russia

മോസ്കോ: റഷ്യയിൽ കൊവിഡ് മരണം വർദ്ധിക്കുന്നു. രാജ്യത്ത് രോഗവ്യാപനം ശക്തമായിരുന്നെങ്കിലും മരണനിരക്ക് കുറവായിരുന്നതിനാൽ ആശ്വാസത്തിലായിരുന്നു സർക്കാർ. കഴിഞ്ഞ ദിവസം വരെ പ്രതിദിന മരണം 170നകത്ത് നിന്നിരുന്നു. എന്നാൽ, ഇന്നലെ ഇത് ഒറ്റയടിയ്ക്ക് 232 ആയി. രാജ്യത്ത് കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കാണിത്. ദിനവും 8000ത്തിലധികം പേർക്കാണ് റഷ്യയിൽ രോഗം ബാധിക്കുന്നത്. രോഗികളുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കാറായി. മരണം - 4,374.

ബ്രസീലിൽ പ്രതിദിനം 1000ത്തിലധികം പേരാണ് മരിക്കുന്നത്. ആകെ മരണത്തിൽ ലോകത്ത് ആറാമതാണ് ബ്രസീൽ. നാല് ലക്ഷത്തിലധികം പേർ ചികിത്സയിലാണ്. ആകെ മരണം 26,764. ആശ്വസിക്കാനായിട്ടില്ലെങ്കിലും അമേരിക്കയിൽ രോഗവ്യാപനത്തിനും മരണത്തിനും നേരിയ കുറവ് കൈവന്നിട്ടുണ്ട്. പ്രതിദിന മരണം 1000ത്തിന് താഴെയാണ്. എന്നാൽ, സമ്പദ്‌വ്യവസ്ഥ പെട്ടെന്ന് തുറക്കുന്നത് രാജ്യത്തിന് വിനയായേക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

രോഗികൾ 17 ലക്ഷത്തിലധികം. മരണം 1.3 ലക്ഷം.

 ലോകത്താകെ മരണം - 3.62 ലക്ഷം

 രോഗികൾ - 59 ലക്ഷം

 ഭേദമായവർ - 25 ലക്ഷം

 കൊവിഡ് വ്യാപനം രൂക്ഷമാകാത്ത യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ബൾഗേറിയയിൽ എത്തുന്നവർ ജൂൺ ഒന്ന് മുതൽ 14 ദിവസം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടെന്ന് ബൾഗേറിയൻ സർക്കാർ.

 നിയന്ത്രണങ്ങളിൽ ഇളവ് നൽകാനൊരുങ്ങി തായ്‌ലാൻഡ്.

 ചൈനയിൽ ജൂൺ 30 വരെ അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്ക് വിലക്ക്. രാജ്യത്ത് ഇന്ന് പുതിയ കേസുകളില്ല.

 കൊളംബിയയിൽ ജൂലായ് വരെ ദേശീയ ക്വാറന്റൈൻ നടപ്പിലാക്കും.

 അൽജീരിയയിൽ ജൂൺ 13 വരെ ഭാഗിക ലോക്ക്‌ഡൗൺ.

 ദക്ഷിണ കൊറിയയിൽ 58 പുതിയ കേസുകൾ.