മൂന്നാം ദിനവും പ്രതിഷേധം ശക്തം, വ്യാപക അക്രമം
'എനിക്ക് ശ്വാസം മുട്ടുന്നു'- തെരുവുകളിൽ അലയടിച്ച് ജോർജ്ജിന്റെ അവസാന വാക്കുകൾ
മിനിയാപോളിസ് പൊലീസ് സ്റ്റേഷന് തീയിട്ടു
പ്രതിഷേധത്തിനിടെ ഒരു മരണമെന്നും റിപ്പോർട്ട്
വാഷിംഗ്ടൺ: അമേരിക്കയിൽ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിന് നീതി തേടി അമേരിക്കയിലെമ്പാടും പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന മിനിയപൊളിസ് കലാപമുഖരിതമായി മാറി.
പ്രതിഷേധക്കാർ ഒന്നടങ്കം തെരുവിലിറങ്ങി. മിനിയാപോളിസ് പൊലീസ് സ്റ്റേഷന് തീയിട്ടു. നിരവധി പേരാണ് ജോർജിന് നീതി തേടി രംഗത്തെത്തിയത്. പലരും അക്രമാസക്തരായി. ഒരാൾ വെടിയേറ്റു മരിച്ചെന്നും റിപ്പോർട്ടുണ്ട്. വീൽചെയറിൽ സഞ്ചരിച്ചിരുന്ന വയോധിക ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു.
അതിനിടെ, ജോർജിനെ കഴുത്തിൽ കാൽമുട്ട് അമർത്തിപ്പിടിച്ചു കൊലപ്പെടുത്തിയ പൊലീസുകാരന്റെ പേര് എഫ്.ബി.ഐ. പുറത്തുവിട്ടു. ഡെറിക് ചൗൽ എന്ന പൊലീസുകാരനാണ് ജോർജിനെ കൊന്നത്. ഇയാളുടെ വീടിന് മുന്നിലേയ്ക്ക് പ്രതിഷേധക്കാർ പ്രവഹിച്ചു. പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ജോർജ് ഫ്ലോയിഡ് (46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
മുന്നിൽ കണ്ടതെല്ലാം കത്തിച്ചും തല്ലിത്തകർത്തും അവർ തങ്ങളുടെ ആത്മരോഷം തീർക്കുകയാണ്. പ്രദേശത്ത് നിരവധി കടകളും കെട്ടിടങ്ങളും അഗ്നിക്കിരയായി. മിനിയാപൊളിസ് പൊലീസ് സ്റ്റേഷനും പ്രതിഷേധക്കാർ തീയിട്ടു. എല്ലാ തരത്തിലും തെറ്റായ സംഭവമാണ് നടന്നതെന്നും എന്നാൽ അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ലെന്നും മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ പറഞ്ഞു. സംഭവത്തിൽ നാല് പൊലീസുകാരെ പിരിച്ചുവിട്ടിരുന്നു.
അമേരിക്കയിലെ മറ്റു ഭാഗങ്ങളിലും പ്രതിഷേധം ശക്തമാണ്. മിന്നെസോട്ട, ലൂയിസ്‍വില്ലെ, കെന്റക്കി എന്നിവിടങ്ങളിലും കലാപം പടരുകയാണ്. മിന്നെസോട്ടയിലെ സെന്റ് പോളിൽ 170ലേറെ വ്യാപാരസ്ഥാപനങ്ങളാണ് കത്തിനശിച്ചത്. ലൂയിസ്‍വില്ലെയിൽ നിരവധി കെട്ടിടങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു.
അവസാനിപ്പിക്കണം വർണവെറി
‘എനിക്ക് ശ്വാസം മുട്ടുന്നു’ വെളുത്ത വർഗക്കാരനായ പൊലീസുകാരന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ജോർജിന്റെ അവസാന വാക്കുകൾ മിനിയോപോളിസ് തെരുവുകളിൽ മുഴങ്ങുന്നു. അമേരിക്കയിൽ പതിറ്റാണ്ടുകളായി തുടരുന്ന കറുത്തവർഗക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് താക്കീത് നൽകുന്ന രീതിയിലാണ് പ്രതിഷേധം.വേദനയെടുക്കുന്നുവെന്നും ശ്വാസം മുട്ടുന്നുന്നെന്നും വെള്ളം വേണമെന്നും കരഞ്ഞപേക്ഷിച്ചിട്ടും അഞ്ചുമിനിട്ടോളം പൊലീസ് ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിനിന്നു. കൊലപ്പെടുത്തുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കറുത്ത വർഗക്കാർക്ക് നേരെയുള്ള വെളുത്ത വർഗക്കാരുടെ അതിക്രമത്തിന്റെ അവസാന ഇരയാവണം ജോർജെന്നും അവന് നീതി വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സൈന്യത്തെ ഇറക്കും: ട്രംപ്
ജോർജ് ഫ്ലോയ്‍ഡിന്റെ ഓർമകളെ അനാദരിക്കുന്ന തരത്തിലുള്ള പ്രതിഷേധമാണ് മിനിയാപൊളിസിൽ നടക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തീവയ്പ്പും കൊള്ളയും നടത്തുന്നവർ അക്രമികളാണ്. പ്രതിഷേധക്കാരല്ല. ഈ അക്രമികൾ ജോർജിനോട് അനാദരവാണ് കാണിക്കുന്നത്. ഇത് തുടരാൻ അനുവദിക്കില്ല. അക്രമവും കൊള്ളയും തുടർന്നാൽ ദേശീയ സൈന്യത്തെ ഇറക്കും - ട്രംപ് ട്വിറ്ററിൽ കുറിച്ചു. അക്രമം അവസാനിപ്പിക്കാൻ സാധിക്കാത്തത് മിനിയപൊളിസ് മേയറായ ജേക്കബ് ഫ്രേയുടെ കഴിവുകേട് മൂലമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, അക്രമത്തെ മഹത്വവത്കരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഈ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു.