പഠനം ഓൺലൈനിൽ, സ്‌പെഷ്യൽ കുട്ടികൾ സ്‌പെഷ്യൽ ഹാപ്പി!
കൊച്ചി: ലോക്ക് ഡൗണിൽ സ്‌കൂൾ അടച്ചപ്പോൾ അവരുടെ മുഖത്ത് നിറഞ്ഞത് കടുത്ത നിരാശ. എന്നാൽ, ഓൺലൈനിലൂടെ പഠിക്കാൻ സൗകര്യം ഒരുങ്ങിയതോടെ സങ്കടം വഴിമാറി, സന്തോഷത്തിന്റെ പെരുമഴ പെയ്‌തു.
ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ സ്മൃതി സ്‌കൂളിന് മുന്നിൽ തുറക്കപ്പെട്ടത് വെല്ലുവിളികളുടെ വലിയൊരു വാതിലാണ്. പക്ഷേ, പകച്ചു നിൽപ്പോ പിന്മാറ്റമോ സ്മൃതി സ്‌കൂളിന്റെ നിഘണ്ടുവിലുള്ള വാക്കുകളല്ല. 'ഓൺലൈൻ" എന്ന നവീന ആശയത്തെ ആയുധമാക്കി മുന്നോട്ടുകുതിച്ചു; പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പ്രിയപ്പെട്ട വിദ്യാലയമായ, കലൂരിലെ സ്‌മൃതി സ്‌കൂൾ ഫോർ ചിൽഡ്രൻ വിത്ത് സ്‌പെഷ്യൽ നീഡ്സ്.
ഒട്ടേറെ ചോദ്യങ്ങളെയാണ് ലോക്ക് ഡൗണിൽ ആദ്യം സ്മൃതി സ്‌കൂൾ നേരിട്ടതെന്ന് പ്രിൻസിപ്പൽ പത്മിനി ഹരിഹരൻ പറഞ്ഞു. പ്രത്യേക പരിശീലനം ആവശ്യമുള്ളവരാണ് 'സ്‌പെഷ്യൽ" കുട്ടികൾ. ഭിന്നശേഷിക്കാരായ ഇവർക്ക് കലാപരമായി ഉൾപ്പെടെ ഒട്ടേറെ 'പ്രത്യേക" കഴിവുകളുണ്ട്. അവ വികസിപ്പിച്ചും ജീവിതത്തിൽ അവരെ മുന്നോട്ടുനയിക്കാനും പ്രത്യേക പരിശീലനം വേണം.
സ്‌കൂൾ ഇനിയെന്ന് തുറക്കും? വിദഗ്ദ്ധ അദ്ധ്യാപകരുടെ പരിശീലനം ലഭിക്കാതെ ഇവർ എങ്ങനെ മുന്നോട്ട് പോകും? തുടങ്ങി നിരവധി ചോദ്യങ്ങൾ.
തുടർന്നാണ്, ഓൺലൈനിൽ പഠിപ്പിക്കുക എന്ന ആശയം പ്രാവർത്തികമാക്കിയത്. അദ്ധ്യാപകർ മാതാപിതാക്കളെ വിളിച്ച്, സംസാരിച്ചു. തുടക്കത്തിൽ അവർ ഈ രീതിയോട് പൊരുത്തപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. കാരണം, സ്‌കൂൾ അന്തരീക്ഷമാണ് കുട്ടികൾക്ക് വേണ്ടത്. എന്നാൽ, നിലവിലെ പ്രത്യേക സാഹചര്യവും മാസ്ക്, സാനിട്ടൈസർ, സാമൂഹിക അകലം എന്നിവ സംബന്ധിച്ചും കുട്ടികളെ മനസിലാക്കാൻ സമയമേറെ എടുക്കുമെന്നതിനാൽ ഓൺലൈൻ പഠനവുമായി മുന്നോട്ട് പോകാനുറച്ചു.
അദ്ധ്യാപകർ കുട്ടികളെ ലെവൽ അനുസരിച്ച് തിരിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങൾ വിദഗ്ദ്ധമായി പകർന്നുനൽകി. കൂടുതൽ ശ്രദ്ധ ആവശ്യമായ കുട്ടികളെ രക്ഷിതാക്കളുടെ സഹായത്തോടെ പരിശീലിപ്പിക്കുന്നു. സ്പീച്ച് തെറാപ്പിയും ഫിസിയോ തെറാപ്പിയും കൗൺസലിംഗും ഓൺലൈനിലൂടെ തന്നെ മികവോടെ സാദ്ധ്യമാക്കുന്നു.
വീഡിയോ കോളുകളിൽ പങ്കെടുക്കാൻ താത്പര്യമില്ലാത്ത കുട്ടികളെ സ്‌കൂൾ തുറക്കുന്നതുവരെ വീടുകളിലും തുടർന്ന്, സ്‌കൂളിലും പരിശീലനം നൽകാനും അദ്ധ്യാപകർ സജ്ജമാണ്. ഓൺലൈൻ പഠനത്തോടെ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും പൊരുത്തപ്പെട്ടു കഴിഞ്ഞു. എല്ലാവരും ഇപ്പോൾ സന്തുഷ്‌ടരാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വീരേന്ദ്രകുമാറിന് വരകളിലൂടെ
ആദരവുമായി ആശ്വിൻ
എം.പി. വീരേന്ദ്രകുമാർ എം.പിക്ക്, അദ്ദേഹത്തിന്റെ ചിത്രം വരച്ച് ആദരാഞ്ജലിയർപ്പിച്ച് സ്മൃതി സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയായ അശ്വിൻ. ചിത്രരചനയിൽ വലിയ താത്പര്യം കാട്ടുന്ന അശ്വിൻ വിവിധ സ്ഥാപനങ്ങളുടെയും കൊച്ചി കോർപ്പറേഷന്റെയും പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണിൽ സ്മൃതി സ്കൂൾ ഒരുക്കിയ ഓൺലൈൻ പഠനവേളയിലാണ് അശ്വിൻ വീരേന്ദ്രകുമാറിന്റെ ചിത്രം വരച്ചത്.