കൊല്ലം: ഏറ്റവും മികച്ച യാത്രാനുഭവ രചനയായിരുന്നു എം.പി.വീരേന്ദ്രകുമാറിന്റെ അമസോണും കുറേ വ്യാകുലതകളും എന്ന ഗ്രന്ഥം. ഈടുറ്റ ഗ്രന്ഥത്തിന്റെ ഓരോ വരികളിലും വാക്കിലും തീക്ഷ്ണതയും താക്കീതും ഒളിഞ്ഞിരുന്നു. പ്രകൃതിയെ നോവിക്കുന്നവരെവായനക്കാരോട് നീതി പുലർത്തുന്ന ആകർഷകമായ ഗദ്യശൈലിയിലൂടെ പറയാനുള്ളതൊക്കെ പറയാൻ അദ്ദേഹത്തിന് കഴിഞ്ഞു. ക്രമപ്പെടുത്തി ഉചിതമായ പദപ്രയോഗങ്ങൾ നടത്തുന്നത് വായനക്കാരന്റെ വിചാര വികാരങ്ങളെ ഉണർത്തുന്ന തരത്തിലാണ്. ഓരോവരികളിലുമുണ്ടായിരുന്നു ചിന്തയ്ക്ക് വേണ്ടുന്ന കാമ്പ്. കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഈ കൃതി വീരേന്ദ്രകുമാറിന്റെ ഉത്കൃഷ്ട ഗ്രന്ഥമാണെന്ന് അർദ്ധശങ്കയ്ക്കിടയില്ലാതെ പറയാനാകും.
ആകാശവും ഭൂമിയും സമുദ്രവും തമ്മിലുള്ള പരസ്പര സന്തുലിതാവസ്ഥ നിലനിർത്താൻ മനുഷ്യരാശിയ്ക്ക് ബാധ്യതയുണ്ടെന്ന് കൃതി ഓർമ്മപ്പെടുത്തുന്നുണ്ട്. ജലവും വായുവും കായ്കനികളും പ്രപഞ്ചത്തിന്റെ അനുപമ സൗഭാഗ്യങ്ങളും സൗന്ദര്യങ്ങളുമാണെന്ന് വീരേന്ദ്രകുമാറെന്ന എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തുകയായിരുന്നു. വായുവിന്റെ വിശുദ്ധിയും ജലത്തിന്റെ അമൃത മാധുര്യവും പച്ചത്തുരുത്തുകളുടെ മനോജ്ഞതയും നിലനിർത്താൻ ഈ പ്രകൃതിയുടെ ഭാഗമായി മനുഷ്യന് ബാദ്ധ്യതയുണ്ടെന്ന ഓർമ്മപ്പെടുത്തലുകൾ വായനക്കാരന്റെ ഉള്ളുപൊള്ളിച്ചതുമാണ്. ലോകത്തിന്റെ ഏറ്റവും വലിയ മഴക്കാടായ അമസോൺ വനങ്ങളും ഏറ്റവും കൂടുതൽ ജലം ഒഴുകിപ്പോകുന്ന അമസോൺ നദിയും ഉൾക്കൊള്ളുന്ന ഭൂപ്രദേശം വീരേന്ദ്രകുമാറിന്റെ ചിന്തകളിലേക്ക് പടർന്നത് രണ്ടായിരാമാണ്ടിൽ ബ്രസീലിലെ റിയോ ഡി ജാനിറൊവിൽ വച്ച് നടന്ന വാർത്താ പത്രങ്ങളുടെ ലോകസംഘടനാ സമ്മേളനത്തിൽ വച്ചാണ്. ലാറ്റിനമേരിക്കൻ നാടുകളുമായി വൈകാരിക ബന്ധമുണ്ടായിരുന്നെങ്കിലും അവിടെ വച്ച് ഇടവേളകളിൽ പുതിയ സൗഹൃദ സംഭാഷണങ്ങൾ ആ ബന്ധത്തെ കൂടുതൽ ദൃഢമാക്കി. കൊളോണിയൻ ചൂഷണത്തിന്റെ തിക്ത അനുഭവിച്ച ആ ഭൂപ്രദേശത്തിന് ഭാരതവുമായി പല മേഖലകളിലും സമാനതകളുണ്ടെന്നും തിരിച്ചറിവുണ്ടായപ്പോൾ അതൊക്കെ അക്ഷരങ്ങളിലേക്ക് ആവാഹിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
അമസോൺ വനാന്തരങ്ങളിലൂടെയും നദിയിലൂടെയും നടത്തിയ യാത്രകൾ ഉണർത്തിയ പാരിസ്ഥിതിക ചിന്തകൾ തന്നെ വിഹ്വലനാക്കിയെന്ന് വീരേന്ദ്രകുമാർ ആദ്യ പതിപ്പിന്റെ ആമുഖത്തിൽത്തന്നെ പറയുന്നുണ്ട്. ശ്വസിക്കാൻ വായുവും കുടിയ്ക്കാൻ ജലവും കഴിക്കാൻ ആഹാരവുമൊക്കെ ഭൂമിയിൽ ഏറ്റവും സംശുദ്ധമായി മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്തിട്ടും പ്രപഞ്ചത്തെ കീഴടക്കാനുള്ള വ്യഗ്രതയിലാണ് മനുഷ്യരെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നുമുണ്ട്. വായനക്കാരുടെ അഭിരുചി അനുസരിച്ച് എഴുതിയ ആ വലിയ എഴുത്തുകാരന്റെ വിയോഗം മലയാളത്തിന്റെ എഴുത്തുപുരയ്ക്ക് വലിയ നഷ്ടമാകുകയാണ്.