shio-bavo
SHIO BAVO

ബീജിംഗ്: 'ഹാച്ചിക്കോ" എന്ന സിനിമ ഓർമ്മയുണ്ടോ ?. യജമാനൻ മരിച്ചതറിയാതെ 10 വർഷത്തോളം അദ്ദേഹത്തിന് വേണ്ടി ഷിബുയ സ്റ്റേഷനിൽ കാത്തിരുന്ന 'ഹാച്ചി' എന്ന ജാപ്പനീസ് നായയുടെ കഥയാണത്. വർഷങ്ങളോളം മനുഷ്യരെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം 'ഹാച്ചിക്കോ' എന്ന പേരിൽ ബോളിവുഡ് സിനിമയായി ലോകശ്രദ്ധ നേടിയിരുന്നു. ഇന്നിതാ 'ഹാച്ചിക്കോയെ' അനുസ്മരിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ചൈനയിലെ നായ്ക്കുട്ടി 'ഷിയോ ബാവോ'.

കൊവിഡ് ബാധിച്ച യജമാനൻ വുഹാനിലെ ആശുപത്രിയിലെത്തിയപ്പോൾ ഒപ്പം വന്നതാണ് ബാവോ. ഫെബ്രുവരിയിലായിരുന്നു അത്. അഞ്ചുദിവസം കഴിഞ്ഞപ്പോൾ ഗുരുതരമായി വൈറസ് ബാധിച്ച യജമാനൻ മരിച്ചു. പാവം ബാവോ ഇതറിഞ്ഞില്ല. യജമാനൻ പുറത്തുവരുന്നതും നോക്കി ആശുപത്രിക്ക് മുന്നിൽ തന്നെയിരുന്നു. മൂന്നുമാസത്തോളം കഴിഞ്ഞിട്ടും ബാവോയ്ക്ക് കുലുക്കമില്ല. കാത്തിരിപ്പ് തുടരുകയാണ്. ഇക്കാലയളവിൽ ആശുപത്രി ജീവനക്കാരാണ് ബാവോയ്ക്ക് ഭക്ഷണവും മറ്റും നൽകിയത്. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീണ്ടുപോയതോടെ നായയെ സംരക്ഷിക്കാൻ ആശുപത്രി ജീവനക്കാർക്ക് സാധിക്കാതെ വന്നു. ഒടുവിൽ ബാവോയുടെ കാത്തിരിപ്പിന്റെ കഥയറിഞ്ഞ ഒരാൾ നായയെ ഏറ്റെടുത്ത് ദൂരെയുള്ള താമസ സ്ഥലത്തേക്ക് കൊണ്ടുപോയെങ്കിലും ദിവസവും യജമാനനെ കാത്ത് ബാവോ ആശുപത്രിയിലെത്തി. പലവിധത്തിൽ തടയാൻ ശ്രമിച്ചെങ്കിലും ബാവോ എങ്ങനെയെങ്കിലും ആശുപത്രിയിലെത്തും. ഇതോടെ ബാവോയെ ഒരു നായ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കയാണ്.

ഹാച്ചിക്കോ

ജപ്പാനിലെ ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിലെ കാർഷിക വിഭാഗത്തിൽ പഠിപ്പിച്ച പ്രൊഫസർ ഹിഡ്‌സാബുറോ യുനോയുടെ നായയുടെ പത്ത് വർഷത്തോളം നീണ്ട കാത്തിരിപ്പ് നിരവധിപ്പേരെ കണ്ണീരണിയിച്ചിട്ടുണ്ട്. 1925 മെയ് 21 ന് യൂണിവേഴ്സിറ്റിയിൽ തന്റെ വിദ്യാർത്ഥികൾക്ക് മുന്നിൽ പ്രഭാഷണം നടത്തുന്നതിനിടെ, 53-കാരനായ പ്രൊഫസർ യൂനോ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. യജമാനൻ മരിച്ചതറിയാതെ ഷിബുയ സ്റ്റേഷനിൽ കാത്തിരുന്ന ഹച്ചിക്കോയുടെ ജീവിതം പിന്നീട് സിനിമയായി.