hongkong
HONGKONG

ഹോംങ്കോഗ്: ചൈനയ്‌ക്കെതിരെ അമർഷം നീറുന്ന ഹോംങ്കോംഗിന്റെ സ്വയംഭരണത്തിന് അന്ത്യമിടുന്ന ദേശീയ സുരക്ഷാ നിയമം ചൈനീസ് പാർലമെന്റ് ( നാഷണൽ പീപ്പിൾസ് കോൺഗ്രസ് )​ ഇന്നലെ പാസാക്കി. പാ‌ലമെന്റിലെ 2878 അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു. ഒരാളാണ് എതിർത്തത്. ആറ് പേർ വിട്ടു നിന്നു.

ചൈനയ്ക്കെതിരെയുള്ള ഏത് നീക്കവും കടുത്ത കുറ്റമാക്കാനും ശിക്ഷിക്കാനുമുള്ള വ്യവസ്ഥയാണ് നിയമത്തിലുള്ളത്. ഇനി ചൈനയുടെ സുരക്ഷാ ഏജൻസികളെ ഹോങ്കോംഗിൽ വിന്യസിക്കാം. ആരിലും രാജ്യദ്രോഹം, കൂറുമാറ്റം, അട്ടിമറി തുടങ്ങിയ കുറ്റങ്ങൾ ചുമത്താം. ഹോങ്കോംഗ് ഭരണകൂടത്തെ മറികടന്ന് ചൈനീസ് സർക്കാരിന് നടപടികളെടുക്കാം.

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ് 1997ൽ ചൈനയ്ക്ക് കൈമാറിയതു മുതൽ സ്വയം ഭരണവും സ്വാതന്ത്ര്യവും അനുവദിച്ചിരുന്ന 'ഒരു രാജ്യം, രണ്ട് സംവിധാനം' എന്ന ഭരണ രീതി ഇതോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. ചൈനയുടെ പ്രത്യേക ഭരണപ്രദേശം (സ്പെഷ്യ‍ൽ അഡ്മിനിസ്ട്രേറ്റിവ് റീജിയൺ)​ എന്ന പദവിയുള്ള ഹോങ്കോംഗിന്റെ സ്പെഷ്യൽ ചാർട്ടർ എന്നറിയപ്പെടുന്ന നിയമത്തിൽ ദേശീയ സുരക്ഷാ നിയമം കൂട്ടിച്ചേർക്കുന്നതോടെ ചൈനയുടെ പിടി മുറുകും. അതോടെ അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങൾക്ക് കടിഞ്ഞാൺ വീഴും. അതേസമയം,​ ഒരു രാജ്യം, രണ്ട് സംവിധാനം ഒരു ദേശീയ നയമായി തുടരുമെന്നാണ് ചൈനീസ് പ്രധാനമന്ത്രി ലീ കി ക്വിയാങ് പറയുന്നത്.

 രക്തരൂഷിതമാകുമോ ഹോംങ്കോംഗ്?

ദേശീയ സുരക്ഷാ നിയമത്തിനെതിരെ കഴിഞ്ഞയാഴ്‍ച തന്നെ ഹോങ്കോംഗ് ജനത പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. 500 ലേറെപ്പേരെ അറസ്റ്റ് ചെയ്തു.

2019 ജൂണിൽ കുറ്റവാളികളെ ചൈനയ്‍ക്ക് കൈമാറാനുള്ള നിയമത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം കൊവിഡ് കാരണമാണ് അവസാനിപ്പിച്ചത്.

 സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടി

ഹോങ്കോംഗിന്റെ സ്വതന്ത്ര പദവി നഷ്‍ടമാകുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് തിരിച്ചടിയുണ്ടാക്കും. നിരവധി അന്താരാഷ്ട്ര കമ്പനികളുടെ ഏഷ്യയിലെ കേന്ദ്രമാണ് ഹോങ്കോംഗ്. ചൈനയിലെ പോലെ കടുത്ത നിയമങ്ങൾ ഇല്ലാത്തതിനാൽ ഹോങ്കോംഗുമായുള്ള വ്യാപാരം ലോകരാജ്യങ്ങൾക്ക് എളുപ്പമായിരുന്നു. 1200 ലേറെ യു.എസ് കമ്പനികളും 800 ലേറെ സ്ഥാപനങ്ങളുടെ മേഖലാആസ്ഥാനവും ഹോങ്കോംഗിലാണ്. വ്യാപാരം തകർന്നാൽ ചൈനയെയും ബാധിക്കും. നിരവധി ചൈനീസ് കമ്പനികൾ ഹോങ്കോംഗ് കേന്ദ്രീകരിച്ച് അന്താരാഷ്ട്ര വ്യാപാരം നടത്തുന്നുണ്ട്.

 എതിർത്ത് അമേരിക്ക

ഹോങ്കോംഗിനെതിരായ ചൈനയുടെ നീക്കം നാശത്തിലേക്കുള്ളതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുന്നറിയിപ്പ് നൽകിയിരുന്നു. നിയമവുമായി ചൈന മുന്നോട്ട് പോയാൽ ചൈന-യു.എസ് ബന്ധം കൂടുതൽ വഷളാകും. ഇത് ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും വിദേശ ഇടപെടൽ വേണ്ടെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.

ഹോങ്കോംഗിന് മേലുള്ള ചൈനീസ് കടന്നുകയറ്റം മനുഷ്യാവകാശ ലംഘനത്തിന് ഇടയാക്കുന്നതിനെതിരെ നേരത്തെ അമേരിക്ക നിയമം പാസാക്കിയിരുന്നു. ചൈനയ്ക്കെതിരായ യു. എസ് ഉപരോധങ്ങളൊന്നും ഹോങ്കോംഗിന് ബാധകമായിരുന്നില്ല. യു.എസിന് ഹോങ്കോംഗുമായി ശക്തമായ വ്യാപാര ബന്ധമുണ്ട്. സ്വയംഭരണ പദവി നഷ്‍ടമാകുന്നതോടെ ഈ പദവിയും ഹോങ്കോംഗിന് നഷ്‍ടമാകും.