1. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷി ആണ് മരിച്ചത്. കാട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുക ആയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അന്ത്യം. മേയ് 11ന് അബുദാബിയില്‍ നിന്നു നാട്ടിലെത്തിയ ജോഷിയെ 18ന് ആണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുക ആയിരുന്നു. പ്രമേഹ രോഗി ആയിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി.
2. രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു എന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കടുത്ത പ്രമേഹവും മറ്റ് രോഗങ്ങളും തടസമായി. സമൂഹ വ്യാപനം സംസ്ഥാനത്തില്ല. ആദ്യഘട്ടത്തില്‍ 30%, ഇപ്പോള്‍ 15% മാത്രവുമാണ് സമ്പര്‍ക്കരോഗം. മെയ് 7ന് ശേഷം രോഗികളുടെ എണ്ണത്തില്‍ ഉണ്ടായത് വലിയ വര്‍ധനവ് ആണ്. ഇപ്പോള്‍ സംസ്ഥാനത്ത് എത്തുന്നവര്‍ എല്ലാം റെഡ് സോണില്‍ നിന്ന് ഉള്ളവരാണ്. പലരും എത്തുന്നത് കനത്ത അവശ നിലയില്‍ ആണ് എന്നും എല്ലാവരുടെയും ജീവന്‍ രക്ഷിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കാവിഡ് രോഗികള്‍ക്ക് ചികിത്സ സൗജന്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
3. പ്രമേഹവും അമിതവണ്ണവും കാരണമാണ് ജോഷിയുടെ ചികിത്സ ഫലപ്രദം ആകാതിരുന്നത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കടുത്ത പ്രമേഹമുണ്ട് എന്ന് ബന്ധുക്കള്‍ക്കോ രോഗിക്ക് തന്നെയോ അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ജോഷിയുടെ ആരോഗ്യനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ വെന്റിലേറ്ററിലേക്ക് മാറ്റുക ആയിരുന്നു. മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാകും സംസ്‌കരിക്കുക.
4.മദ്യവിതരണത്തിന് ഉള്ള ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനമായ ബെവ്ക്യൂ ആപ്പില്‍ ഇന്നും സങ്കേതിക പ്രശ്നങ്ങള്‍. രജിസ്‌ട്രേഷനുള്ള ഒ.ടി.പി കിട്ടാത്തത് ആയിരുന്നു ഇന്നലെ വരെയുള്ള പ്രശ്നം. രാത്രിയോടെ മൂന്ന് പുതിയ ഒ.ടി.പി സേവന ദാതാക്കളെ കണ്ടെത്തി പ്രശ്നം പരിഹരിച്ചതായി കമ്പനി അറിയിച്ച് എങ്കിലും ഇന്ന് രാവിലെ ആപ്പില്‍ വീണ്ടും സാങ്കേതിക പ്രശ്നം ഉണ്ടാക്കുക ആയിരുന്നു. രാവിലെ മദ്യം ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും ഒ.ടി.പി കിട്ടുകയോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനോ പറ്റിയില്ല. ഒന്‍പത് മണിക്ക് ശേഷം ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് പുലര്‍ച്ചെ 3.35 മുതല്‍ 9 വരെയുള്ള സമയത്തേ ബുക്കിംഗ് നടത്താനാവൂ എന്ന സന്ദേശമാണ് ലഭിച്ചത്. അതേസമയം ഇന്നത്തേക്ക് മദ്യം വാങ്ങാനായി 15 ലക്ഷത്തോളം പേര്‍ ബുക്കിംഗ് നടത്തി എന്നാണ് ഫെയര്‍ കോഡ് കമ്പനി അറിയിച്ചത്. നേരത്തെ ഒരു സ്വകാര്യ കമ്പനി ആയിരുന്നു സേവന ദാതാവെങ്കില്‍ രണ്ട് കമ്പനികളെ കൂടി അധികമായി ഒ.ടി.പി നല്‍കുന്നതിന് തെരഞ്ഞെടുത്തു. ഇന്ന് ടോക്കണ്‍ ലഭിച്ചവരില്‍ ചിലര്‍ക്ക് സ്റ്റോക്കില്ലെന്ന കാരണത്താല്‍ മദ്യം കിട്ടിയില്ല. ഇത്തരം ആളുകള്‍ക്ക് ഇനി നാല് ദിവസം കാത്തിരിക്കുക അല്ലാതെ മാര്‍ഗമുണ്ടാകില്ല. നേരത്തെ തലേ ദിവസം ബുക്ക് ചെയ്താല്‍ അടുത്ത ദിവസം മദ്യം കിട്ടും എന്നായിരുന്നു അറിയിപ്പെങ്കില്‍ ആദ്യ ദിവസങ്ങളില്‍ പെട്ടെന്നുള്ള അറിയിപ്പിലൂടെ നിശ്ചിത ആളുകള്‍ക്ക് ടോക്കണ്‍ നല്‍കുന്ന രീതിയാകും തുടരുക.
5. അന്തരിച്ച രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയ എം.പി വീരേന്ദ്ര കുമാറിന് നാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട് ചലപ്പുറത്തെ വസതിയിലുള്ള ഭൗതിക ദേഹം അല്‍പ സമയത്തിനകം ജന്മ ദേശമായ വയനാട്ടിലേക്ക് കൊണ്ടു പോകും. വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റ പുളിയാര്‍മലയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ധാരയുടെ അവസാന തലയെടുപ്പ് ആയിരുന്നു അന്തരിച്ച വീരേന്ദ്ര കുമാര്‍ എം.പി. എം.പി വീരേന്ദ്ര കുമാറിന്റെ വിയോഗത്തില്‍ കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി അനുശോചനം രേഖപ്പെടുത്തി.