ബോളി ഇഷ്ടമില്ലാത്തവരായി ആരും ഇല്ല. പാൽപായസത്തോടൊപ്പം ഇതും കൂട്ടി കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. ശർക്കരയും പരിപ്പും ചേർന്ന മിശ്രിതം മൈദാ മാവിൽ കുഴച്ച് അതിന് നടുവിൽ വച്ച് പരത്തി പാനിൽചുട്ടെടുക്കുന്ന ആ ബോളിയുടെ സ്വാദ് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു. ഇത് നമുക്ക് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. മാവ് കുഴച്ചെടുക്കുന്നതും ഫില്ലിംഗ് തയ്യാറാക്കുന്നതും ശരിയായ പാകത്തിൽ ആയിരിക്കണമെന്ന് മാത്രം. എങ്കിൽ പിന്നെ ബോളി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ചേരുവകൾ :
മൈദ : അര കിലോഗ്രാം
ശർക്കര : അര കിലോഗ്രാം
തേങ്ങ : 1
മഞ്ഞൾ പൊടി : 1ടീസ്പൂൺ (നിറം ലഭിക്കുന്നതിന്)
ഉപ്പ് : ആവശ്യത്തിന്
വെളിച്ചെണ്ണ : ആവശ്യത്തിന് (മാവ് കുഴയ്ക്കുന്നതിന്)
നെയ്യ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
മൈദ അൽപം വെളിച്ചെണ്ണയും പാകത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ചപ്പാത്തിപരുവത്തിൽ കുഴയ്ക്കുക. അതിനുശേഷം വട്ടത്തിന് പരത്തുക. (ചപ്പാത്തിക്ക് പരത്തുന്നത് പോലെ) അത് കഴിഞ്ഞ് ശർക്കര ചുരണ്ടിയതും തിരുമ്മിയ തേങ്ങയുടേയും മിശ്രിതം പരത്തിയ ഓരോ വട്ടത്തിന് പുറത്തും വിതറുക. (തിരുമ്മിയ തേങ്ങയും ശർക്കര ചുരണ്ടിയതും മിക്സിയിൽ പൊടിക്കുക). എന്നിട്ട് ആ വട്ടം നാലുഭാഗത്ത് നിന്നും മടക്കി ബോള്‍ ആകൃതിയിലാക്കുക. അതിനുശേഷം വീണ്ടും പരത്തുക. ശർക്കര - തേങ്ങ മിശ്രിതം നന്നായി അതില്‍ പരക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്രയും ചെയ്തതിന് ശേഷം ദോശക്കല്ലിലോ നോൺസ്റ്റിക് തവയിലോ ചുട്ടെടുക്കുക. നെയ്യിൽ ചുട്ടെടുത്താല്‍ അല്പം കൂടി രുചി ലഭിക്കും.