കാസർകോട്: ലോക്ക് ഡൗണിൽ കർണാടകം അതിർത്തിയിൽ റോഡ് അടച്ചതിനാൽ രണ്ടുതവണ വിദഗ്ധ ചികിത്സ നിഷേധിക്കപ്പെട്ട സംസ്‌കൃതാദ്ധ്യാപകൻ മരിച്ചു . നീർച്ചാൽ രത്നഗിരി പെർവയിലെ പപ്പയ്യ മുഖാരിയുടെയും പരേതയായ സുന്ദരിയുടെയും മകൻ അശോക(33)യാണ് മരിച്ചത്.
മൈസൂരിലെ സ്വകാര്യകോളേജിൽ സംസ്‌കൃതാദ്ധ്യാപകനായ ആശോക, തലച്ചോറിലെ അസുഖത്തെ തുടർന്ന് നേരത്തെ മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനുശേഷം മൈസൂരിലെ താമസസ്ഥലത്ത് വിശ്രമത്തിൽ കഴിഞ്ഞു. കൊവിഡിനെ തുടർന്ന് കർണാടകയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനുമുമ്പേ അശോക നാട്ടിലേക്ക് വന്നിരുന്നു. അശോകയെ രണ്ടുതവണ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തലപ്പാടിയിൽ റോഡ് അടച്ചതിനാൽ സാധിച്ചില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന അശോക. കഴിഞ്ഞ രാത്രി മരിച്ചു. ഭാര്യ; മീനാക്ഷി. മക്കളില്ല.