ആരാധകരുടെ സ്വന്തം കുഞ്ഞിക്കയിൽ നിന്ന് പാൻ ഇന്ത്യൻ നായകൻ എന്ന വളർച്ചയിലാണ് മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ. എന്നാൽ ആഘോഷങ്ങൾക്കിടയിലും മലയാള സിനിമയെ കൂടുതൽ നെഞ്ചോട് ചേർക്കാനാണ് ഡി.ക്യുവിന്റെ ശ്രമം ദുൽഖർ സൽമാൻ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവയ്ക്കുന്നു.
പ്രൊഡ്യൂസറാവാമെന്ന് തീരുമാനിച്ച നിമിഷം ?
ഒരുപാട് ഭാഷകളിൽ അഭിനയിച്ചപ്പോൾ സ്വന്തം ഭാഷയിലേക്ക് അല്പം മാറി നിൽക്കണമെന്ന് തോന്നി. നമ്മുടെ ഒരു സാന്നിദ്ധ്യം ഇവിടെ എപ്പോഴും ഉണ്ടാകണം. നല്ല സിനിമകളുടെ ഭാഗമാകണം.
നിർമ്മിക്കുന്ന മൂന്നു സിനിമകളും നേരത്തേ പ്ളാൻ ചെയ്തതാണോ?
അല്ല .മണിയറയിലെ അശോകനാണ് ആദ്യം പ്ളാൻ ചെയ്തത്. എല്ലാം ശരിയായി വരാൻ കുറച്ച് സമയമെടുത്തു. അതുപോലെ കുറുപ്പിനെ കുറിച്ച് ഞാനും സംവിധായകൻ ശ്രീനാഥും സംസാരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാം റെഡിയായി വന്നപ്പോൾ നമ്മുടെ ബാനറിൽ തന്നെ ചെയ്യേണ്ടി വന്നു. എല്ലാം യാദൃച്ഛികമായി സംഭവിച്ചതാണ്.
വേഫെയറർ ഫിലിംസ് എന്ന് പേരിട്ടതാരാണ്?
ഞാൻ തന്നെ. എനിക്ക് യാത്ര ഇഷ്ടമായതുകൊണ്ടാണ് ആ പേര്. ട്രാവലർ എന്നാണ് അതിന്റെ അർത്ഥം. പ്ളേ ഹൗസ് എന്ന ബാനറിനും പേരിട്ടത് ഞാനാണ്. സഹോദരിയാണ് അതിന്റെ ലോഗോ ചെയ്തത്.
വേഫെയറർ ഫിലിംസ് തുടർച്ചയായി സിനിമകൾ നിർമ്മിക്കുമോ?
നിർമ്മിക്കണമെന്നുണ്ട്. നല്ല സിനിമകൾ വന്നാൽ ഉറപ്പായും ചെയ്യും. എല്ലാത്തിലും ഞാൻ അഭിനയിക്കണമെന്നില്ല.
കഥകളൊക്കെ കേൾക്കുന്നതെങ്ങനെയാണ്?
അതിനൊരു ടീമുണ്ട്. എങ്കിലും എല്ലാ രീതിയിലും ഞാനും ഇടപെടണം. എന്നാലേ ശരിയാകൂ.
പ്ളേ ഹൗസ് എന്ന സ്വന്തം ബാനറുള്ളപ്പോൾ പുതിയ കമ്പനി തുടങ്ങിയതെങ്ങനെയാണ്?
പ്ളേ ഹൗസ് ശരിക്കും എന്റെ ബാനറല്ല. അത് ഞാൻ വരുന്നതിന് മുമ്പേയുള്ളതാണ്. എനിക്ക് എന്റേതായ ഒരു ടീം ഉണ്ടാക്കണം എന്നുണ്ടായിരുന്നു. വേഫെയറർ ഫിലിംസ് സ്വതന്ത്രമായി നടക്കുന്നൊരു കമ്പനിയായി മാറണമെന്നുണ്ട്. ഒരു ശ്രമമാണ്. നോക്കാം.
സുകുമാരക്കുറുപ്പ് കേരളത്തിൽ വളരെ കോളിളക്കമുണ്ടാക്കിയ ഒരു കുറ്റവാളിയാണ്. ആ റോൾ ചെയ്യുമ്പോൾ എന്തു തോന്നുന്നു?
പുതിയ തലമുറയിലെ കുട്ടികൾക്ക് സുകുമാരക്കുറുപ്പിനെ കുറിച്ച് കൂടുതൽ അറിയില്ല. ഞങ്ങളെ പോലെ എൺപതുകളിലും തൊണ്ണൂറുകളിലുമുള്ളവർക്ക് അറിയാം. മാത്രമല്ല എനിക്ക് പീരിയഡ് സിനിമകളിഷ്ടമാണ്. കഴിഞ്ഞ കാലം അതുപോലെ പുനഃസൃഷ്ടിക്കണം. സെക്കൻഡ് ഷോ ചെയ്യുമ്പോഴേ ശ്രീനാഥ് കുറുപ്പിന്റെ കാര്യം പറയുമായിരുന്നു. അന്ന് ഞാൻ അതിനെക്കുറിച്ച ചിന്തിച്ചില്ല. ആദ്യ സിനിമയിൽ അഭിനയിക്കുന്ന സമയമല്ലേ. പക്ഷേ, എന്ത് ചർച്ച നടന്നാലും അത് കുറുപ്പിലേക്ക് വരും. പിന്നീട് വന്ന തിരക്കഥയും ട്രീറ്റ്മെന്റുമെല്ലാം ഞങ്ങൾക്ക് ഇഷ്ടമായി. സുകുമാരക്കുറുപ്പിനെ കുറിച്ച് നേരത്തേയും ചില സിനിമകൾ വന്നിട്ടുണ്ട്. അവയിൽ നിന്നും വ്യത്യസ്തമായി അയാളുടെ ഭൂതകാലത്തെ പറ്റി ആളുകൾക്ക് അറിയാത്ത ചില വിശദാംശങ്ങൾ ഈ സിനിമ പറയുന്നുണ്ട്.
