raina

ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താൻ സുരേഷ് റെയ്നയ്ക്ക് ഇനി കഴിയുമോ ?

ഒന്നു കയറിപ്പറ്റാൻ ഹിമാലയത്തെക്കാൾ പ്രയാസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. കയറിക്കഴിഞ്ഞാലും പിടിവിട്ട് താഴെപ്പോകാതിരിക്കണമെങ്കിൽ നല്ല പിടിപാടുവേണം. ഒരിക്കൽ പുറത്തുപോയാൽ പിന്നെ തിരികെയെത്തുക അത്ര എളുപ്പവുമല്ല. നമ്മുടെ സ്വന്തം അനന്തപത്മനാഭനും സഞ്ജു സാംസണും അടക്കം തൊട്ടടുത്തുതന്നെ ഒരുപാട് ഉദാഹരണങ്ങൾ ഇതിനായി ചൂണ്ടിക്കാണിക്കാനാകും. ഇപ്പോഴിതാ സുരേഷ് റെയ്നയുടെ അനുഭവവും ആ ഒരു കളിത്തിരിവിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഉത്തർപ്രദേശുകാരനായ റെയ്ന ഇന്ത്യൻ കുപ്പായമണിഞ്ഞു തുടങ്ങിയിട്ട് പതിനഞ്ചുകൊല്ലം പിന്നിടുന്നു. ധോണി,യുവ്‌രാജ് തുടങ്ങിയ ഒരുപിടി പ്രതിഭകൾക്കൊപ്പം കളിച്ചുവളർന്ന ഇൗ ഇടംകയ്യൻ ബാറ്റ്സ്മാൻ 2011ൽ ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന അപൂർവ്വനേട്ടമാണ് റെയ്നയെ ഏറെ വ്യത്യസ്തനാക്കിയത്. ധോണി ഇന്ത്യൻ ക്യാപ്ടനായിരുന്നത് റെയ്നയുടെ സുവർണ കാലമായിരുന്നു.ഇന്ത്യൻ ടീമിലും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിലുമെല്ലാം അവർ "തല"യും "ചിന്നത്തല"യുമായി തകർത്താടി.

എന്നാൽ ക്യാപ്ടൻസിയിൽ നിന്ന് ധോണി പടിയിറങ്ങിയത് റെയ്നയ്ക്കും വ്യക്തിപരമായ നഷ്ടമായി. ഇപ്പോൾ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ റെയ്ന ഇന്ത്യയെ പ്രതിനിധീകരിച്ചിട്ട് രണ്ടുവർഷത്തോളമാകുന്നു. 2017 മുതൽ ബി.സി.സി.ഐയുടെ സെൻട്രൽ കോൺട്രാക്ടും നഷ്ടപ്പെട്ടു. കല്യാണവും കുടുംബവും കുട്ടിയുമൊക്കെയായി അൽപ്പം മടിപിടിച്ചുപോയ ഇൗ 33കാരൻ പതിയെ കാര്യങ്ങൾ തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും ഇന്ത്യൻ ടീമിന്റെ വാതിൽ അടഞ്ഞുപോയിരുന്നു എന്നതാണ് സത്യം. തള്ളിക്കയറാൻ അവസരം കാത്ത് കൗമാരം കടക്കുന്നവരുടെ ഒരു നിര,പ്രായം കടന്നുപോകുന്നതിന്റെ വേവലാതിയിൽ മറ്റൊരു സംഘം... ഇന്ത്യൻ ടീം സെലക്ടർമാർക്ക് ഒഴിവാക്കാൻ എളുപ്പത്തിൽ പറ്റുന്ന പേരുകളിലൊന്ന് റെയ്നയുടേതായിരുന്നു.അങ്ങനെയാണ് ആശാൻ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദിന്റെ റഡാറിൽ നിന്ന് ഒൗട്ടായിപ്പോയത്. ഇൗ സീസൺ ഐ.പി.എല്ലിലൂടെ തിരിച്ചുവരാൻ വഴിതേടുകയായിരുന്നു റെയ്നയും . എന്നാൽ കൊവിഡും ലോക്ക്ഡൗണുമൊക്കെച്ചേർന്ന് അതും ഒരു വഴിക്കാക്കി.

