വാഷിങ്ടൺ: കൊവിഡ് പ്രതിരോധ ഔഷധമായി മലേറിയ രോഗത്തിനുപയോഗിക്കുന്ന ഹൈഡ്രോക്സിക്ളോറോക്വിൻ കഴിഞ്ഞ രണ്ടാഴ്ചയായി കഴിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കുഴപ്പമൊന്നുമില്ലെന്ന് വൈറ്റ്ഹൗസ്. കൊവിഡ് രോഗികളുമായി സമ്പർക്കം വരുന്ന സാഹചര്യമുണ്ടായാൽ ഇനിയും മരുന്ന് കഴിക്കാൻ ട്രംപ് തയ്യാറാണെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ട്രംപ് ഈ മരുന്നിനെ 'ഗെയിം ചെയ്ഞ്ചർ' എന്നാണ് വിശേഷിപ്പിച്ചത്. 1946ൽ നിർമ്മിച്ച് തുടങ്ങിയ ഹൈഡ്രോക്സിക്ളോറോക്വിൻ മലേറിയ, ആമവാതം, ചിലതരം അർബുദങ്ങൾ, കുട്ടികളിലെ വാതരോഗങ്ങൾ ഇവയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന ഔഷധമാണ്. അമേരിക്കൻ ഭക്ഷ്യ ഔഷധ ഭരണസമിതിയുടെ അംഗീകാരം ഈ മരുന്നിനില്ലെങ്കിലും കൊവിഡ്-19 രോഗത്തിനും അതിന്റെ തുടർന്നുള്ള അണുബാധക്കും മികച്ച ഔഷധമെന്ന നിലക്കാണ് അമേരിക്കൻ ഭരണകൂടം ഹൈഡ്രോക്സിക്ളോറോക്വിനിനെ കാണുന്നത്.
'കൊവിഡ് രോഗനിവാരണത്തിന് പല വിദഗ്ദ്ധരും അടിവരയിട്ടു പറയുകയാണ് ഈ മരുന്നിനെ കുറിച്ച്. ഇരുനൂറോളം ക്ളിനിക്കൽ ട്രയലുകൾ ഹൈഡ്രോക്സിക്ളോറോക്വിനിന് ലോകമാകെ നടത്തി. ഇതിൽ പരീക്ഷണം നടത്തിയ 28 പേർ ആരോഗ്യപ്രവർത്തകരാണ്.' സയൻസ് ന്യൂസ്.ഒആർജി ലേഖിക ടിന ഹെസ്മാൻ സെയ് പറയുന്നു. മിഷിഗണിലെ ഹെൻട്രി ഫോർഡ് ആശുപത്രിയിലെ മൂവായിരം ആരോഗ്യപ്രവർത്തകർ ഇത്തരത്തിൽ ക്ളിനിക്കൽ പരീക്ഷണത്തിന് മരുന്ന് സേവിച്ചു. മരുന്ന് പ്രയോഗിച്ച ആയിരക്കണക്കിന് ആളുകളിൽ മോശം ഫലമൊന്നും കണ്ടില്ലെന്നും ടിന സൂചിപ്പിക്കുന്നു. പ്രസിഡന്റ് മാത്രമല്ല നിരവധി ഡോക്ടർമാരും ഗവേഷകരും ഹൈഡ്രോക്സിക്ളോറോക്വിൻ ഉപയോഗത്തെ പിൻതാങ്ങുന്നു. അവർ പറയുന്നു.
പ്രസിഡന്റ് ട്രംപ് ഈ മരുന്ന് കഴിക്കുന്നുണ്ടെന്ന് അറിയിച്ച ശേഷം ഒരുകൂട്ടം ആമേരിക്കൻ-ഇന്ത്യൻ ഡോക്ടർമാർ ഈ മരുന്നിന്റെ ഗുണങ്ങളെ അറിയിച്ച് അദ്ദേഹത്തിന് കത്തയച്ചു.'ലക്ഷക്കണക്കിന് ജനങ്ങൾ ലോകമാകെ ഉപയോഗിക്കുന്ന സുരക്ഷിതമായ മരുന്നാണ് ഹൈഡ്രോക്സിക്ളോറോക്വിൽ' ഇന്ത്യൻ വംശജരായ അമേരിക്കൻ ഡോക്ടർമാരുടെ സംഘടനാ പ്രസിഡന്റ് ഡോ. സുരേഷ് റെഡ്ഡി സൂചിപ്പിക്കുന്നു. 'ഞാൻ തന്നെ രോഗപ്രതിരോധ ഔഷധമെന്ന നിലക്ക് ഈ മരുന്ന് കഴിക്കുന്നുണ്ട്.' അദ്ദേഹം പറയുന്നു.ഹൈഡ്രോക്സിക്ളോറോക്വിനിന്റെ മുഖ്യ ഉൽപാദകരായ ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് ഡോസ് മരുന്നാണ് ട്രംപ് അമേരിക്കയിൽ എത്തിച്ചിരിക്കുന്നത്.