covid
COVID

റിയോ ഡി ജനീറോ: ബ്രസീലിൽ കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. അമേരിക്കയ്ക്ക് ശേഷം രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്ന ആദ്യ രാജ്യമാണ് ബ്രസീൽ. പ്രതിദിന മരണം 2000ത്തിലെത്തി. 24 മണിക്കൂറിനിടെ 20,599 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ മരണം 25,697. കൊവിഡിന്റെ പുതിയ കേന്ദ്രമായി ലാറ്റിൻ അമേരിക്ക മാറുകയാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലാറ്റിൻ അമേരിക്കയിലെ ആകെ രോഗികളിൽ മൂന്നിലൊന്നും മരണസംഖ്യയിൽ മൂന്നിലൊന്നും ബ്രസീലിലാണ്. രാജ്യത്ത് കൂട്ടമരണം നടക്കുമ്പോഴും കർശന നടപടികളെടുക്കാൻ പ്രസിഡന്റ് ജെയർ ബൊൾസൊനാരോ തയ്യാറാകുന്നില്ല.

അതേസമയം,അമേരിക്കയിൽ പ്രതിദിന മരണവും പുതിയ കേസുകളും കുറഞ്ഞു തുടങ്ങി. സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങി. രാജ്യത്ത് രോഗബാധ ഏറ്റവും രൂക്ഷമായ ന്യൂയോർക്കിലും മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ആകെ മരണം 1.02 ലക്ഷം. രോഗികൾ 17 ലക്ഷം.

 ലോകത്ത് ആകെ മരണം - 3.57 ലക്ഷം

 രോഗികൾ - 58 ലക്ഷം

 ഭേദമായവർ -25 ലക്ഷം

 റഷ്യയിൽ ഇന്നലെയും 8000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണനിരക്ക് ഇപ്പോഴും കുറവ്. രോഗികൾ 3.79 ലക്ഷം. മരണം 4,142.

 കൊവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്നത് യൂറോപ്യൻ രാജ്യങ്ങൾ നിറുത്തി.

 സാമൂഹിക അകല നിയമങ്ങൾ ദക്ഷിണ കൊറിയ തിരിച്ചു കൊണ്ടുവന്നു. രാജ്യത്ത് 79 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

 തുർക്കിയിൽ ഇന്റർസിറ്റി ട്രെയിൻ സേവനങ്ങൾ പുനഃരാരംഭിച്ചു.

 ലാറ്റിനമേരിക്കയിൽ 14 ദശലക്ഷത്തോളം പേർ പട്ടിണിലാവാൻ സാദ്ധ്യതയെന്ന് ഐക്യരാഷ്ട്ര സഭ.

 ചൈനയിൽ രണ്ട് പുതിയ കേസുകൾ.

 കൊളംബിയയിൽ ജൂൺ മുതൽ ലോക്ക്ഡൗൺ ഇളവുകൾ.