ലോക്ക്ഡൗണിൽ സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവാണ് സുരേഷ് റെയ്ന . എന്നാൽ ഇക്കാലയളവിലെ റെയ്നയുടെ അഭിപ്രായ പ്രകടനങ്ങൾ താരത്തിന് തിരിച്ചടിയായതേയുള്ളൂ. സഹതാരങ്ങളായിരുന്നവർക്കൊപ്പവും അല്ലാതെയും നടത്തിയ ഒാൺലൈൻ സംവാദങ്ങളിൽ തിരികെവരാനുള്ള തന്റെ മോഹങ്ങൾ റെയ്ന ശക്തമായി പങ്കുവച്ചു. തന്റെ വരവിന് തുരങ്കം പണിതത് എം.എസ്.കെ പ്രസാദാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ റെയ്നയുടെ ആരോപണങ്ങൾക്ക് കണക്കും കാര്യങ്ങളും നിരത്തിത്തന്നെ പ്രസാദ് മറുപടി നൽകി. തൊട്ടുപിന്നാലെ വിരമിച്ച കളിക്കാർക്ക് വിദേശലീഗുകളിൽ കളിക്കാൻ അനുമതി നൽകണമെന്ന് ഇർഫാൻ പത്താനൊപ്പം ആവശ്യപ്പെട്ടു. ബി.സി.സി.ഐ അത് കയ്യോടെ തള്ളി. പിന്നെയാണ് ധോണിയുടെ യത്ഥാർത്ഥ പിൻഗാമി രോഹിത് ശർമ്മ ആണെന്ന അഭിപ്രായവുമായി രംഗത്ത് വന്നത്. ഇത് വിരാട് കൊഹ്‌ലിയുടെ ആരാധകർക്ക് ഒട്ടും പിടിച്ചതുമില്ല. ഇങ്ങനെ തന്റെ ഡയലോഗുകളെല്ലാം രോദനങ്ങളായി മാറുന്നത് കണ്ട് സങ്കടപ്പെട്ടിരിക്കുകയാണിപ്പോൾ താരം.

പഞ്ഞിക്കിട്ട പ്രസാദ്

തന്നെ ചീഫ് സെലക്‌ടർ മനപ്പൂർവ്വം തഴഞ്ഞതാണെന്ന റെയ്നയുടെ പരാമർശത്തിന് കൃത്യമായ മറുപടിയാണ് എം.എസ്.കെ പ്രസാദ് നൽകിയത്. സീനിയർ താരങ്ങളെ മോശം ഫോമിന്റെ പേരിൽ ടീമിൽനിന്ന് ഒഴിവാക്കുന്നത് ആദ്യ സംഭവമല്ലെന്നും അങ്ങനെ വരുമ്പോൾ അവർ ആഭ്യന്തര ക്രിക്കറ്റിൽ ഉൗർജ്ജസ്വലമായി കളിച്ച് ടീമിൽ തിരികെയെത്താൻ നോക്കുകയാണ് വേണ്ടതെന്നും പ്രസാദ് പറഞ്ഞു. മുമ്പ് വി.വി.എസ് ലക്ഷമണിനെ പുറത്താക്കിയപ്പോൾ അദ്ദേഹം എങ്ങനെയാണ് തിരികെയെത്തിയതെന്ന കഥയും പ്രസാദ് റെയ്നയെ പറഞ്ഞുകേൾപ്പിച്ചു. അതുംപോരാഞ്ഞ് ദേശീയ ടീമിൽ നിന്ന് ഒഴിവാക്കിയ ശേഷം റെയ്ന രഞ്ജി ട്രോഫിയിലും മറ്റും കളിച്ച ഇന്നിംഗ്സുകളുടെ കണക്കും വ്യക്തമാക്കി. ചീഫ് സെലക്ടറായിരിക്കേ ഒരോ മത്സരം കാണാനിരിക്കുമ്പോഴും തന്റെ നോട്ടുബുക്കിൽ പ്രസാദ് എല്ലാ കണക്കുകളും കുറിച്ചിടുമായിരുന്നു. അല്ലെങ്കിലും കണക്കുകൾ തീർക്കാനുള്ളതാണല്ലോ ?. ഏതായാലും പ്രസാദ് പഞ്ഞിക്കിട്ടതോടെ സെലക്ഷൻ പ്രശ്നത്തെക്കുറിച്ച് റെയ്ന പിന്നെ അധികം പ്രസംഗിച്ചിട്ടില്ല.

