പ്രകൃതിയെയും മനുഷ്യനെയും എന്നും ഒരുമിച്ചുകാണാൻ ശ്രമിച്ച അപൂർവ്വം രാഷ്ട്രീയ ചിന്തകരിൽ ഒരാളാണ് എം.പി. വീരേന്ദ്രകുമാർ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴയടുപ്പത്തെക്കുറിച്ച് അദ്ദേഹം നിരന്തരം ആലോചിച്ചിരുന്നു. രാഷ്ട്രീയവും മാദ്ധ്യമ പ്രവർത്തനവും മാത്രമായിരുന്നില്ല വീരേന്ദ്രകുമാറിനെ സ്വാധീനിച്ചിരുന്നത്. കവിതയും കവികളുടെ ലോകവും വീരേന്ദ്രകുമാറിന് എന്നും അഭിനിവേശമായിരുന്നു.. ജീവിതത്തിന്റെ സമസ്തമേഖലകളിലും വ്യാപരിച്ച അപൂർവ്വം വ്യക്തികളിലൊരാളായ അദ്ദേഹം സാഹിത്യത്തെക്കുറിച്ച്, കവിതയെക്കുറിച്ച് എന്തിനാണ് വ്യാകുലപ്പെടുന്നത് എന്ന് ഏതൊരു സാഹിത്യ വിദ്യാർത്ഥിയെയുംപോലെ എനിക്കും തോന്നിയിട്ടുണ്ട്.
ചങ്ങമ്പുഴയെക്കുറിച്ച് വീരേന്ദ്രകുമാർ എഴുതിയ - 'ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം' - എന്ന കൃതി അതിന് തെളിവാണ്. മഴക്കാടുകളെയും വനഗരിമയെയും കുറിച്ച് വ്യാകുലപ്പെട്ടതുപോലെ തന്നെ അദ്ദേഹം ചങ്ങമ്പുഴയുടെ കാവ്യജീവിതത്തെക്കുറിച്ചും വ്യാകുലചിത്തനായി.
പ്രകൃതി സ്നേഹിയാണ് വീരേന്ദ്രകുമാർ. പ്രകൃതിയുടെ വന്യതയെയും വാത്സല്യത്തെയും തിരിച്ചറിഞ്ഞ ഒരു മനസിന്റെ വെളിപ്പെടുത്തലുകളാണ് പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകളിലൂടെ പുറത്തുവന്നിട്ടുള്ളത്. കൈലാസയാത്ര,ഹിമഗിരിവിഹാരം,ഹൈമവതഭൂവിൽ എന്നീ കൃതികൾ പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെ അനാവരണം ചെയ്യുന്നു. മനുഷ്യന്റെ മഹത്വം,സംസ്കാരം, ശാസ്ത്രഗതി, പരിസ്ഥിതി,അർത്ഥശാത്രം തുടങ്ങി എല്ലാ മേഖലകളിലും ആ പ്രതിഭ വ്യാപരിച്ചിരുന്നു.