട്ട ജ്യോതി ഏഴ് ദിവസം കൊണ്ടാണ് തിരികെയെത്തിയത്. ഇതിൽ രണ്ട് ദിവസം ഭക്ഷണംപോലും കഴിച്ചിരുന്നില്ല. സാമ്പത്തികമായി പ്രയാസപ്പെടുന്ന 30 കുട്ടികൾക്ക് ഐഐടി പരിശീലനം നൽകി മികച്ച വിജയം നൽകുന്നതിലൂടെ ലോകശ്രദ്ധ ആകർഷിച്ച സ്ഥാപനമാണ് സൂപ്പർ 30. ബിഹാറിലെ പട്നയിലാണ് ഈ സ്ഥാപനം.