ദുൽഖറിന്റെ ഒരു മാസ് സിനിമ എന്നാണ് സംഭവിക്കുന്നത്?
അറിയില്ല. ഞാനെന്തോ അത് തേടി പോകാറില്ല.
തേടി വന്നാലോ?
എനിക്കിഷ്ടപ്പെടണ്ടേ. ഇത്രയും സിനിമകളിൽ അഭിനയിച്ചില്ലേ. അതിന്റെ ഒരു നിലവാരം ആളുകൾ പ്രതീക്ഷിക്കുന്നുണ്ടാകും. പ്രേക്ഷകരുടെ താത്പര്യങ്ങളും ഇഷ്ടങ്ങളും എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇന്നത്തെ ട്രെൻഡ് വച്ച് നാളെ ഒരു ചിത്രം പ്ളാൻ ചെയ്യാം. പക്ഷേ, ഇറങ്ങുമ്പോഴേക്കും ആറു മാസമെടുക്കും. അപ്പോൾ ട്രെൻഡ് മാറിക്കാണും.
സമൂഹമാദ്ധ്യമങ്ങളിൽ ഇൻസ്റ്റഗ്രാമിലാണ് കൂടുതൽ സജീവം?
ഇൻസ്റ്റഗ്രാം ഞാൻ സ്വന്തമായാണ് കൈകാര്യം ചെയ്യുന്നത്. അതിന്റെ ഫോർമാറ്റ് ഇഷ്ടമാണ്. ഫേസ്ബുക്ക് നോക്കാൻ ഒരു ടീമുണ്ട്. ജനിച്ചുവളർന്നത് ചെന്നൈയിലാണ്.
അവിടെ ഷൂട്ട് ചെയ്യുമ്പോഴുള്ള സന്തോഷം?
ഇവിടെ ഞാൻ വളർന്ന വീടുണ്ട്. ചെന്നൈയിൽ ഷൂട്ടിംഗുണ്ടെങ്കിൽ ആ വീട്ടിലാണ് താമസിക്കുന്നത്. രണ്ട് കിലോമീറ്റർ ദൂരത്തിൽ ഭാര്യയുടെ വീടുണ്ട്. പിന്നെ എന്റെ സ്കൂൾ ഫ്രണ്ട്സുണ്ട്.
ദുൽഖറിന് ആൾക്കൂട്ടത്തെ ഭയമാണ് എന്നൊരു പരാതിയുണ്ട്?
കുറച്ച്. ചെറുപ്പം മുതലേ അങ്ങനെയാണ്. എന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കും. എന്നാൽ സുഹൃത്തുക്കളുടെയും അടുപ്പമുള്ളവരുടെയും ഇടയിൽ ആക്ടീവാണ്. സ്റ്റേജിൽ വരുമ്പോഴും ആ പ്രശ്നമില്ല.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് കുറച്ചുപേർ സെൽഫിഎടുക്കാൻ വന്നാൽ എങ്ങനെ പ്രതികരിക്കും?
സെൽഫി എടുത്തുകൊടുക്കും. ചെറിയ ആൾക്കൂട്ടമൊന്നും പ്രശ്നമല്ല. ഉദ്ഘാടനത്തിനൊക്കെ പോകുമ്പോൾ ഒരുപാട് ആളുകൾ കാണുമല്ലോ. നിയന്ത്രിക്കാൻ പ്രയാസമാണ്. പൊലീസ് സംരക്ഷണമൊക്കെ ഉണ്ടെങ്കിലും തിരക്കു കാരണം അവർക്ക് എന്തെങ്കിലും അപകടം പറ്റുമോയെന്ന് എനിക്ക് പേടിയാണ്. ഒരുപാട് പിള്ളേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതിനോട് എതിർപ്പാണ്.
നായകനായി, ഗായകനായി, നിർമ്മാതാവായി. ഇനി എന്താണ്?
ഇതു തന്നെ വൃത്തിയായി മുന്നോട്ട് കൊണ്ടുപോയാൽ മതി. സംവിധാനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് തോന്നും.
സ്വന്തം കഥയേ സംവിധാനം ചെയ്യൂവെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്?
അതിൽ മാറ്റമില്ല. കുത്തിയിരുന്ന് എഴുതാറില്ല. പക്ഷേ, കഥ മനസിലുണ്ട്. തിരക്കഥ രൂപത്തിലുള്ളതല്ല. സത്യം പറഞ്ഞാൽ സംവിധാനത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല.