uthra
UTHRA

അടൂർ: ഉത്രയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും ഇന്ന് ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി എ.അശോകന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യും.ഇതിനായി കൊട്ടാരക്കര ഒാഫീസിലേക്ക് വിളിച്ചുവരുത്തും.

സൂരജിന്റെ മൂന്ന് സുഹൃത്തുക്കളെ ഇന്നലെ ഒാഫീസിൽ വരുത്തി ചോദ്യംചെയ്തിരുന്നു. അറസ്റ്റിനുമുമ്പ് സൂരജിന് ഏഴംകുളത്തെ അഭിഭാഷകന്റെ നിയമോപദേശം ലഭ്യമാക്കാൻ സഹായിച്ചവരാണ് രണ്ടുപേർ. മൂന്നാമനാണ് പെരിങ്ങനാട്ടെ വീട്ടിൽ സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചത്. സൂരജിനൊപ്പം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു.

അടൂരിലെ വീട്ടിൽ ബുധനാഴ്ച തെളിവെടുപ്പ് നടത്തിയപ്പോഴും സൂരജ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. സുരേഷിനോട് വാങ്ങിയ അണലിയെ അടുക്കളയ്ക്കു സമീപത്തെ വിറകുപുരയിലാണ് ചാക്കിൽക്കെട്ടി സൂക്ഷിച്ചിരുന്നത്. മാർച്ച് രണ്ടിന് രാത്രി മുകളിലത്തെ കിടപ്പുമുറിയിൽവച്ച് ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ച ശേഷം ചാക്കിനുള്ളിലാക്കി പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. തെളിവെടുപ്പിൽ ചാക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

ഉത്രയെ കടിച്ചുകൊന്ന മൂർഖൻ പാമ്പിനെ സുരേഷ് ഏനാത്തുവച്ചാണ് സൂരജിന് നൽകിയത്. ഇതിനെ സൂക്ഷിക്കാൻ പ്ളാസ്റ്റിക് ഡെപ്പ വിറ്റ വ്യാപാരിയുടെ മൊഴി ലഭിച്ചിട്ടുണ്ട്. അവിടെനിന്ന് സ്കൂട്ടറിലാണ് പാമ്പുമായി വീട്ടിലെത്തിയത്. മാർച്ച് രണ്ടിന് അടൂരിലെ ഫെഡറൽ ബാങ്കിൽ സ്വർണം സൂക്ഷിച്ചിരിക്കുന്ന ലോക്കർ സൂരജ് പരിശോധിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിലെ സി. സി. ടി. വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.