ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ മദ്ധ്യസ്തത വഹിക്കാമെന്നുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്‌ദാനത്തോട് 'നോ' പറഞ്ഞ് ഇന്ത്യ. കേന്ദ്ര വിദേശകാര്യ സെക്രട്ടറി അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തിലും രാജ്യസുരക്ഷയുടെ കാര്യത്തിലും ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും 'വിർച്വൽ' വാർത്താ സമ്മേളനത്തിലൂടെ അദ്ദേഹം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചു.
ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷ സാദ്ധ്യതയ്ക്ക് അറുതി വരുത്താനും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടുവരാനും ഇന്ത്യ ചൈനയുമായി ചർച്ചകൾ നടത്തിവരികയാണെന്നും വിദേശകാര്യ വക്താവ് വിശദീകരിച്ചു. സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഇന്ത്യയും ചൈനയും പ്രശ്നങ്ങൾ പരിഹരിക്കാനായി ശ്രമിക്കുകയാണ്. അതിർത്തിയിലെ നിയന്ത്രണ രേഖ ഇന്ത്യ മറികടന്നുവെന്ന ചൈനയുടെ ആരോപണം വാസ്തവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
'അതിർത്തി പ്രദേശങ്ങളിൽ സമാധാനപരവും പ്രശാന്തവുമായ അന്തരീക്ഷം കൊണ്ടുവരണമെന്നുള്ള ലക്ഷ്യത്തിനായി ഇന്ത്യ സ്വയം അർപ്പിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും സായുധ സേനകൾ അവരവരുടെ നേതാക്കൾ നൽകുന്ന മാർഗനിർദേശങ്ങൾ അനുസരിച്ചാകും പ്രവർത്തിക്കുക. ഇന്ത്യൻ സേന അക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. എന്നിരുന്നാലും ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.' അദ്ദേഹം പറയുന്നു.
അതേസമയം ലഡാക്കിലെ ഗാൽവാൻ താഴ്വരയിലും പാൻഗോംഗ് സോ തടാകത്തിനടുത്തുമായി ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിൽ നിലനിൽക്കുന്ന സംഘർഷ സാദ്ധ്യതയ്ക്ക് ഇനിയും അയവുണ്ടായിട്ടില്ല. രണ്ടിടങ്ങളിലുമായി ആയിരത്തോളം സൈനികരെയാണ് ചൈന വിന്യസിച്ചിരിക്കുന്നത്. എന്നാൽ ഒട്ടും വിട്ടുകൊടുക്കാതെ ഇന്ത്യയും ഇവിടങ്ങളിലേക്ക് വൻതോതിൽ സൈനികരെ ഇറക്കിയിട്ടുണ്ട്.
ഗാൽവാൻ താഴ്‌വരയിൽ മൂന്നിടങ്ങളിലും പാൻഗോംഗിൽ ഒരിടത്തുമാണ് ചൈന സൈന്യത്തെ ഇറക്കിയിരിക്കുന്നത്. പ്രധാനമായും കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചെറുക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. എന്നാൽ ഈ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങളിൽ നിന്നും ഇന്ത്യ ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്ന് പോയിട്ടില്ലെന്ന് മാത്രമല്ല, ഇവിടങ്ങളിലെ സൈനിക സാന്നിദ്ധ്യം ഇന്ത്യ വർദ്ധിപ്പിച്ചിട്ടുമുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്.
മെയ് അഞ്ചിനും ആറിനുമായി ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുകയും ഇരുഭാഗത്തുമുള്ള നൂറോളം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പാൻഗോംഗ് തടാകത്തിനടുത്തായി വ്യോമത്താവളം വിപുലീകരിക്കാൻ ആരംഭിച്ചുകൊണ്ട് ചൈന ഇന്ത്യയ്ക്ക് പ്രകോപനം സൃഷ്ടിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.