ശ്രീനഗർ:- നാല്പത് കിലോയോളം സ്ഫോടകവസ്തുക്കൾ നിറച്ച നിലയിൽ പുൽവാമയിലെ രാജ്പൊര ഗ്രാമത്തിൽ നിന്ന് ജമ്മു കശ്മീർ പൊലീസ് കണ്ടെത്തിയ കാർ ഉടമ ഹിസ്ബുൾ ഭീകരനാണെന്ന് കണ്ടെത്തി. തെക്കൻ കാശ്‌മീരിൽ സജീവമായി ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാളാണ് ഇയാൾ. 2019ൽ 40ഓളം സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ തരം ഭീകരാക്രമണത്തിന് ഉദ്ദേശിച്ചാണ് വെളുത്ത സാൻട്രോ കാർ ഇവർ തയ്യാറാക്കിയിരുന്നത്.
പുൽവാമാ ആക്രമത്തെ തുടർന്ന് ഇന്ത്യ പാക് ബന്ധത്തിലെ വിള്ളൽ വലുതാകുകയും യുദ്ധത്തിന്റെ വക്കോളം കാര്യങ്ങൾ എത്തുകയും ചെയ്തിരുന്നതാണ്. സുരക്ഷാ സേനക്ക് പുൽവാമാ മാതൃകയിലെ ആക്രമത്തെ കുറിച്ച് സൂചന ഇന്റലിജൻസിൽ നിന്ന് ലഭിച്ചിരുന്നെന്ന് കാശ്‌മീർ സോൺ ഐജി വിജയ് കുമാർ അറിയിച്ചു.
'സി.ആർ.പി.എഫ്, കാശ്മീർ പൊലീസ്, സൈന്യം എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ആക്രമങ്ങളെ പ്രതിരോധിക്കാൻ ബാരിക്കേഡുകൾ തീർത്തു. ആ സമയത്താണ് സ്ഫോടക വസ്തുക്കൾ നിറച്ച കാർ അതുവഴിയെത്തിയത്. ബാരിക്കേഡിൽ നിർത്താതെ പോയ വാഹനത്തെ പിൻതുടർന്നപ്പോൾ ഒരിടത്ത് ഉപേക്ഷിച്ച് ഡ്രൈവർ കടന്നുകളഞ്ഞു.' അദ്ദേഹം പറഞ്ഞു. കാറിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കളുടെ ഉറവിടം അന്വേഷിക്കുമെന്ന് ജമ്മു കാശ്മീർ പോലീസ് അറിയിച്ചു.