pic

തൊടുപുഴ: പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും കേരളത്തിൽ ആദ്യമായി ശബ്ദിച്ച നേതാവാണ് എം.പി. വീരേന്ദ്രകുമാറെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹോന്നത വ്യക്തിത്വത്തിനുടമയായിരുന്നു. സ്വാമി വിവേകാനന്ദനെ ആരാധനയോടെ കണ്ടിരുന്ന വീരേന്ദ്രകുമാർ മതേതര പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു.

എം.എൽ.എ, എം.പി, കേന്ദ്രമന്ത്രി എന്നീ നിലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി. കൊക്കൊകോളയ്‌ക്കെതിരെ നടത്തിയ പ്ലാച്ചിമട സമരത്തിന് അദ്ദേഹം നൽകിയ നേതൃത്വം കേരളം ഒരിക്കലും വിസ്മരിക്കില്ല. സാഹിത്യ രംഗത്തുള്ള പ്രവർത്തനം ധാരാളം പുരസ്‌കാരങ്ങൾക്ക് അദ്ദേഹത്തെ അർഹനാക്കി. 'ഹൈമവത ഭൂവിൽ" എന്ന കൃതി അദ്ദേഹത്തിന്റെ വിശാല കാഴ്ചപ്പാട് വെളിവാക്കുന്ന ഒന്നാണ്. മാതൃഭൂമിയ്ക്ക് വിലപ്പെട്ട നേതൃത്വം നൽകി. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പി.ജെ. ജോസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.