കുമ്പളങ്ങി െെനറ്റ്സ് , ഹെലൻ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പുതിയ താരോദയമായ അന്ന ബെന്നിന്റെ
വിശേഷങ്ങൾ......
ഹെലൻ എന്ന സിനിമയിലെ എന്റെ കഥാപാത്രവും ഞാനുമായി ഒരുപാട് സാമ്യങ്ങളുണ്ട്. റിലീസായിട്ട് ഒരുപാട് നാളായെങ്കിലും ഇന്നും ഹെലൻ എന്റെ മനസ് വിട്ടുപോയിട്ടില്ല. ഒരിക്കലും പോവുകയുമില്ല. പുഞ്ചിരിയാണ് എന്റെയും ഹെലന്റെയും ഐഡന്റിറ്റി.എപ്പോഴും പ്രസന്നമായിരിക്കുന്ന ആളാണ് ഞാൻ. ഞങ്ങൾ രണ്ടുപേർക്കും ഈ സമാനതയുണ്ട്. അഭിനയ സാദ്ധ്യത നിറഞ്ഞ കഥാപാത്രമായിരുന്നു ഹെലൻ.അടുത്ത വീട്ടിലെ പെൺകുട്ടിയായി ഹെലനെ എല്ലാവരും കണ്ടു. എന്നെ നേരിൽ കാണുമ്പോഴും അത്തരമൊരു ഫീൽ തോന്നാം. അതിനാൽ പ്രേക്ഷകർ ഹെലനെ മനസിൽ എടുത്തു വച്ചു. കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളെ പോലെ. ലാൽ അങ്കിളിന്റെ കുടുംബവുമായി എന്റെ വീട്ടുകാർക്ക് അടുത്ത സൗഹൃദമാണ്. അതിനാൽ പപ്പ എന്നു ഈസിയായി വിളിക്കാൻ കഴിഞ്ഞു. ലാൽ അങ്കിളാണ് ഹെലനായി എന്റെ പേര് നിർദ്ദേശിച്ചത്. ഈ സിനിമയിലേക്ക് വരുന്ന ആദ്യ താരം ലാൽ അങ്കിളാണ്. പപ്പയും മകളും തമ്മിലുള്ള ബന്ധം നന്നായി വർക്കൗട്ടായി. കാമറയ്ക്കു മുന്നിലാണെന്ന് പലപ്പോഴും തോന്നിയില്ല. ലാൽ അങ്കിളും ഞാനും തമ്മിലുള്ള സീനിൽ അനാവശ്യമായ ഡ്രാമ വന്നില്ല.അത് ഡയറക്ടറുടെ തീരുമാനമായിരുന്നു. ഹെലൻ എന്ന ലാൽ അങ്കിളിന്റെ വിളിയിൽ പോലും പിതൃവാത്സല്യം അനുഭവപ്പെട്ടു.
ആദ്യ ടൈറ്റിൽ കഥാപാത്രമായിരുന്നു ഹെലൻ. അതിന്റെ സന്തോഷം വലുതാണ്. കഥ കേട്ടപ്പോൾ തന്നെ അഭിനയസാദ്ധ്യത നിറഞ്ഞ കഥാപാത്രമാണെന്ന് തിരിച്ചറിഞ്ഞു. മാത്രമല്ല, എന്റെ രണ്ടാമത്തെ സിനിമയും. അഭിനയം കരിയറായി സ്വീകരിച്ചതിനാൽ ഹെലൻ ഒരുപാട് ആത്മവിശ്വാസമേകി. പ്രീ- പ്രൊഡ ക് ഷൻ മുതൽ ഞാൻ ടീമിലുണ്ട്. ഹെലൻ എന്ന കഥാപാത്രത്തിന്റെ ഓരോ വളർച്ചയിലും ഒപ്പം ഉണ്ടായിരുന്നു. അപ്പോഴേക്കും ഞാൻ ഹെലനായി മാറി. ഒരു ഫ്ളോറിലാണ് കോൾഡ് സ്റ്റോറേജ് സെറ്റ് ചെയ്തത്. രണ്ടാഴ്ച അവിടെ ഷൂട്ട് ഉണ്ടായിരുന്നു. അത്യാവശ്യം മുൻകരുതലെടുത്തു.ഇടയ്ക്കിടെ ചൂടുള്ളത് കഴിക്കുകയും കുടിക്കുകയും ചെയ്തു. ഫ്രീസറിനു പുറത്തും താപനില ക്രമീകരിച്ചാണ് ഫ്ളോർ സജ്ജമാക്കിയത്. ഷൂട്ടിംഗ് ഇടവേളകളിൽ ഫ്രീസറിന് പുറത്തു വരുമ്പോൾ പുറത്തെ താപനിലയിൽ വലിയ വ്യത്യാസം ഉണ്ടെങ്കിൽ അതു വലിയ ആരോഗ്യ പ്രശ്നം സൃഷ്ടിക്കും. കാമറയ്ക്കും മറ്റു ഉപകരണങ്ങൾക്കും താപനിലയിലെ വൃതിയാനം പ്രശ്നമാണ്. മൈനസ് ത്രീയിലും മൈനസ് ഫൈവിലുമായിരുന്നു ഷൂട്ട്. തണുപ്പ് എനിക്കിഷ്ടമല്ല. എ.