gulf-migrants

കാസർകോഡ്: കുവൈറ്റിൽ നിന്നും കേരളത്തിലേക്ക് എത്തിയ പ്രവാസികൾ വഴിയിൽ കുടുങ്ങിയ സംഭവത്തിൽ വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർക്കെങ്കിലും വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നായിരുന്നു കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി അറിയിച്ചത്. നിരീക്ഷണത്തിന് സൗകര്യമില്ലാത്തതിനാല്‍ കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തിയില്‍ പൊരിവെയിലത്ത് ഇന്നലെ നിരവധി പ്രവാസികള്‍ കുടുങ്ങിപ്പോയിരുന്നു.

മൂന്ന് ബസുകളിലായി എത്തിയ 14 പേരാണ് കാലിക്കടവ് എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ രാത്രിയാണ് ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ഇവരെ കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് ക്വാറന്‍റീന്‍ ചെയ്യുന്നതിനായി എത്തിക്കുന്നത്. ക്വാറന്‍റീന്‍ സൗകര്യമില്ലാത്തതല്ല,പരീക്ഷാ ഡ്യൂട്ടിക്ക് ആരോഗ്യപ്രവർത്തകർ പോയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എ.ഡി.എം വിശദീകരിക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയ ശേഷം പ്രവാസികളെ പരിശോധിച്ച് കടത്തിവിടുമെന്നും ഇവര്‍ പറഞ്ഞു. അതിർത്തിയിൽ എത്തിയവരെ അതാത് പഞ്ചായത്തുകളിൽ എത്തിച്ച് ക്വാറന്‍റീന്‍ ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മൂന്ന് ബസുകളും കാലിക്കടവ് എത്തി. പ്രാഥമിക സൗകര്യം പോലുമില്ലാതെ സ്ത്രീകള്‍ അടക്കമുള്ളവരാണ് ഇവിടെ അകപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഭക്ഷണം കഴിച്ചതെന്നും അതിന് ശേഷം ഭക്ഷണം ലഭിച്ചിട്ടില്ലെന്നും പ്രാഥമിക കാര്യങ്ങൾക്കുള്ള സൗകര്യം പോലും ലഭിച്ചില്ലെന്നും പ്രവാസികള്‍ പറയുന്നു.