money

ഹൈദരാബാദ്:- രാജ്യത്ത് ലോക്ഡൗൺ നാലാം ഘട്ടം അവസാനിക്കാനിരിക്കെ വരുമാന നഷ്ടം കൊണ്ട് വിഷമിക്കുന്ന സംസ്ഥാനങ്ങളുടെ അവസ്ഥ പരിതാപകരമാകുകയാണ്. തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മേയ് മാസത്തിലെ ശമ്പളം 50% മാത്രമേ നൽകാനാകൂ എന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു അറിയിച്ചു. 'മുഴുവൻ ശമ്പളവും പെൻഷനും നൽകാൻ ശ്രമിച്ചാൽ 3000 കോടി രൂപയുടെ ചിലവാണുണ്ടാകുക. ഇത്രയും തുക നൽകിയാൽ ഖജനാവ് കാലിയാകും. അതിനാൽ ഇത്തരം നടപടി കൈക്കൊള്ളേണ്ടി വരും.' മുഖ്യമന്ത്രി പറഞ്ഞു.

മേയ് മാസത്തിൽ പൊതുപ്രതിനിധികളുടെ 75 ശതമാനം വരുമാനവും അഖിലേന്ത്യാ ഉദ്യോഗസ്ഥരുടെ 60 ശതമാനവും സർക്കാർ ഉദ്യോഗസ്ഥരുടെ 50 ശതമാനം ശമ്പളവും പെൻഷനർമാരുടെ 25 ശതമാനവും വെട്ടിക്കുറക്കും. കരാർ ജീവനക്കാർക്ക് 10 ശതമാനം ശമ്പളം കുറയും.

ദാരിദ്രരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് ലോക്ഡൗൺ ഇളവിനെ തുടർന്ന് തൊഴിൽ ലഭ്യമായതിനാൽ അവർക്ക് നൽകാൻ നിശ്ചയിച്ച 1500 രൂപ നൽകില്ല. '12000 കോടി രൂപ വരുമാനം ലഭിക്കേണ്ട സംസ്ഥാനത്തിന് 3100 കോടി മാത്രമാണ് വരുമാനമായി ലഭിച്ചത്. കേന്ദ്രവിഹിതമായ 982 കോടി ഉൾപ്പടെയാണിത്. ലോക്ഡൗൺ പ്രമാണിച്ച് നൽകിയ ഇളവുകൾ മൂലം സംസ്ഥാനത്തിന് കാര്യമായ വരുമാന വർദ്ധന ഉണ്ടായില്ല. 37400 കോടി രൂപ വായ്പ സർക്കാരിന് പ്രതിവർഷം അടക്കേണ്ടതുണ്ട്. ഇതിന് മാസംതോറും മുടക്കം വരുത്താനാകില്ല. അതിനാൽ വായ്പകളിൽ പുനക്രമീകരണത്തിന് കേന്ദ്രസർക്കാറിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.' ചന്ദ്രശേഖർ റാവു പറഞ്ഞു.