തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്ന് പേർ ഇന്ന് രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷമുളള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച 79 പേരും കേരളത്തിന് പുറത്തു നിന്നു വന്നവരാണ്.കാസർകോട് 18, പാലക്കാട് 16, കണ്ണൂർ എട്ട്, മലപ്പുറം എട്ട്, തിരുവനന്തപുരം ഏഴ്, തൃശൂർ ഏഴ്, കോഴിക്കോട് ആറ്, പത്തനംതിട്ട ആറ്, കോട്ടയം മൂന്ന്, ആലപ്പുഴ കൊല്ലം ഒന്ന് വീതം. ഇതിൽ 31 പേർ വിദേശത്ത് നിന്ന് വന്നവരും , 48 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 39 പേർ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ്.
ഇന്ന് ഒരു മരണം കൂടി കേരളത്തിൽ റിപ്പോർട്ട് ചെയ്‌തു. തെലങ്കാന സ്വദേശിയാണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട അഞ്ജയ് ആണ് മരിച്ചത്. ഇയാൾ ട്രെയിൻ മാറി കയറിയാണ് തിരുവനന്തപുരത്തെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
സംസ്ഥാനത്ത് പുതിയ ആറ് ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു.സമ്പർക്കത്തിലൂടെ ഇന്ന് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. കാസർകോട് മൂന്ന്, പാലക്കാട് രണ്ട്, കോട്ടയം ഒന്ന് എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് 1,15,297 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ക്വാറന്റീൻ ലംഘിച്ചതിന് ഇന്ന് ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
ഇത് ദുർഘട ഘട്ടമായതിനാൽ ഒരു സ്‌കൂളും ഫീസ് വർധിപ്പിക്കരുത്
ഈ കാലം വളരെ പ്രത്യേകമായതാണ്. എല്ലാ മേഖലയിലും മാറ്റം വരുത്തേണ്ട കാലം. പഠനം പരമാവധി ഓൺലൈനാക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതും ഇതിന്റെ ഭാഗമാണ്. എല്ലാ ജനങ്ങളും പ്രയാസം നേരിടുന്നു. തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനം അടഞ്ഞവരുമെല്ലാമുണ്ട്. അത്തരക്കാരെ സഹായിക്കുക, ഭാരം ലഘൂകരിക്കുക എന്നിവയാണ് ലക്ഷ്യമാകേണ്ടത്. ഇതിനെല്ലാം വിരുദ്ധമായ പ്രവണതകൾ കാണുന്നു. അതിലൊന്നാണ് സ്വകാര്യ സ്‌കൂളുകൾ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതി. വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അതടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വർഷത്തേക്ക് പുസ്തകം തരൂ എന്ന് പറയുകയും ചെയ്ത സ്വകാര്യ സ്‌കൂളുകളുണ്ട്. ഇത് ദുർഘട ഘട്ടമായതിനാൽ ഒരു സ്‌കൂളും ഫീസ് വർധിപ്പിക്കരുത്. പുതിയ സാഹചര്യത്തിന് അനുസൃതമായി പഠന രീതി ക്രമീകരിക്കുക. വേണ്ട മാറ്റങ്ങൾ വരുത്തുക. ഇവയാണ് മേഖലയിൽ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടത്.
കേരളം കൊവിഡ് കണക്ക് പൂഴ്‌ത്തി വച്ചിട്ടില്ല
കൊവിഡ് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആലപ്പുഴയിൽ മാത്രമാണ് സ്രവ പരിശോധനാ സൗകര്യം ഉണ്ടായിരുന്നത്. ഇപ്പോൾ 15 സർക്കാർ സ്ഥാപനത്തിൽ ടെസ്റ്റിംഗ് തുടങ്ങി, ഐസിഎംആർ അനുമതി നേടി. ആദ്യ ഘട്ടത്തിൽ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐ.സി.എം.ആറിൽ നിന്ന് ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഐ.സി.എം.ആർ നിർദേശ പ്രകാരമുള്ള ടെസ്റ്റിന് കുറവുണ്ടായിരുന്നില്ല. പുറത്ത് നിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ ടെസ്റ്റ് വർദ്ധിപ്പിച്ചു. ദിവസം മൂവായിരം ടെസ്റ്റ് ഇനി ചെയ്യും. ടെസ്റ്റിന് സാധാരണ പാലിക്കേണ്ട മാനദണ്ഡം പാലിക്കുന്നുണ്ട്. ഐ.സി.എം.ആറിന്റെ കൃത്യമായ നിർദേശമുണ്ട്. കാര്യക്ഷമതയോടെ ഇത് പാലിക്കുന്നുണ്ട്. വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. കിറ്റ് ഐ.സി.എം.ആറിൽ നിന്ന് ലഭിക്കണം. എന്നാലതിന് ഗുണനിലവാരമുണ്ടായിരുന്നില്ല. അത് ഉപയോഗിക്കേണ്ടെന്ന് ഐ.സി.എം.ആർ നിർദ്ദേശിച്ചു. അതിനാലാണ് ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താനാകാതിരുന്നത്.
സമൂഹിക വ്യാപനം അറിയാനാണ് സെന്റിനൽ സർവൈലൻസ് ടെസ്റ്റ്. ഇത് നല്ല രീതിയിൽ പുരോഗമിക്കുന്നു. അത് നടത്തിയാണ് സർക്കാർ സാമൂഹിക വ്യാപനമില്ലെന്ന് ഉറപ്പാക്കിയത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ സാമൂഹിക വ്യാപനമുണ്ടാകില്ലെന്ന് പറയാനാവില്ല. ജലദോഷ പനിയുള്ളവരെയും ടെസ്റ്റ് ചെയ്യും. ഐ.സി.എം.ആറിന്റെ നിർദേശപ്രകാരമാണിത്. സമ്പർക്കത്തിലൂടെ രോഗബാധ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.
ഇവിടെ ജനങ്ങൾ ജാഗ്രതയോടെ ഒറ്റക്കെട്ടായി പൊരുതുന്നു. രോഗം ആർക്കെങ്കിലും ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ സാധിക്കില്ല. ചികിത്സിച്ചില്ലെങ്കിൽ മരിക്കും. കൊവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതിൽ ആളുകൾ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. 0.5 ആണ് മരണനിരക്ക്. ദേശീയ നിരക്ക് 2.89 ശതമാനമാണ്. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും സംസ്ഥാനം മുന്നിൽ. വ്യാജപ്രചാരണത്തിലൂടെയും കണക്ക് പൂഴ്ത്തിവെക്കുന്നുവെന്ന് ആക്ഷേപിച്ചും സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെ മറച്ചുവെക്കാനാവില്ല. ടെസ്റ്റ് മറച്ചുവെച്ചതിന് കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളമില്ല. കേരളത്തിന് അഭിനന്ദനം മാത്രമാണ് കിട്ടിയത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബെവ്ക്യൂ ആപ്പിലെ ആശയക്കുഴപ്പം പരിഹരിക്കും
ബെവ്ക്യൂ ആപ്പിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബെവ്ക്യു ആപ്പ് വഴി വെർച്വൽ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെയാണ് വിൽപ്പന നടത്തുന്നത്. ഇതുവരെ 2.25 ലക്ഷം പേരാണ് ടോക്കൺ ഉപയോഗപ്പെടുത്തിയത്. സാങ്കേതിക തടസങ്ങൾ പരിഹരിച്ച് വെർച്വൽ ക്യു സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.