equador

ഗ്വയക്വിൽ: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കൊവിഡ് രോഗബാധ ശക്തമായി തുടരുന്ന ഒരിടമാണ് ഇക്വഡോർ. വഴിയരികിലും പൊതു ഉദ്യാനങ്ങളിലുമെല്ലാം രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഉപേക്ഷിച്ച നിലയിൽ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഇവിടെ നിന്നും കാണാനാകുക. തീരദേശ നഗരമായ ഗ്വയക്വിലിലാണ് ഇത്തരത്തിൽ കൂടുതലായി കാണുക.

37335 പേർക്കാണ് ഇക്വഡോറിൽ രോഗം ബാധിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. 3203 പേർ മരിച്ചു. എന്നാൽ ഇത് തെറ്രായ കണക്കാണെന്നും ശരിയായ കണക്ക് ഇതിലും പതിന്മടങ്ങ് വരുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

കഴിഞ്ഞമാസം ഗ്വയക്വിലിൽ പതിനായിരം പേർ മരിച്ചതായാണ് സംസ്ഥാന രജിസ്ട്രാർ ഓഫീസ് അറിയിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷവും ഈ സമയത്തുണ്ടായ മരണങ്ങളെക്കാൾ ആറായിരം എണ്ണം കൂടുതലാണിത്. ഇതിൽ നിന്നുതന്നെ രോഗം ഇവിടെ എത്ര ഭീകരമായി പടർന്നുപിടിച്ചു എന്ന് കാണാനാകും.

ആരോഗ്യസംവിധാനത്തിന്റെ അപര്യാപ്തത മൂലം നിരവധി മരണങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ടാകുന്നു. മരിച്ചവരുടെ ശരീരം അടക്കാനുള്ള മോർച്ചറി സംവിധാനം പോലും ഇവിടെ ഫലപ്രദമല്ല. രണ്ട് മുതൽ ഏഴ് ദിവസം വരെയെടുത്താണ് മരിച്ചവരെ അടക്കുന്നത് എന്ന് ഇവിടുത്തെ മനുഷ്യാവകാശ കമ്മിറ്റി അധ്യക്ഷൻ ബില്ലി നവരെറ്രെ പറയുന്നു. ചിലർക്ക് മൃതദേഹം അടക്കാനുള്ള പണം നൽകാനാകാതെ വരുമ്പോൾ വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നു.

അന്നന്നത്തെ ജോലി ചെയ്ത് ജീവിക്കുന്നവർക്കാണ് ഇത്തരത്തിൽ ദയനീയാവസ്ഥയും അന്ത്യവും ഉണ്ടാകുന്നത്. രോഗബാധയെ തുടർന്ന് ജോലി ഇല്ലാതായതോടെ വരുമാനമില്ലാത്തതിനാൽ ചികിത്സ അപ്രാപ്യമാകുകയും മരിക്കുകയും ചെയ്യുന്നു. പണമുള്ളവരും ഇല്ലാത്തവരും തമ്മിലെ വലിയ അന്തരം പ്രത്യക്ഷത്തിൽ കാണാം. നിത്യചിലവിന് പണമില്ലാത്ത തൊഴിലാളികളുടെ വീട്ടിൽ മതിയായ കുടിവെള്ളമോ, മാലിന്യ സംസ്കരണ സംവിധാനമോ ഒന്നുമില്ല. ഉയർന്ന ജനപ്പെരുപ്പവും വൈറസ് അതിവേഗം പടരാൻ ഇടയാക്കുന്നു.

വളരെ മോശം ആരോഗ്യ രംഗമാണ് ഇക്വഡോറിനുള്ളത്. മൂന്ന് തരം ആശുപത്രികളാണ് ഇവിടെ. ഒന്ന് എല്ലാവിധ ജനങ്ങൾക്കുമായുള്ള സർക്കാർ ആശുപത്രികൾ, മറ്രൊന്ന് സ്ഥിരവരുമാനക്കാർക്കായുള്ള സാമൂഹ്യസുരക്ഷാ ആശുപത്രികൾ പിന്നെയുള്ളത് സ്വകാര്യ ആശുപത്രികളും. സർക്കാർ ആശുപത്രികളും സാമൂഹ്യസുരക്ഷാ ആശുപത്രികളും കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നത് വളരെ മോശമായാണെന്ന് പ്രാദേശിക അഴിമതിവിരുദ്ധ കമ്മിറ്റി അദ്ധ്യക്ഷനും മുൻപ് ഡോക്ടറുമായിരുന്ന റിക്കാർഡോ റമിറേസ് അഗ്വൈർ പറയുന്നു. ഇക്വഡോറിലെ ആരോഗ്യരംഗം കടുത്ത ദുർഭരണ ത്തിലാണിപ്പോൾ. ഇതിന് കാരണം കഴിഞ്ഞവർഷം രാജ്യത്തെ പ്രസിഡന്റ് ലെനിൻ മൊരേനോ നാലായിരത്തോളം ആരോഗ്യമേഖല പ്രവർത്തകരെ രാജ്യമൊട്ടാകെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ കുഴപ്പങ്ങളാണ്. 117ഓളം ഡോക്ടർമാർക്കും അത്രത്തോളം തന്നെ നഴ്സുകൾക്കും കൊവിഡ് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായി കഴിഞ്ഞു. ചെറിയ വരുമാനത്തിൽ കഴിഞ്ഞുപോകുന്ന കുടുംബങ്ങൾ ക്വാറന്റൈൻ പാലിക്കാനാകാതെ രോഗം മൂർച്ഛിച്ച് മരിക്കുകയാണ് രാജ്യത്ത്.

തങ്ങളാൽ കഴിയും പോലെ ജനങ്ങളെ സഹായിക്കുന്നുണ്ടെന്ന് നഗരത്തിലെ മേയറുടെ ഓഫീസ് അറിയിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് സർക്കാർ സഹായം ഇതുകൊണ്ടൊന്നും മതിയാവില്ലെന്നും മതിയായ രീതിയിൽ ലഭിക്കുന്നില്ലെന്നതുമാണ് ഇക്വഡോറിൽ കാണുന്ന കാഴ്ച.