ബി.സി.സി.ഐയുടെ പ്രഹരം

ഇൗ വർഷം വിരമിക്കൽ പ്രഖ്യാപിച്ച ഇർഫാൻ പഠാനുമായി ചേർന്ന് നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് മുൻ കളിക്കാരെ എന്തുകൊണ്ട് വിദേശലീഗുകളിൽ കളിക്കാൻ വിടുന്നില്ലെന്ന ചോദ്യമുയർത്തിയത്. വിൻഡീസിലും മറ്റും വിരമിച്ചതും കളിച്ചുകൊണ്ടിരിക്കുന്നതുമായ താരങ്ങൾ ലോകമെങ്ങും ഒാടിനടന്ന് സർവമാന ലീഗുകളിലും കളിച്ച് കാശുണ്ടാക്കുമ്പോൾ മുൻ ഇന്ത്യൻ താരങ്ങൾ എന്തിന് നോക്കിയിരിക്കണമെന്ന ന്യായമായ ചോദ്യം ബി.സി.സി.ഐയുടെ തലപ്പത്തുള്ളവർക്ക് അത്ര രുചിച്ചില്ല.നാവടക്കി ഇരുന്നില്ലെങ്കിൽ മുൻ താരമായി മാറിപ്പോകും എന്ന് വളരെ മയത്തിൽ നൽകിയ ബി.സി.സി.ഐയുടെ മറുപടിയിൽ നിന്ന് റെയ്നയ്ക്ക് മനസിലായിട്ടുണ്ട്.

രോഹിതിനായുള്ള സോപ്പ്

പിന്നീട് രോഹിത് ശർമ്മയെ പുകഴ്ത്തിപ്പറഞ്ഞ് ഡാമേജ് മാനേജ് ചെയ്യാൻ ശ്രമിച്ചതും ബൂമറാംഗായി. ധോണിയിൽ നിന്ന് ലഭിച്ചിരുന്ന പരിഗണന വിരാടിൽ നിന്ന് റെയ്നയ്ക്ക് ലഭിച്ചിരുന്നില്ല. ടീം സെലക്ഷനിൽ വിരാട് റെയ്നയ്ക്ക് വേണ്ടി വാദിച്ചിട്ടുമില്ല. അങ്ങനെ വന്നിരുന്നുവെങ്കിൽ പുറത്താവുകയുമില്ലായിരുന്നു. ആ ദേഷ്യമെല്ലാം മനസിൽ വച്ചാണ് രോഹിതിനെ വാഴ്ത്തിയത്.ഒരുപക്ഷേ ട്വന്റി 20യിൽ രോഹിതിനെ ക്യാപ്ടനാക്കണം എന്ന് കുറച്ചുനാളായി ഉയരുന്ന വായ്ത്താരിക്ക് ബി.സി.സി.ഐ യെസ് മൂളിയാലോ എന്ന ആലോചനയായിരുന്നു അതിന് പിന്നിൽ.

ക്യാപ്ടനെന്ന നിലയിൽ ധോണിയുടെ യഥാർത്ഥ പിൻഗാമി രോഹിത് ആണെന്നായിരുന്നു റെയ്നയുടെ കമന്റ്. ധോണിയുടെ ആ ശാന്തസ്വഭാവവും അവസരത്തിനനുസരിച്ച് കൃത്യമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവും ഞാനെന്റെ രോഹിതിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്നമട്ടിലാണ് സോപ്പ് പതഞ്ഞൊഴുകിയത്. ഇത് രോഹിതിന് നന്നായി സുഖിച്ചു. നിങ്ങളെ ഇന്ത്യൻ ടീമിൽ വല്ലാതെ മിസ് ചെയ്യുന്നുണ്ട്, റെയ്നാ ഭായീ ...പക്ഷേ ഇൗ അടുത്ത സമയത്തൊന്നും കൊഹ്‌ലി സ്പ്‌ളിറ്റ് ക്യാപ്ടൻസിക്ക് സമ്മതിക്കുമെന്ന് തോന്നുന്നില്ല. തന്നെക്കാൾ നല്ല ക്യാപ്ടനായി രോഹിതിനെ കാണുന്ന റെയ്നയെ ടീമിലെടുക്കുമെന്നും...