തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 3 പേർ ഇന്ന് രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷമുളള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച 79 പേരും കേരളത്തിന് പറത്തു നിന്നു വന്നവർ.കാസർകോട് 18 പാലക്കാട് 16 കണ്ണൂർ എട്ട് മലപ്പുറം എട്ട് തിരുവനന്തപുരം ഏഴ് തൃശൂർ ഏഴ് കോഴിക്കോട് ആറ് പത്തനംതിട്ട ആറ് കോട്ടയം മൂന്ന് ആലപ്പുഴ കൊല്ലം ഒന്ന് വീതം. ഇതിൽ 31 പേർ വിദേശത്ത് നിന്ന് വന്നവർ , 48 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 39 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നതാണ്.
അതേസമയം ഇന്ന് ഒരു മരണം കൂടി കേരളത്തിൽ റിപ്പോർട്ട് ചെയ്തു. തെലങ്കാന സ്വദേശിയാണ് മരിച്ചത്.
തെലങ്കാനയിലേക്ക് പോകേണ്ട അഞ്ജയ് ആണ് മരിച്ചത്. ഇയാൾ ട്രെയിൻ മാറി കയറിയാണ് തിരുവനന്തപുരത്തെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
സംസ്ഥാനത്ത് പുതിയ ആറ് ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു.സമ്പർക്കത്തിലൂടെ ഇന്ന് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കാസർകോട് മൂന്ന് പാലക്കാട് രണ്ട് കോട്ടയം ഒന്ന് എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് 1,15,297 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ക്വാറന്റീൻ ലംഘിച്ചതിന് ഇന്ന് ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
ബെവ്ക്യൂ ആപ്പിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബെവ്ക്യു ആപ്പ് വഴി വെർച്വൽ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെയാണ് വിൽപ്പന നടത്തുന്നത്. ഇതുവരെ 2.25 ലക്ഷം പേരാണ് ടോക്കൺ ഉപയോഗപ്പെടുത്തിയത്. സാങ്കേതിക തടസങ്ങൾ പരിഹരിച്ച് വെർച്വൽ ക്യു സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.