കേപ്പ് കനാവറൽ: സ്വകാര്യ അമേരിക്കൻ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യം മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു. ഇന്ത്യൻ സമയം ശനിയാഴ്‌ച വൈകിട്ട് മൂന്നിന് വിക്ഷേപണം വീണ്ടും നടത്തുമെന്നാണ് വിവരം.
റഷ്യയുടെ സഹായമില്ലാതെ സ്വകാര്യവാഹനത്തിൽ ബഹിരാകാശയാത്രികരെ രാജ്യാന്തര ബഹിരാകാശനിലയത്തിൽ എത്തിക്കാനുള്ള നാസയുടെ ശ്രമങ്ങൾക്കാണ് കാലാവസ്ഥ വിലങ്ങുതടിയായത്. ഇടിമിന്നലിന്റെ സാദ്ധ്യതയും ഉണ്ടായിരുന്നു.
വിക്ഷേപണത്തിന് 20 മിനിട്ട് ശേഷിക്കെ, റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് വിക്ഷേപണം റദ്ദാക്കിയത്. നാസയുടെയും സ്പേസ് എക്സിന്റെയും ലോഗോകൾ ആലേഖനം ചെയ്ത വെള്ള യൂണിഫോം ധരിച്ച് യു.എസ് പതാകയോടെ, യാത്രയ്ക്ക് തയ്യാറെടുത്ത് ബോബ് ബെൻകനും ഡഗ് ഹർലിയും ഡ്രാഗൺ ക്യാപ്സൂളിൽ ഇരിക്കുന്ന തത്സമയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്താനിരുന്നത്.
ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ രണ്ടിന് കെന്നഡി സ്പേസ് സെന്ററിലെ 39എ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം നടക്കേണ്ടിയിരുന്നത്.
ട്രംപ് എത്തിയത് കുടുംബ സമേതം
ദൗത്യം ലൈവായി കാണാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുടുംബ സമേതം എത്തിയിരുന്നു. ഭാര്യ മെലാനിയ, മക്കളായ ഇവാൻക, ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ്, ഇവാൻകയുടെ ഭർത്താവ് ജെറാഡ് കുഷ്‌നർ, ഇവരുടെ മക്കൾ എന്നിവരാണ് എത്തിയത്.