gold

 ഇന്ത്യയിലെ 87% വനിതകൾ പൊന്ന് വാങ്ങാൻ കൊതിക്കുന്നു

കൊച്ചി: ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ് സ്വർ‌ണം. എന്നാൽ, ഇന്ത്യയിലെ സ്‌ത്രീകളിൽ 40 ശതമാനം പേർക്ക് ഇപ്പോഴും ഒരു തരി പൊന്നില്ലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇവരിൽ മുന്തിയപങ്കും ഇതുവരെ സ്വർണം വാങ്ങുന്നത് ചിന്തിച്ചിട്ടില്ലാത്തവരാണ്. ഇവരെ കൂടി ആകർഷിക്കാനായാൽ ഇന്ത്യൻ സ്വർണാഭരണ വിപണിക്ക് വലിയ വളർച്ച നേടാനാകുമെന്നും റിപ്പോർട്ടിലുണ്ട്.

നിലവിൽ സ്വർണാഭരണമുള്ള 60 ശതമാനം പേരിൽ ഭൂരിഭാഗവും കൂടുതൽ ആഭരണങ്ങൾ വാങ്ങാൻ താത്പര്യപ്പെടുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ സർവേയിൽ പങ്കെടുത്ത സ്‌ത്രീകളിൽ 37 ശതമാനം പേർ ഇതുവരെ സ്വർണം വാങ്ങാത്തവരും 49 ശതമാനം പേർ നേരത്തേ വാങ്ങിയിട്ടുള്ളവരുമാണ്. 14 ശതമാനം പേർ ഇതുവരെ സ്വർണാഭരണങ്ങൾ വാങ്ങുന്നത് ആലോചിച്ചിട്ടില്ല.

ഗ്രാമീണ മേഖലയിലെ വനിതകൾക്കാണ് സ്വർണാഭരണ പ്രിയം കൂടുതൽ. ഗ്രാമങ്ങളിലെ 44 ശതമാനം വനിതകൾ കൂടുതൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നു. നഗരങ്ങളിലെ നിരക്ക് 30 ശതമാനമാണ്. സ്വർണാഭരണം വാങ്ങുന്നത് സമൂഹത്തിൽ കൂടുതൽ ബഹുമാനം ലഭ്യമാക്കുമെന്ന് ഗ്രാമീണ സ്‌ത്രീകൾ കരുതുന്നു. ഭാവിയിലെ സാമ്പത്തിക ആവശ്യം നിറവേറ്റാനുള്ള മാർ‌ഗമായി കൂടിക്കണ്ടാണ് കൂടുതൽ പേരും സ്വർണാഭരണം വാങ്ങുന്നത്.

എന്റെ പൊന്നേ...

(ഇന്ത്യൻ വനിതകളുടെ സ്വർണാഭരണ പ്രിയം)

49% : നിലവിൽ കൈവശം സ്വർണാഭരണങ്ങളുണ്ട്. കൂടുതൽ സ്വർണം വാങ്ങാൻ ആഗ്രഹം.

37% : നിലവിൽ സ്വർണാഭരണങ്ങളില്ല. വാങ്ങാൻ ആഗ്രഹിക്കുന്നു.

14% : സ്വർണാഭരണം വാങ്ങുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല.

ആഡംബര പ്രിയം

(ഇന്ത്യൻ വനിതകളിൽ വിവിധ ആഡംബര ഉത്‌പന്നങ്ങൾ ഉള്ളവരുടെ വിഹിതം)

ഡിസൈനർ വസ്ത്രം : 62%

സ്വർണാഭരണം : 60%

വെള്ളി ആഭരണം : 57%

ലക്ഷ്വറി കോസ്‌മെറ്രിക് : 50%

സ്‌മാ‌ർട്ഫോൺ : 41%

പ്രീമിയം വാച്ച് : 32%

വജ്രാഭരണം : 26%

സ്വർണപ്പണയ കുതിപ്പ്

ലോക്ക്ഡൗൺ സൃഷ്‌ടിച്ച സമ്പദ്‌ഞെരുക്കം മറികടക്കാൻ സ്വർണപ്പണയ വായ്‌പകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുതിക്കുകയാണ്. ബാങ്കുകളിലും എൻ.ബി.എഫ്.സികളിലും സ്വർണപ്പണയ വായ്‌പയ്ക്ക് ഡിമാൻഡേറി. നടപ്പുവർഷം ഗോൾഡ് ലോൺ വിതരണം 4.61 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് ഗവേഷണ സ്ഥാപനമായ കെ.പി.എം.ജിയുടെ റിപ്പോർട്ട്. 2019-20ലെ കണക്ക് 3.10 ലക്ഷം കോടി രൂപ.

വില മേലോട്ട്

സ്വർണവില ഗ്രാമിന് ഇന്നലെ 30 രൂപ വർദ്ധിച്ച് 4,320 രൂപയായി. 240 രൂപ ഉയർന്ന് 34,560 രൂപയാണ് പവൻ വില.

25,000 ടൺ

ഇന്ത്യയിലെ വീടുകളിൽ 25,000 ടണ്ണോളം സ്വർണാഭരണങ്ങൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.