തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം കുടിങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിക്ക് ട്രെയിൻ സർവീസുകൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിനുകൾ കുതിച്ച് പാഞ്ഞു. സീറ്റുകൾ തമ്മിൽ വ്യക്തമായ അകലം പാലിച്ച് സാമൂഹിക അകലം ഉറപ്പുവരുത്തി വേണം യാത്രക്കാരെ കൊണ്ട് പോകാൻ എന്നാണ് ചട്ടം.ഇതെല്ലാം കാറ്റിൽ പറത്തിയാണ് കേരളത്തിൽ നിന്നും ട്രെയിനുകൾ പോകുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സെൻട്രലിൽ നിന്നും ബംഗാളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ശ്രമിക്ക് ട്രെയിൻ 06026 - ൽ 1570 യാത്രക്കാർ ഉണ്ടായിരുന്നു. 22 ബോഗികൾ ഉള്ള ട്രെയിനിൽ ഒരു ബോഗിയുടെ സീറ്റിംഗ് കപ്പാസിറ്റി 72 ആണ്. ഇത് പ്രകാരം 1584 ആണ് ട്രെയിനിന്റെ മുഴുവൻ സീറ്റിംഗ് കപ്പാസിറ്റി. 1584 സീറ്റ് ഉള്ള ട്രെയിനിൽ 1570 പേർ യാത്ര ചെയ്തു. മുഴുവൻ സീറ്റിലും ആളെ കുത്തി നിറച്ച് സാമുഹിക അകലം പാലിക്കാതെയാണ് യാത്രയെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ആയിരം രൂപ വീതമാണ് ഒരു ടിക്കറ്റിന് തൊഴിലാളികളിൽ നിന്നും ഈടാക്കിയത്.
വിമാനത്തിൽ ഉൾപ്പെടെ സാമൂഹിക അകലം പാലിച്ച് മൂന്ന് സീറ്റുകളിൽ ഒരു സീറ്റ് ഒഴിച്ചിട്ട് മാത്രമെ യാത്ര ചെയ്യാവു എന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെയാണ് ട്രെയിനുകളിൽ സാമൂഹിക അകലം പാലിക്കാതെ ഉള്ള യാത്ര. റെയിൽവേ പറയുന്ന സീറ്റിന്റെ എണ്ണം അനുസരിച്ച് ആളുകളെ എത്തിച്ച് കൊടുക്കുക മാത്രമാണ് ചെയ്തിട്ടുളളതെന്നും, ട്രെയിനുളളിൽ സാമൂഹിക അകലം ഉറപ്പു വരുതേണ്ടത് റെയിൽവേ ആണെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.റെയിൽവേ അധികൃതരും ഇതിനോട് പ്രതികരിച്ചിട്ടില്ല. കേരളത്തിൽ സമൂഹ വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ പറയുമ്പോഴാണ് ശ്രമിക്ക് ടെയിനുകളിലെ ഈ യാത്ര.