covid

കോട്ടയം: സംസ്ഥാനത്ത്‌ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷി (68) ആണ് മരിച്ചത്.കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിക്കായിരുന്നു അന്ത്യം.മേയ് 11ന് അബുദാബിയിൽ നിന്നു നാട്ടിലെത്തിയ ജോഷിയെ 18നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രമേഹരോഗിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി.

പ്രമേഹവും അമിതവണ്ണവും കാരണമാണ് ജോഷിയുടെ ചികിത്സ ഫലപ്രദമാകാതിരുന്നതെന്ന് ഡോക്‌ടർമാർ പറഞ്ഞു. 94 കിലോ ആയിരുന്നു അദ്ദേഹത്തിന്റെ ശരീരവണ്ണം. കടുത്ത പ്രമേഹമുണ്ട് എന്ന് ബന്ധുക്കൾക്കോ രോഗിക്ക് തന്നെയോ അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ജോഷിയുടെ ആരോഗ്യനിലയിൽ ഏറ്റക്കുറച്ചിലുകൾ വന്നിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ വെന്റിലേറ്ററിലാക്കേണ്ടി വന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ജോഷിയുടെ ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജിലെത്തിയിട്ടുണ്ട്. മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാകും സംസ്‌കരിക്കുക.