നാരകം കൃഷി ചെയ്യുമ്പോൾ നിരവധി കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കണം. നാരകം വളർത്തുന്നത് പ്രയാസപ്പെട്ട ജോലിയായി കരുതുന്ന പലരും നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ ഇത് അത്രയ്ക്ക് ബുദ്ധിമുട്ടുള്ള ജോലിയൊന്നുമല്ല.
ദിവസം അഞ്ച് മണിക്കൂറെങ്കിലും നാരകച്ചെടിക്ക് സൂര്യപ്രകാശം ലഭിക്കണം. അതിനാൽ തന്നെ നല്ല വെയിൽ ലഭിക്കുന്ന സ്ഥലം നടുന്നതിനായി തിരഞ്ഞെടുക്കുക. വസന്തകാലമാണ് നാരകം നടാൻ അനുയോജ്യം. നാരകം നടാൻ വിശാലമായ മുറ്റമൊന്നും ആവശ്യമില്ല.
തൈകൾ പറിച്ച് നടുകയാണെങ്കിൽ വളരെ ശ്രദ്ധിക്കണം. വേരുകൾക്ക് തകരാർ സംഭവിച്ചാൽ നാരങ്ങ തൈകൾ നശിച്ചുപോകും. മാത്രമല്ല സാധാരണയായി സിട്രസ് മരങ്ങളുടെ വേരുകൾ വേഗത്തിൽ വളരുകയില്ല. അതിനാൽ, മുളപ്പിച്ച മണ്ണിനൊപ്പം തന്നെ അത് പറിച്ചുനടേണ്ടതുണ്ട്. ഈ ചെടികൾ ജലം കെട്ടിനിൽക്കാത്ത ഫലഭൂയിഷ്ഠമായ മണ്ണിലാണ് നന്നായി വളരുന്നത്. 6.0 പി.എച്ചുള്ള പശിമരാശി മണ്ണാണ് ഏറ്റവും നല്ലത്. എന്നിരുന്നാലും, അവ വ്യത്യസ്തമായ മണ്ണിലും വളരും. ഈ മരങ്ങൾക്ക് നൈട്രജൻ വളരെയധികം ആവശ്യമുണ്ട്. അതിനാൽ, ചെടിക്കായി ഉപയോഗിക്കുന്ന കമ്പോസ്റ്റിൽ ധാരാളം നൈട്രജൻ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
നാരകം 3 മുതൽ 5 വരെ അടി ഉയരത്തിലേ വളരുകയുള്ളൂ. ഇവ ചട്ടിയിലും വളർത്താനാവും. ശൈത്യകാലത്ത് കടുത്ത തണുപ്പ് ബാധിക്കാതെ ഇവയെ സംരക്ഷിക്കണം.
ചട്ടിയിൽ നാരകം വളർത്തുമ്പോൾ :
ചട്ടിയിൽ നാരകം നടുമ്പോൾ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. ഇത് വളർച്ച വേഗത്തിലാക്കും. ഇവയ്ക്ക് നല്ല പരിചരണം ആവശ്യമുണ്ട്. ചട്ടിയിൽ നാരകത്തിന് വളരാൻ ആവശ്യത്തിന് സ്ഥലമുണ്ടെന്ന് ഉറപ്പാക്കുക. സൂര്യപ്രകാശത്തിന് പുറമേ, മണ്ണിലെ വളവും, പതിവായുള്ള നനയും ആവശ്യമാണ്. തോട്ടത്തിൽ നാരകം വളർത്തുമ്പോൾ :
തോട്ടത്തിൽ നാരകം നടുന്നവർ ശ്രദ്ധിക്കേണ്ട കാര്യം നാരകത്തിൽ നിന്ന് മതിയായ അകലത്തിലേ പുല്ല് വളരാവൂ എന്നതാണ്. അല്ലെങ്കിൽ കോളർ റോട്ട് എന്ന പൂപ്പൽ ബാധ നാരകത്തിനുണ്ടാവും. നാരകങ്ങൾ തമ്മിൽ കുറഞ്ഞത് 2 മീറ്റർ അകലമുണ്ടാവണം.
നാരകം നശിച്ച് പോവുന്നതിനുള്ള കാരണങ്ങൾ - ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുക, അമിതമായ ജലലഭ്യത എന്നിവ നാരകം പെട്ടന്ന് നശിച്ച് പോകുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. കോളർറോട്ട് എന്ന പൂപ്പൽ ബാധ നാശത്തിനിടയാക്കും.
വിളവെടുപ്പ് - പാകമായ നാരങ്ങയ്ക്ക് നല്ല നിറമുണ്ടാവും. അത് നോക്കി വിളവെടുക്കാം. മൂന്ന് അടി ഉയരമുള്ള നാരകത്തിൽ ഒരു സമയത്ത് ഇരുപതിലേറെ ഫലങ്ങളുണ്ടാവില്ല.