alcohol

കോഴിക്കോട്: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാമെങ്കിൽ അരാധനാലയങ്ങളും തുറക്കാമെന്ന അഭിപ്രായവുമായി കോൺഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍. ഇതിനായി ആരാധനാലയങ്ങളിൽ വിർച്വൽ ക്യൂ സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചാല്‍ പ്രവാസികളുടെ ക്വാറന്റീനിന്റെ ചുമതല യു.ഡി.എഫ് ഏറ്റെടുക്കുമെന്നുംകെ മുരളീധരന്‍ അവകാശപ്പെട്ടിട്ടുണ്ട്.

എന്നാല്‍ 'ചെക്കുമായി കലക്ടറേറ്റില്‍ കയറിയിറങ്ങി നടക്കാന്‍ കഴിയില്ലെ'ന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തു മദ്യവില്‍പന ഇന്നുമുതലാണ് പുനരാരംഭിച്ചത്. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയാണ് സംസ്ഥാന സർക്കാർ മദ്യവിൽപ്പന നടത്താനായി അനുമതി നൽകിയത്. 877 കേന്ദ്രങ്ങളിലൂടെയാണ് മദ്യവിതരണം ഉണ്ടാകുക. ഇന്ന് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച് 2.25 ലക്ഷം പേർ മദ്യം വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.

വിർച്വൽ ക്യൂ നടപ്പിലാക്കിയാണ് മദ്യവില്പന പുനരാരംഭിച്ചത്. ആദ്യ ദിവസത്തെ ചില സാങ്കേതിക തടസമുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നിശ്ചയിച്ച കൊവിഡ് മാർഗ നിർദേശം പാലിച്ച് തന്നെയാണ് ഇന്ന് മദ്യവിൽപ്പന നടന്നതെന്നും പിണറായി വിജയൻ പറഞ്ഞു.