george-floyd
GEORGE FLOYD

വാഷിംഗ്ടൺ: അമേരിക്കയിൽ മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡെന്ന യുവാവിനെ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. തട്ടിപ്പ് കേസിലെ പ്രതിയെന്ന് തെറ്റിദ്ധരിച്ചാണ് ജോർജിനെ അറസ്റ്റ് ചെയ്തത്.

മിനിയപൊളിസിലും സമീപ പ്രദേശങ്ങളിലും നൂറുകണക്കിനാളുകൾ പ്രതിഷേധിച്ചു. പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകൊണ്ട് വെടിവച്ചും പ്രതിഷേധക്കാരെ നേരിട്ടത് സംഘർഷത്തിനിടയാക്കി. ഇന്നലെയും പ്രതിഷേധം ശക്തമായി തുടരുകയാണ്. നഗരവീഥികളെല്ലാം തന്നെ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ നിലവിളി കറുത്തവർഗക്കാരുടെ പുതിയ മുദ്രാവാക്യമായി മാറിയിരിക്കുകയാണ്. കാലിഫോർണിയയിൽ ഉൾപ്പെടെ അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.സാമൂഹിക മാദ്ധ്യമങ്ങളിൽ #icantbreathe #JusticeForFloyd #BlackLivesMatters #GeorgeFloyd എന്നീ ഹാഷ്ടാഗുകൾ വൈറലായി കഴിഞ്ഞു. കൊവിഡ് വ്യാപനം മൂലം സാമൂഹിക അകലം ആവശ്യമായ ഈ സമയത്ത് നടക്കുന്ന പ്രതിഷേധം രോഗവ്യാപനം വർദ്ധിപ്പിക്കുമോ എന്ന ആശങ്കയും അധികാരികൾക്കുണ്ട്.

 കുറ്റക്കാർക്കെതിരെ കർശന നടപടി വേണം

ജോർജിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടാൽ മാത്രം പോരെന്ന് സഹോദരി ബ്രിഡ്ജറ്റ് ഫ്ലോയിഡ്. തന്റെ സഹോദരനെ കൊന്നതാണെന്നും മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതരിരെ കർശന നടപടിയെടുക്കണമെന്നും ബ്രിഡ്ജറ്റ് പറഞ്ഞു.