സി ഉപയോഗിക്കുന്ന സ്വഭാവവുമില്ല. ഷൂട്ടിന് മുൻപ് ഡോക്ടറെ കണ്ടു പരിശോധിച്ചു. ഫ്രീസറിലെ ഷൂട്ട് ഏറെ ബുദ്ധിമുട്ടിച്ചെങ്കിലും ഹെലൻ വലിയ വിജയം നേടിയതിൽ സന്തോഷമുണ്ട്. ടീമംഗങ്ങൾ എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാൻ ജാക്കറ്റും മറ്റും ധരിച്ചു. എനിക്ക് ഷൂട്ടിന്റെ ഇടവേളയിൽ മാത്രമേ അത്തരം സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളൂ.
കുമ്പളങ്ങി നൈറ്റ്സ് കഴിഞ്ഞ് ചെറിയ ഇടവേള വന്നു. നല്ല പ്രോജക്ട് വന്നില്ല. ബി.എസ് സി ഫാഷൻ ഡിസൈനിംഗ് കഴിഞ്ഞു മാസ്റ്റർ കോഴ്സ് ചെയ്യാൻ തയ്യാറെടുക്കുമ്പോഴാണ് കുമ്പളങ്ങി നൈറ്റ്സിലേക്ക് വിളി വരുന്നത്. വീണ്ടും പഠിക്കാൻ തുടങ്ങുമ്പോഴാണ് ഹെലന്റെ വിളി. നോ പറയാൻ കഴിഞ്ഞില്ല. അപ്പോൾ തന്നെ അതു ചെയ്യാൻ തീരുമാനിച്ചു. ഉടൻ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഹെലന്റെ ടീം.
മരണത്തെ മുഖാമുഖം കാണുന്ന നിമിഷത്തിൽ സ്വന്തം ജീവൻ രക്ഷിക്കാൻ പൊരുതുന്നയാളാണ് ഹെലൻ. ഇത്തരമൊരു അനുഭവം ഹെലനെ പോലെ എന്റെ ജീവിതത്തിലും ആദ്യമാണ്. ഷൂട്ടിന് മുമ്പ് കെ.എഫ്.സിയിലും മറ്റും പോയി. ഭക്ഷണം സേർവ് ചെയ്യുന്നതും ഫ്രീസറും സ്റ്റോർ റൂമും കിച്ചണും കണ്ടു. ഫ്രീസറിനുള്ളിൽപ്പെടുന്നവർ സാധാരണ മരിച്ചു പോവുകയാണ് പതിവ് . അപൂർവം സംഭവങ്ങളിൽ ആ തണുപ്പിനെ അതിജീവിച്ചു തിരിച്ചു വന്നിട്ടുമുണ്ട്. എറണാകുളത്തും സമീപ പ്രദേശങ്ങളിലുമുള്ള കോൾഡ് സ്റ്റോറേജുകളൊക്കെ സിനിമയ്ക്കു വേണ്ടി സന്ദർശിച്ചു. അവിടെ നിന്നു ലഭിച്ച കഥകളും അനുഭവങ്ങളും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. . അമ്മ എല്ലാ ദിവസവും കൂടെയുണ്ടായിരുന്നു. അപ്പോൾ ഹെലന്റെ അതിജീവനം അറിയാം. എന്നാൽ പപ്പയ്ക്ക് അറിയില്ല. ഞങ്ങൾ എല്ലാവരും കൂടിയാണ് സിനിമ കണ്ടത്. പപ്പയും അമ്മയും നന്നായി ആസ്വദിച്ചു. എന്നാൽ സിനിമ കഴിഞ്ഞപ്പോൾ രണ്ടുപേരുടെയും കണ്ണു നിറഞ്ഞു. പുറത്തിറങ്ങിയപ്പോൾ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ഹെലൻ എന്ന വിളിയായിരുന്നു ചുറ്റും.എല്ലായിടത്തുനിന്നും കിട്ടിയത് നല്ല വാക്കുകൾ.
