ചണ്ഡിഗഡ്: രോഗം ഏതുമാകട്ടെ ഡിസ്ചാർജ് വാങ്ങി മടങ്ങുമ്പോൾ ബില്ലിനൊപ്പം തങ്ങൾ ഉപയോഗിക്കാത്ത പിപിഇ കിറ്രിനുകൂടി പണം നൽകേണ്ട അവസ്ഥയാണ് ചണ്ഡിഗഡിലെ സ്വകാര്യ ആശുപത്രിയിൽ പോകുന്ന രോഗികൾ. ആരോഗ്യ വകുപ്പ് അധികൃതർ ഏർപ്പെടുത്തിയ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളുടെ ചിലവ് തുല്യമാക്കാനാണ് രോഗമില്ലാത്തവരോട് പോലും കൊവിഡ് സുരക്ഷാ പിപിഇ കിറ്റിന്റെ പണമടക്കാൻ ആവശ്യപ്പെടുന്നതെന്നാണ് സ്വകാര്യ ആശുപത്രി അധികൃതർ ഈ കൊള്ളക്ക് നിരത്തുന്ന ന്യായം. 1800 മുതൽ 5000 രൂപ വരെ പിപിഇ കിറ്റുകൾക്കും 50 രൂപ സാനിറ്റൈസറിനും ആശുപത്രികൾ വില ഈടാക്കുന്നു.
പ്രസവത്തിനായി ഇവിടെ അൽകെമിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ 18000 രൂപയാണ് ബിൽ നൽകിയത്. പിറന്ന് വീണ കുട്ടിയുടെ പേരിലും ആശുപത്രി അധികൃതർ പിപിഇ കിറ്റ് എഴുതിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സുരക്ഷക്ക് ആശുപത്രി വഹിക്കേണ്ട പണം പിപിഇ കിറ്റിലൂടെ പൊതുജനത്തിൽ നിന്നും തിരിച്ച് പിടിക്കുകയാണ് ഇവർ.
എന്നാൽ ഹരിയാന ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡം പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ഒരു ആശുപത്രി പ്രതിനിധി പറഞ്ഞു. ശുചീകരണ ചിലവ് വർദ്ധിച്ചതിനാൽ ആശുപത്രികൾക്ക് 10 ശതമാനം ബിൽ തുക വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐഎംഎ) അറിയിച്ചു.
സ്വകാര്യ ആശുപത്രികളുടെ നടപടിയെ തുടർന്ന് ഉത്തരവ് ഇറക്കിയതായി പഞ്ചകുല സിവിൽ സർജൻ ഡോ. ജസ്ജീത് കൗർ അറിയിച്ചു. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പിപിഇ കിറ്റുകൾ ഉപയോഗിക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെടുന്നു. എന്നാൽ അവയുടെ ബിൽതുക വ്യക്തികളിൽ നിന്ന് വാങ്ങാൻ പാടില്ല. അത്തരം പരാതി ലഭിച്ചാൽ നടപടിയെടുക്കും. ഉത്തരവിൽ പറയുന്നു.