trump
TRUMP

വാഷിംഗ്ടൺ: തന്റെ ട്വീറ്റിന് ട്വിറ്റർ വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹ്യമാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം കൊണ്ടുവരുമെന്നും കമ്പനികൾ പൂട്ടിക്കുമെന്നുമാണ് ട്വിറ്ററിലൂടെ തന്നെ ട്രംപ് ഭീഷണിമുഴക്കുന്നത്.

'ശക്തമായ നിയമനിർമാണം കൊണ്ടുവന്ന് സാമൂഹിക മാദ്ധ്യമങ്ങളെ പൂട്ടിക്കും. നിശബ്ദരാക്കാനാണ് അവരുടെ ശ്രമം. 2016ൽ അവർ അതിന് ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തത് നാം കണ്ടു. അതിന്റെ പുതിയ പതിപ്പുകൾ ആവർത്തിക്കാൻ അനുവദിച്ചുകൂടാ." - ട്രംപ് ട്വീറ്റ് ചെയ്തു.

മെയിൽ ഇൻ ബാലറ്റുകൾ ചതിയാണെന്നും കള്ളമാണെന്നുമുള്ള ആരോപണം അദ്ദേഹം ആവർത്തിച്ചു. ട്വിറ്ററിന് വ്യക്തമായ രാഷ്ട്രീയ പക്ഷപാതമുണ്ടെന്നും മാസങ്ങൾക്ക് മുമ്പ് തങ്ങളുടെ പരസ്യങ്ങളെല്ലാം പിൻവലിപ്പിച്ചുവെന്നും ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജർ ബ്രാഡ് പാർസ്‌കേൽ പറഞ്ഞു.

വോട്ട് ബൈ മെയിൽ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളിൽ തെറ്റിദ്ധരിപ്പിക്കാൻ സാദ്ധ്യതയുള്ള വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കാലയളവിൽ ആളുകളെ ഭയപ്പെടുത്താനോ തടയാനോ ഉദ്ദേശിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടുന്നത് ട്വിറ്റർ നയം വിലക്കുന്നുണ്ടെന്നും ചൂണ്ടികാട്ടിയാണ് ട്വിറ്റർ ട്രംപിന് മുന്നറിയിപ്പ് നൽകിയത്.