ഹെലനിൽ പ്രേക്ഷകർ കണ്ടത് യഥാർത്ഥ എലിയെയാണ്.രണ്ടു പേരുണ്ട്. ഷൂട്ടിന് 20 ദിവസം മുൻപേ ഡയറക്ടർ ഇവയെ വളർത്താൻ തുടങ്ങി. അതിനാൽ അവരുടെ മൂവ് മെന്റ്സൊക്കെ പിടികിട്ടി. ഒരാൾ പതുങ്ങി നടക്കുന്ന കക്ഷിയാണ്. അവനെ ഒതുങ്ങിയിരിക്കുന്ന സീക്വൻസിൽ ഉപയോഗിച്ചു.
ഓടി നടക്കുന്ന സീനുകളിൽ മറ്റേ കക്ഷിയെ ഉപയോഗപ്പെടുത്തി. വീട്ടിൽ വളർത്തുന്ന നായക്കുട്ടിയെപോലെയായിരുന്നു എനിക്ക് അവർ. അതിനാൽ പേടിയോ വെറുപ്പോ തോന്നിയില്ല. അഞ്ചു വർഷമായി ഹെലനെപ്പറ്റി മാത്തുക്കുട്ടിച്ചേട്ടനും നോബിളേട്ടനും ആലോചിക്കുന്നുണ്ടായിരുന്നുവത്രേ.ആ സമയത്ത് ഞാൻ സിനിമയിൽ പോലും വന്നിട്ടില്ല. വിനീതേട്ടൻ നിർമ്മിച്ച സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.
എന്റെ അഭിനയത്തെ ഞാൻ ഇതുവരെ വിലയിരുത്തിയിട്ടില്ല. കഥാപാത്രത്തെ റിലേറ്റ് ചെയ്യുന്നുണ്ടോ കഥാപരമായി മുന്നോട്ടു പോവാൻ കഴിയുന്നുണ്ടോയെന്നാണ് നോക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് കഴിഞ്ഞു അന്യ ഭാഷയിൽ നിന്ന് അവസരം വന്നിരുന്നു. എന്നാൽ കൊതിപ്പിക്കുന്ന പ്രോജക്ട് വന്നില്ല. കമ്മിറ്റ് ചെയ്ത സിനിമകൾ കഴിഞ്ഞുമതി അന്യഭാഷ ചിത്രം എന്നാണ് തീരുമാനം. നടൻ മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന കപ്പേളയും നല്ല അഭിപ്രായം നേടി.പക്ഷേ ലോക്ക്ഡൗൺ കാരണം തിയറ്ററുകളിൽ നിന്ന് പെട്ടെന്ന് പിൻവലിക്കേണ്ടിവന്നു.വലിയ പ്ളാനിംഗില്ലാത്ത ആളാണ് ഞാൻ. പപ്പയുടെ തിരക്കഥയിൽ സിനിമ ഉണ്ടാവുമോയെന്ന് പലരും ചോദിക്കാറുണ്ട്.എനിക്ക് വേണ്ടി പപ്പ ഒന്നും എഴുതുന്നില്ല. 'നീ ചെയ്യണമെന്ന് " പപ്പ പറഞ്ഞാൽ തീർച്ചയായും അതു സംഭവിക്കും. (പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണ് അന്ന).