റാഞ്ചി:- രാജ്യമാകെ കൊവിഡ്-19 രോഗബാധയുമായി പോരടിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം ലോക്ഡൗണിന്റെ അനന്തരഫലമായി വന്ന വൻ തോതിലുള്ള കുടിയേറ്റ തൊഴിലാളി പ്രവാഹവും. തൊഴിലാളികൾ മടങ്ങിയെത്തുന്നതോടെ സംസ്ഥാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉണ്ടാകുന്നത്. കേന്ദ്ര നിർദ്ദേശപ്രകാരം അവരെ ക്വാറന്റൈനിൽ പാർപ്പിക്കുന്നതും മതിയായ ടെസ്റ്രിങ് നടത്തി രോഗബാധയുണ്ടോ എന്നത് ഉറപ്പിക്കേണ്ടതുമുണ്ട്. ജാർഖണ്ഡ് സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ ഇത്തരത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ വെളിപ്പെടുത്തുകയാണ്. 53000പേർക്ക് മാത്രമാണ് ഇതുവരെ കൊവിഡ് ടെസ്റ്റ് നടത്തിയത്. 427 പേർക്ക് രോഗം പോസിറ്റീവായി. നാലുപേർ മരിച്ചു.
മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സംവിധാനങ്ങൾ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഹേമന്ത് സോറന്റെ വാദം. എന്നാൽ വലിയ തോതിലുള്ള പരിശോധനകൾക്കുള്ള സംവിധാനം സംസ്ഥാനത്തില്ല. അതൊരു പോരായ്മയാണ്. ആകെ നാല് കൊവിഡ് പരിശോധനാ ലാബുകളേ ഉള്ളൂ. കൽക്കത്തയിലെ ലാബിലായിരുന്നു സാമ്പിൾ പരിശോധന നടത്തിയിരുന്നത് ഇപ്പോൾ നില മെച്ചപ്പെട്ടു.
ലോക്ഡൗണിൽ കുടുങ്ങി പൊതുജന ജീവിതം സ്തംഭിച്ചതോടെ കുടിയേറ്റ തൊഴിലാളികൾ ജോലിയില്ലാത്തവരായി. ഇവർ തിരികെ അതാത് സംസ്ഥാനങ്ങളിലേക്ക് വന്നുതുടങ്ങി. 166 ട്രെയിനുകളിലായി നിരവധി തൊഴിലാളികൾ സംസ്ഥാനത്ത് മടങ്ങിയെത്തി. മൊത്തം നാലര ലക്ഷം തൊഴിലാളികളാണ് തിരികെ വന്നത്. ഇരട്ടിയോളം പേർ ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ തിരികെയെത്താനാകാതെ കുടുങ്ങി കിടക്കുകയാണ്.
കേന്ദ്ര ഗവണ്മെന്റ് ഇക്കാര്യങ്ങളിലെടുത്ത തീരുമാനങ്ങൾ സംസ്ഥാനങ്ങളുമായി വേണ്ടത്ര ആലോചിച്ചിട്ടായിരുന്നില്ല. മുൻപ് മതിയായ അറിയിപ്പ് ലഭിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് നാട്ടിലേക്ക് വരുന്നവർക്ക് വേണ്ടി നടപടി സ്വീകരിക്കാൻ മതിയായ സമയം ലഭിച്ചിരുന്നു. ഇപ്പോൾ അധികാരം കേന്ദ്രം ഏറ്റെടുത്തതോടെ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നതാണ് നാം കാണുന്നത്. 'മറ്റെവിടേക്കെങ്കിലും പോകേണ്ട ട്രെയിൻ ഓടി റാഞ്ചിയിലെത്തുന്നു.ഇങ്ങനെ എട്ടോ പത്തോ ട്രെയിനുകൾ എത്തിയാൽ കാര്യങ്ങൾ കൈവിടുക തന്നെ ചെയ്യും.' സോറൻ ഓർമ്മിപ്പിക്കുന്നു.
മറ്റൊരു പ്രശ്നം വരുമാനമാണ്. കേന്ദ്രം ജിഎസ്ടി നിയമം നടപ്പാക്കിയ ശേഷം സംസ്ഥാനങ്ങൾക്ക് വരുമാനം കുത്തനെ കുറഞ്ഞു. സംസ്ഥാനങ്ങൾ സ്വയം വരുമാനമാർഗ്ഗം കണ്ടെത്തേണം. കൊവിഡ് രോഗബാധയെ പ്രതിരോധിക്കുന്നതിൽ കേരളം മികച്ചൊരു മാതൃകയാണ്. നീണ്ടകാലമായി മികച്ചൊരു ആരോഗ്യമാതൃകയുള്ള സംസ്ഥാനമാണ് കേരളം. ജാർഖണ്ഡിൽ പക്ഷെ ഈ ഗവണ്മെന്റ് വന്നയുടനെ കൊവിഡ് മഹാമാരിയെ നേരിടേണ്ടി വന്നു. രണ്ട് സംസ്ഥാനങ്ങളും രണ്ട് തരം കുടിയേറ്റക്കാരാണ് ജനങ്ങൾ. മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരാണ് ജാർഖണ്ഡിൽ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവരാണ് കേരളത്തിൽ. വളരെ പരിമിതമായ സൗകര്യം മാത്രമുള്ള സംസ്ഥാനമായ ജാർഖണ്ഡ് എന്നാൽ കഴിയുംപോലെ രോഗത്തെ പ്രതിരോധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു.